മാനുഷികതയെക്കുറിച്ചുള്ള ആലോചനകളുടെ ഭം​ഗി

Book Review

മാനുഷികതയെക്കുറിച്ചുള്ള ആലോചനകളുടെ ഭം​ഗി


കുറച്ചുവര്‍ഷം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എ കെ റിയാസ് മുഹമ്മദ് ഒരു കന്നട കഥ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു: 'ചുവന്ന തത്ത' എന്ന പേരില്‍. സമകാലിക കന്നട സാഹിത്യത്തില്‍ ഏറെ പ്രശസ്തനായ വസുധേന്ദ്ര രചിച്ചതായിരുന്നു ആ കഥ. പാരിസ്ഥിതികമായ ഉത്ക്കണ്ഠകളെ ആവിഷ്‌ക്കരിച്ച 'ചുവന്ന തത്ത'യില്‍ മിത്തും യാഥാര്‍ത്ഥ്യവും സര്‍ഗാത്മകമായി സമന്വയിച്ചിരുന്നു. 'വെയില്‍ പോലെ ഈ ചുവന്ന പൊടിപടലം നാട്ടില്‍ പരന്നു കിടക്കുന്നു. വെള്ളത്തില്‍ മുങ്ങി കഴുകി വൃത്തിയാക്കാമെന്നു വച്ചാല്‍ ഇപ്പോള്‍ ജലാശയവുമില്ല' എന്ന് കഥയുടെ അവസാനത്തില്‍ പറയുന്നുണ്ട്. ഭൂമിയെയല്ല, ഒരു സംസ്‌കൃതിയെത്തന്നെ ഖനനം ചെയ്ത് അവസാനിപ്പിക്കുന്നതിന്റെ വേദനാകരമായ ചിത്രമാണ് വസുധേന്ദ്ര അവതരിപ്പിച്ചത്. ഭാവനയും യാഥാര്‍ത്ഥ്യവും എങ്ങനെ ഇഴ ചേര്‍ക്കാമെന്നതിന്, എങ്ങനെ ഉച്ചഭാഷിണിയുടെ ഒച്ചയിലല്ലാതെ ഒരു മികച്ച രാഷ്ട്രീയ കഥ പറയാമെന്നതിന് ശ്രേഷ്ഠമായൊരു ഉദാഹരണം അതു നല്‍കി. കന്നടയില്‍ വിപുലമായി ചര്‍ച്ച ചെയ്യപ്പെട്ട വസുധേന്ദ്രയുടെ ബൃഹദ് നോവല്‍ 'തേജോ തുംഗഭദ്ര' ഇപ്പോള്‍ മലയാളത്തിലേക്കു വന്നിരിക്കുകയാണ്.

വിവര്‍ത്തനത്തിന്റെ കാര്യത്തില്‍ മലയാളം എപ്പോഴും നല്ലൊരു ആതിഥേയയായിരുന്നു. ലോകത്തിലെവിടെയുമുണ്ടാകുന്ന ഏറ്റവും പുതിയ രചനകളെപ്പോലും ഉള്‍ക്കൊള്ളാനാവുന്ന മഹാമനസ്‌കത എക്കാലവും നാം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. മറ്റ് ഭാഷകളിലെ മിക്കവാറും വലിയ രചനകള്‍ക്കെല്ലാം മലയാളത്തില്‍ ചിലപ്പോള്‍ ഒന്നിലധികം വിവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നു. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ പലപ്പോഴും വിട്ടുവീഴ്ച സംഭവിക്കുന്നു എന്നുള്ളത് സത്യമാണ്. എന്നിരുന്നാലും, ഈ വിവര്‍ത്തനശ്രമങ്ങളെ പൊതുവില്‍ സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇന്ത്യയ്ക്കുള്ളിലായാലും അന്യഭാഷകളില്‍നിന്നുള്ള രചനകളെ പരിഭാഷപ്പെടുത്തുന്നതില്‍ നാം കാണിക്കുന്ന ഉത്സാഹം അതേപോലെ തിരിച്ചു കിട്ടുന്നുണ്ടോ എന്നു സംശയമാണ്. മലയാളത്തില്‍നിന്നും മറ്റുമൊഴികളിലേക്കു (ഇംഗ്ലീഷിലേക്കല്ല) പോകുന്ന കൃതികള്‍ വളരെ കുറവാണല്ലോ.

അതെന്തായാലും നമ്മുടെ ആസ്വാദനനിലവാരത്തെ ഈ പരിഭാഷകള്‍ വലിയ തോതില്‍ സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളിഭാഷയിലെ സാഹിത്യരചനകളെക്കുറിച്ച് നമുക്കറിയുന്ന അത്രയും കാര്യങ്ങള്‍ പോലും വിദ്യാസമ്പന്നരായ ബംഗാളികള്‍ക്കു തന്നെ അറിയുന്നില്ലെന്നുള്ളതാണ് എന്റെ അനുഭവം. കന്നട ഭാഷയിലെയും വിഖ്യാതരചനകള്‍ക്ക് മലയാളത്തില്‍ വിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് ഇന്ത്യന്‍ഭാഷകളില്‍നിന്നുള്ള അത്തരം വിവര്‍ത്തനശ്രമങ്ങള്‍ക്ക് കുറച്ചൊരു ക്ഷീണം ബാധിച്ചിട്ടുള്ളതായി തോന്നുന്നു. കന്നടത്തില്‍ നിന്നോ തമിഴില്‍ നിന്നോ ബംഗാളി, മറാത്തി, ഒഡിയ ഭാഷകളില്‍ നിന്നോ ഒക്കെയുള്ള യുവനിരയെക്കുറിച്ചുള്ള അറിവ് നമുക്ക് പരിമിതമാണെന്നു വേണം കരുതാന്‍.


Related Articles