ലോകസാഹിത്യത്തെയും സംസ്‌കാരത്തെയും മലയാളികളെ പരിചയപ്പെടുത്താന്‍ എസ്. ജോസഫിന് പ്രത്യേക വൈഭവമുണ്ട്. പ്രഭാഷണങ്ങളിലൂടെയും മറ്റും അത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇപ്പോഴിതാജിപ്‌സികളെക്കുറിച്ചുള്ള ഒരു പുസ്തകം 'ജിപ്‌സികള്‍: ചരിത്രപരമായ ഒരു അന്വേഷണം' ഡിസി ബുക്‌സിലൂടെ പുറത്തുവന്നിരിക്കുന്നു. ഏകദേശം പതിനൊന്ന് ഭാഗങ്ങളിലും അനുബന്ധക്കുറിപ്പുകളിലുമായി ജിപ്‌സികളുടെ ജീവിതവും സംസ്‌കാരവും വിശദമായി വിവരിക്കുന്നു ഈ പുസ്തകത്തില്‍.
'ജിപ്‌സി' എന്നത് കാലഹരണപ്പെട്ട ഒരു വാക്കാണ് എന്നു പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. റോം/ റൊമാനി എന്ന് വിളിക്കപ്പെടാനാണ് ആ ജനത ആഗ്രഹിക്കുന്നതെങ്കിലും പരിചിതപദം എന്ന നിലയില്‍ 'ജിപ്‌സി' എന്നുതന്നെ പുസ്തകത്തില്‍ ഉപയോഗിക്കുന്നുവെന്ന് തുടക്കത്തില്‍ രചയിതാവ് വെളിപ്പെടുത്തുന്നുണ്ട്. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന, എന്നാല്‍ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ജനസമൂഹമാണ് ജിപ്‌സികള്‍. പല രാജ്യങ്ങളിലായി കാണപ്പെടുന്ന ഇവരുടെ വേരുകള്‍ ഇന്ത്യയിലാണെന്നത് കൗതുകകരമായ വസ്തുതയാണ്.
ആദ്യകാലങ്ങളില്‍ ആദരവ് ലഭിച്ചിരുന്ന ജിപ്‌സികളുടെ ജീവിതം പിന്നീട് നരകതുല്യമാവുകയും ജിപ്‌സി എന്ന് വിളിക്കപ്പെടാന്‍ തന്നെ അവര്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നു. 'മനുഷ്യന്‍' എന്നര്‍ത്ഥമുള്ള 'റൊമാനിയ' എന്ന് വിളിക്കപ്പെടാന്‍ ആണ് ആ ജനതയ്ക്ക് താല്പര്യം. ജിപ്‌സികളെ കുറിച്ച് ബൈബിളിലും മറ്റ് ഐതിഹ്യങ്ങളിലും ഉള്ള കഥകളും സോള്‍ട്ടാന്‍ ബറാണിയുടെയും ജീന്‍പോള്‍ ക്ലബര്‍ട്ടിന്റെയും മറ്റും രേഖപ്പെടുത്തലുകളും കൂടുതല്‍ ചരിത്രപരാമര്‍ശങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഹംഗറി, റഷ്യ, ബള്‍ഗേറിയ, ചെക്കോസ്ലോവാക്കിയ, റൊമാനിയ, സ്‌പെയിന്‍, ജര്‍മ്മനി, ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ജിപ്‌സികളിലെ വ്യത്യസ്ത വിഭാഗങ്ങളെയും അവരുടെ സഞ്ചാരപഥങ്ങള്‍, ജീവിതരീതി, പ്രത്യേകതകള്‍ എന്നിവയെക്കുറിച്ചും സമഗ്രമായ വിവരണങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
