ഓരോന്നായി മറവിയുടെ കടലെടുത്തു കൊണ്ടിരിക്കുന്ന നേരത്ത് ദേശചരിത്രത്തിൻ്റെ ഏടിൽ നിന്ന് ഒരു പുറം പകർത്തുകയാണ് പി സുരേഷ് "മറതി" എന്ന നോവലിലൂടെ. ചരിത്രത്തിലെവിടെയും രേഖപ്പെടുത്തിവെക്കാനിടയില്ലാത്ത ഒട്ടനവധി മനുഷ്യരെ ഒരാഖ്യായികയിലൂടെ ചരിത്രത്തിലേക്ക് പ്രവേശിപ്പിക്കുന്ന ഉത്തരവാദിത്വമുള്ള ഒരു ജോലിയാണ് എഴുത്തുകാരൻ ഇതിൽ നിർവ്വഹിക്കുന്നത്. മലബാറിലെ ഉള്ളിച്ചേരി എന്ന ഗ്രാമത്തെ മുൻനിർത്തി കോഴിക്കോടിൻ്റെ പ്രാന്ത പ്രദേശങ്ങളിൽ ദേശസ്വാതന്ത്ര്യത്തിനു വേണ്ടി തങ്ങളാലാവും വിധം പോരാടിയ മനുഷ്യരെയാണ് നോവലിൽ നാം പ്രധാനമായും പരിചയപ്പെടുക. തെയ്യോൻ എന്ന അധസ്ഥിതനായ കൗമാരക്കാരൻ്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് സഞ്ചരിക്കുന്നത്. പോരാട്ടങ്ങളുടെ പ്രാദേശികാനുഭവങ്ങൾക്ക് എത്രമാത്രം കരുത്തും സൗന്ദര്യവുമുണ്ടെന്ന് ചരിത്ര പുസ്തകങ്ങളിലെവിടേയും ആവിഷ്കരിച്ചതായി അറിവില്ല. മറവിയുടെ കാണാദേശങ്ങളിലേക്ക് പലായനം ചെയ്യപ്പെട്ട മനുഷ്യരെ വീണ്ടെടുക്കുകയും കാലങ്ങൾക്കപ്പുറത്തെ ദേശജീവിതത്തെ അതിൻ്റെ ഇരുണ്ട സ്ഥലികളിൽ നിന്ന് പുതിയ കാലത്തേക്ക് പ്രത്യാനയിക്കുകയും ചെയ്യുന്ന കൃതിയാണിത്. ഭാരതത്തിലെ ഏത് ദേശത്തിനും ഇമ്മാതിരി കഥകൾ പറയാനുണ്ടാകും. ചരിത്രത്തിന് പുറത്തായിപ്പോയ സംഭവങ്ങളെ സൗന്ദര്യാത്മകമായി വീണ്ടെടുക്കേണ്ടതിൻ്റെ അനിവാര്യതയാണ് മറതി നമ്മെ ഓർമ്മിപ്പിക്കുന്നത്.
മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ നേതൃപരമായ പങ്ക് വഹിച്ച കെ. കേളപ്പൻ, ടി.പി കുഞ്ഞിരാമൻ കിടാവ്, കെ.പി.ആർ ഗോപാലൻ എന്നിവരെ എല്ലാവർക്കുമറിയാം. മുഖ്യധാരാ സമരമണ്ഡലത്തിന് പുറത്ത് ബ്രിട്ടീഷ് ഭരണത്തെ വിറപ്പിച്ച പ്രാദേശിക പോരാട്ടങ്ങളുണ്ട്. അംശക്കച്ചേരികൾ, രജിസ്ട്രാഫീസുകൾ തുടങ്ങിയവ തീ വെക്കുകയും ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ തകർക്കുകയും ചെയ്യുന്ന സമരഭടൻമാരെക്കുറിച്ച് ആരറിയാൻ. ഉള്ളിച്ചേരിയിലും പാലോറ മലയിലും രാമൻപുഴയുടെ തീരത്തും മാതാംതോടിൻ്റെ കരകളിലും കണയങ്കോട്ടും കൊയിലാണ്ടിയിലെ പ്രാന്തങ്ങളിലും നടന്ന ഗൂഢപ്രവർത്തനങ്ങളുടെ നേതാക്കൾ ആ പ്രദേശത്തെ പച്ചമനുഷ്യർ തന്നെ. ജാതി മത ഭേദങ്ങളില്ലാതെ ജീവിച്ച അവർക്ക് മുന്നിൽ ജന്മിമാരും ബ്രിട്ടീഷ് ഭരണാധികാരികളും വില്ലൻമാരായി. അവരുടെ ജീവിക്കാനുള്ള തത്രപ്പാടുകൾ ചാരുതയോടെ വരച്ചിടുന്ന പുസ്തകം കൂടിയാണിത്.
സ്വാതന്ത്ര്യപൂർവ്വകാലത്ത് മലബാറിലെ ഒരു ഗ്രാമം ജീവിച്ചതെങ്ങനെ എന്ന അന്വേഷണത്തിൻ്റെ ഫലം കൂടിയാണ് ഈ കൃതി. ദേശവാഴികളുടെ അടിച്ചമർത്തലുകൾക്ക് വിധേയരായ അധസ്ഥിതരായ മനുഷ്യർ, അന്നന്നത്തെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പലമാതിരി വേലകളിലേർപ്പെടുന്ന മനുഷ്യർ. അന്യമായിപ്പോയ പല തൊഴിൽജീവിതങ്ങൾ. കഷ്ടപ്പാടുകളുടേയും ദാരിദ്ര്യത്തിൻ്റേയും പട്ടിണിയുടേയും ദിനങ്ങൾ. ആത്മഹൂതികളുടേയും കൊലപാതകങ്ങളുടേയും അറിയാക്കഥകൾ. ആധുനിക ജീവിതം സ്വപ്നം പോലുമല്ലാത്ത ഒരു കാലത്തെയാണ് മിഴിവാർന്ന മട്ടിൽ നോവലിസ്റ്റ് അക്ഷരങ്ങളിലാക്കുന്നത്. ഓർമ്മയുടെ ഏതോ തീരത്തടുത്ത ഒരു കടത്തു തോണിയാണത്. പുതിയ കാലത്തിൻ്റെ കാറ്റിലും കോളിലും പെടാതെ അതിനെ കരയ്ക്കടുപ്പിക്കുന്നു. അറിയപ്പെടാതെ പോകുമായിരുന്ന കുറേ മനുഷ്യ ജൻമങ്ങളെ ഒരു തലമുറയ്ക്കായി പരിചയപ്പെടുത്തുന്നു.
