തപോമയിയുടെ അച്ഛൻ; അഥവാ കുട്ടികൾ ദൈവത്തിൻ്റെയാണ്

Book Review

തപോമയിയുടെ അച്ഛൻ; അഥവാ കുട്ടികൾ ദൈവത്തിൻ്റെയാണ്


ഇ സന്തോഷ്കുമാറിൻ്റെ "തപോമയിയുടെ അച്ഛൻ" എന്ന നോവലിൻ്റെ വായന ഉള്ളുലക്കുന്ന അനുഭവമായി മാറി. അടുത്തകാലത്ത് എഴുതപ്പെട്ട ഏറ്റവും മികച്ച പാൻ ഇന്ത്യൻ നോവലാണിത്. മനഷ്യമനസ്സുകളിൽ സഞ്ചരിച്ച് കൃത്യമായ മതേതര ജനാധിപത്യ രാഷ്ട്രീയം ഇത് മുന്നോട്ടു വെക്കുന്നു.

അനുഭവമാണല്ലോ എഴുത്തിൻ്റെ പിൻബലം. വ്യക്തിക്കു മാത്രമല്ല ഓരോ സമൂഹത്തിനും ദേശത്തിനും അതിൻ്റേതായ അനുഭവം ഉണ്ടായിരിക്കും. ഇന്ത്യയുടെ അനുഭവം 1947 കാലത്തെ വിഭജനവും അതോടനുബന്ധിച്ച ലഹളകളും അഭയാർത്ഥിപ്രവാഹവുമാണ്. ഏറെ വർഷങ്ങൾക്കു ശേഷവും ആ അനുഭവത്തെ മറികടക്കാൻ നമുക്കായിട്ടില്ല. ഇന്നും അതുണ്ടാക്കിയ മുറിവുകൾ രാജ്യത്തിൻ്റെ രാഷ്ട്രീയഭാഗധേയം നിർണ്ണയിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യൻസാഹിത്യം പലമട്ടിൽ അത് ആഖ്യാനം ചെയ്തിട്ടുണ്ട്. യശ്പാലിനേയും ഭീഷ്മാസാഹിനിയേയും നമ്മൾ ഒരു കാലത്ത് ആവേശത്തോടെ വായിച്ച ബംഗാളി വിവർത്തന നോവലുകളേയും ഓർക്കാം. ഒരു ചെറുകഥ വിഭജനത്തിൻ്റെ ജീവിതം മലയാളത്തിൽ അതിശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. സിവി ശ്രീരാമൻ്റെ "വാസ്തുഹാര." പൊതുവെ മലയാളസാഹിത്യത്തിലേക്ക് വിഭജനം എന്ന അനുഭവം അത്രകണ്ട് കടന്നുവന്നിട്ടില്ല. കാരണം നമ്മളന്ന് ഏറെ ദൂരെയായിരുന്നുവല്ലോ. ഭൂപരമായും സാമൂഹ്യവീക്ഷണം കൊണ്ടും.

പലകാലങ്ങളിലെ അഭയാർത്ഥിജീവിതം ഈ നോവലിൽ കടന്നുവരുന്നുണ്ട്. മുറിഞ്ഞ ബംഗാളിൽ നിന്നും വേരറ്റ് പാഞ്ഞുപോന്നവർ തന്നെയാണ് മുഖ്യം. ആധുനികഘട്ടത്തിലെ മ്യാൻമറിൽ നിന്നുമുള്ള റോഹിങ്ക്യൻ ജനതയുടെ അപായകരമായ ഡൽഹിക്യാമ്പ് ജീവിതത്തെ മുൻനിർത്തിയാണ് ആഖ്യാനം ആരംഭിക്കുന്നത്. അവർക്കു നേരെയുള്ള പകയും വിദ്വേഷവും വർത്തമാനകാല ഇന്ത്യൻ മധ്യവർഗ്ഗമനസ്സിനെ നിർവ്വചിക്കുന്നു. ബംഗാൾ വിഭജനകാലത്ത് അമ്മയുടെ ഉദരത്തിൽ കിടന്ന് സുന്ദർബൻ കടന്നുപോന്നയാളാണ് കഥാനായകനായ തപോമയി. റോഹിങ്കൻ അഭയാർത്ഥികൾക്കു വേണ്ടി വളണ്ടിയറായി അയാൾ പ്രവർത്തിക്കുന്നു. ആ പ്രവർത്തി ഏറ്റെടുക്കാൻ സ്വന്തം ചോരയായിരിക്കും അയാളോട് ആവശ്യപ്പെട്ടിട്ടുണ്ടാവുക.


Related Articles