പ്രണയവും ചരിത്രവും ഇഴചേരുന്ന നോവല്‍

Book Review

പ്രണയവും ചരിത്രവും ഇഴചേരുന്ന നോവല്‍


2019ലെ കർണാടക സാഹിത്യ അക്കാദമി അവാർഡും, 2025 സാഹിത്യ നഗര ദിനാഘോഷത്തോടനുബന്ധിച്ച് മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതിക്കായി ഏർപ്പെടുത്തിയ പുരസ്കാരവും ലഭിച്ച കൃതിയാണ് വസുധേന്ദ്രയുടെ 'തേജോ തുംഗഭദ്ര.' കന്നട ഭാഷയിൽ എഴുതിയ ഈ കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ജെ. ഗോപാലകൃഷ്ണനാണ്. തേജോ തുംഗഭദ്രയിൽ വസുധേന്ദ്ര നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു ലോകത്തെ വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നു. ചരിത്രം അടയാളപ്പെടുത്തുമ്പോൾ തന്നെ അത് രാജാക്കന്മാരുടെയും രാജവംശങ്ങളുടെയും കഥയാകും എന്ന് വായനക്കാർക്ക്  ഊഹിക്കാം. എന്നാൽ പതിവിനും വ്യത്യസ്തമായി മധ്യകാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ ജീവിതവും ജീവിക്കാനുള്ള അഭിനിവേശവും, പോരാട്ടവും ഉൾപ്പെടുത്തിയാണ് വസുധേന്ദ്ര തേജോ തുംഗഭദ്ര എന്ന ചരിത്രാഖ്യായിക  പൂർത്തീകരിച്ചിരിക്കുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയിലും പോർച്ചുഗീസിലുമായി നടന്ന സംഭവങ്ങളാണ് ആധികാരികമായി നോവലിൽ ആഖ്യാനം ചെയ്തിരിക്കുന്നത്. ഗോവയിലെയും, വിജയനഗരത്തിലെയും, ലിസ്ബണിലെയും സാധാരണ ജനങ്ങളുടെ ജീവിതത്തെ നോവൽ സാക്ഷ്യപ്പെടുത്തുന്നു. രണ്ടു ഭൂഖണ്ഡങ്ങളിലെ വ്യത്യസ്തമായ രണ്ട് നദികളുടെ കഥയായും തേജോ തുംഗഭദ്രയെ അടയാളപ്പെടുത്താം. ഓരോ നദിയ്ക്കും സവിശേഷമായ സംസ്കാരം ഉള്ളതുപോലെ ലിസ്ബണിലെ തേജോ, വിജയനഗരത്തിലെ തുംഗഭദ്ര എന്നീ നദികളുടെ തീരത്തുള്ള രണ്ട് നഗരങ്ങളെ ആന്തരികമായി ബന്ധിപ്പിച്ചുകൊണ്ട് പോർച്ചുഗീസ് ഭരണകാലത്തിലെ സാമൂഹിക രാഷ്ട്രീയ ജീവിതം ഇവിടെ അനാവൃതമാകുന്നു.

വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ മനുഷ്യർ, വ്യത്യസ്ത നദികൾ, സംസ്കാരങ്ങൾ, ഭാഷകൾ എന്നിവ തമ്മിലുള്ള ബന്ധവും ഭിന്നതയും ഏതെല്ലാം വിധത്തിലാണെന്ന് വ്യക്തമാക്കാൻ പ്രയാസമാണ്. അധികാരവും പലായനവും കൊണ്ട് മനുഷ്യർക്കിടയിൽ രൂപപ്പെട്ട അടുപ്പവും അകൽച്ചയും ഏതൊക്കെ മേഖലകളെ ആശ്രയിച്ചിരിക്കുന്നതെന്ന് കൃത്യമായി തേജോ തുംഗഭദ്ര വിവരിക്കുന്നു. ഈ രണ്ടു നദീ തടത്തിൽ രൂപംകൊണ്ട സംസ്കാരങ്ങളുടെ ഇതിവൃത്തമാണ് നോവലിന്റെ കാതൽ എന്ന് പറയാം. ഏതൊരു നഗര സംസ്കാരത്തിന്റെയും പിറവിയുടെയും അഭിവൃദ്ധിയുടെയും പിറകിൽ ഒരു നദിയുടെ സാന്നിധ്യം ഉണ്ടായിരിക്കും എന്ന് പറയുന്നതുപോലെ പോർച്ചുഗലിന്റെയും വിജയനഗരത്തിന്റെയും ചരിത്രം  ഈ നദീതീരങ്ങളിൽ ഭദ്രമാണ്. വാസ്കോഡഗാമയുടെ വരവോടെ ഇന്ത്യയുമായുള്ള പോർച്ചുഗലിന്റെ ഇടപെടലിന് തുടക്കം കുറിയ്ക്കുകയുണ്ടായി. സമുദ്രതീരങ്ങളെ കേന്ദ്രീകരിച്ചുള്ള നിലയുറപ്പിക്കലുകളും വ്യാപാരവും അതോടുകൂടി സജീവമായി.


Related Articles