മലയാളി ഒരു ആഗോളപൗരനായി മാറിക്കഴിഞ്ഞു. താനറിയാതെ തന്നെ, താനായി പ്രത്യേകിച്ചൊന്നും ചെയ്യാതെ തന്നെ. ഏതൊഴുക്കിൽ നിന്നാലും അയാളാ ആഗോള അഴിമുഖത്തെത്തും. എല്ലാ താത്പര്യങ്ങളും അയാളെ എത്തിക്കുന്നത് അതാതിന്റെ 'ബ്രാന്റാ'ലയങ്ങളിൽ. ഭക്ഷണത്തിലും വസ്ത്രത്തിലും സംഗീതത്തിലും എന്നുവേണ്ട സകല ആഭിമുഖ്യങ്ങളിലും ആ ആഗോളപൗരന്റെ ഇച്ഛയ്ക്കായി പ്രാഥമ്യം. അമിതമായ പ്രാദേശികതാഭ്രമംപോലും ആ ആഗോള പൗരനിലെ ടൂറിസ്റ്റ് ഇച്ഛ. ഇതറിയാതെ ഒരു കെണിയും ഇന്ന് മലയാളിക്ക് വെക്കാനാവില്ല. കലയാണ്, ഒപ്പം വിജയം ലക്ഷ്യമാക്കുന്ന ഒരു ബിസിനസ്സുമാണ് നോവൽ. വായനക്കാരന്റെ ആഗോളരുചിയെ മാനിച്ചും ഉപയോഗിച്ചും എഴുതപ്പെട്ട, അല്ലെങ്കിൽ രൂപപരമായി അപ്‌ഡേറ്റ് ചെയ്യപ്പെട്ട, ഒരു പുതിയ ' ക്രൈം ത്രില്ലറാണ് നവീൻ നീലകണ്ഠന്റെ ' ട്രിഗർ One '. നവീൻ നീലകണ്ഠൻ എന്ന പേരിലുമുണ്ടല്ലോ ഈ വാഗ്ദത്തം.
വായനക്കാരൻ കവിത വായിക്കുമ്പോൾ കവിയാകുന്നത് പോലെ വായനക്കാരൻ കുറ്റാന്വേഷകഥ വായിക്കുമ്പോൾ കുറ്റാന്വേഷകനാകുന്നു. ഒരു പാസ്സീവായ വായനക്കാരനല്ല ഇപ്പോഴയാൾ. അയാളിലെ കുറ്റാന്വേഷണ വാസനയെ പ്രചോദിപ്പിച്ചും വിടാതെ കൂടെ കൂട്ടിയും എന്നാൽ ഒപ്പമെത്താനനുവദിക്കാതെയും ഉദ്വേഗഭരിതനാക്കി നിലനിർത്തണം എഴുത്തുകാരൻ. അവസാനപുറം ആദ്യമേ വായിച്ച് പരിഹരിക്കാവുന്ന ഒരുൽക്കണ്ഠയുടെ ലോലഘടന പോര നല്ല വായനക്കാരനും ക്രൈംത്രില്ലർ വായനക്കാരനും തമ്മിൽ അന്തരമില്ലാതായിക്കഴിഞ്ഞ ഇന്നതിന്. പൂർവ്വഘട്ടം അടുത്ത ഘട്ടത്തിലെത്തിക്കുന്നതിനുള്ള ട്രിഗർ കൂടി ആവണം എന്നതിൽ എല്ലാഘട്ടത്തിലും മനസ്സിരുത്തിയിട്ടുണ്ട് നവീൻ.
ആരംഭം മുതൽ ഒരു കുറ്റാന്വേഷക സംഘത്തിനൊപ്പമാണ് വായനക്കാരൻ . സാമാന്യത്തിലൊരൽപ്പം കവിഞ്ഞ ബുദ്ധിയും അതിലേറെ അർപ്പണബോധവുള്ള ജോർജി തരകൻ എന്ന എന്ന സി ഐ യും അയാളുടെ സംഘവുമാണത്. വലിയ ചലന ശേഷിയൊന്നുമില്ലാത്ത അവരുടെ ചാലക ശേഷിയായി മാറുന്നത് വിശാലമായ ലോകപരിചയമുള്ള മാധവപ്പൊതുവാളുടെ സാന്നിദ്ധ്യമാണ്. ശരിക്കും ഒരാഗോള പൗരനായ മാധവപ്പൊതുവാളുടെ ചിരിയിൽ ഒരു മിസ്റ്ററിയുണ്ട്. സാഹിത്യവും സംഗീതവുമുൾപ്പെടെ എല്ലാവഴക്കങ്ങളും അയാൾക്ക് വഴങ്ങും. അന്വേഷണവഴിയുടെ അപര്യാപ്തകളെക്കുറിച്ച് അയാൾക്ക് വ്യക്തമായ ധാരണയുണ്ടു്. നോവലിലെ ഭാഷയിലെ കാവ്യാത്മകതയും പ്രബുദ്ധതയും നങ്കൂരമിട്ടിരിക്കുന്നത് ഈ കഥാപാത്രത്തിലാണ്. നോവലിലെ നിഗൂഢതയും മാധവപ്പൊതുവാളിനെയാണ് മുഖ്യമായി ആശ്രയിക്കുന്നത്. അയാളെ ഒന്ന് നിരീക്ഷിക്കണം എന്ന മേലേ നിന്നുള്ള നിർദ്ദേശത്തിന്റെ അനന്തരജീവിതമാണല്ലോ ഈ നോവൽ. ട്രിഗറിലെ ട്രിഗർ മുഖ്യമായും മാധവപ്പൊതുവാളാണ്.
