സമൂഹം ഒരു വലിയ ജയിൽ ആണെന്ന് അറിയിപ്പ് കിട്ടുന്ന മനുഷ്യരുടെ വിടുതൽ ആലോചനകളാണ് മനോജ് വെങ്ങോലയുടെ കഥകളുടെ കാതൽ. പ്രണയത്തിലും മരണത്തിലും ജീവിതത്തിലും സ്വപ്നങ്ങളിലും വ്യവസ്ഥയിലും ആവാസ വ്യവസ്ഥയിലും പെട്ടുപോകുന്ന മനുഷ്യർ. വിലക്കിലും വിധിയിലും പെട്ട് ആന്തരിക ജയിൽ വാസം അനുഭവിക്കുന്ന മനുഷ്യരെയാണ് 'പ്രണയ ഭഗവതി' എന്ന കഥാസമാഹാരത്തിലും കാണാൻ കഴിയുക. മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള വലിയ ആലോചനകൾ സാമൂഹ്യാവസ്ഥയുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിൽ നിന്നുകൊണ്ട് മനോജ് എഴുതുന്നു.
മലയാളിയുടെ മാറിയ പരിസരം സാമൂഹ്യ ശാസ്ത്രജ്ഞന്റെ ദൃഷ്ടി കോണിലൂടെ അവതരിപ്പിക്കുമ്പോഴും, പ്രാദേശിക ചരിത്രവും ഓർമ്മയും അനുഭവങ്ങളും മിത്തും ഈ കഥകളിൽ കൂടിക്കലരുന്നു. സാഹിത്യ ഭാവനയ്ക്ക് മിഴിവ് പകരാൻ കാവ്യാംശമുള്ള ഭാഷയാണ് കഥാകൃത്ത് ഉപയോഗിക്കുന്നത്.
ഒരു വിഷയത്തെക്കുറിച്ചുള്ള നിരന്തരമായ ആലോചനയിൽ നിന്നും മാത്രം പൊട്ടിത്തെറിക്കുന്ന, ഉരുകിയൊലിക്കുന്ന ആശയങ്ങളുടെ ചിത്രീകരണം മൗലികമായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ക്രാഫ്റ്റിന്റെയും ഭാഷയുടെയും മൗലികത ഈ സമാഹാരത്തിലെ എല്ലാ കഥകളുടെയും പ്രത്യേകതയാണ്.
