പൂർണ്ണതയുടെ പ്രണയ വഴികൾ

Book Review

പൂർണ്ണതയുടെ പ്രണയ വഴികൾ


ർത്ഥപൂർണ്ണമായ പ്രണയം തേടിയുള്ള മീര എന്ന പെൺകുട്ടിയുടെ ജീവിതമാണ് റാഷിദ നസ്രിയയുടെ ‘പ്രേമനീല" എന്ന നോവൽ. കുടുംബബന്ധത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും പരമ്പരാഗതഘടനയ്ക്കു മുമ്പിൽ ‘ബഹുപ്രണയ'മെന്ന കനമുള്ള ആശയത്തെ ഒരു ബദലെന്ന രൂപേണ നോവൽ അവതരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ സമൂഹത്തിന് നിരക്കാത്തതെന്ന് മുദ്രകുത്തിയേക്കാവുന്ന എന്നാൽ യഥാതഥമായ മനുഷ്യാവസ്ഥയെ കണ്ണാടിയിൽ എന്നപോലെ കാണിച്ചുതരുന്ന കഥാപാത്രങ്ങളാണ് ഈ നോവലിന്റെ ശക്തി. പരിപൂർണ്ണത എന്നത് വാക്കുകൾ കൊണ്ട് മാത്രം വരച്ചിടാൻ കഴിയുന്ന ഒന്നാണ്; അനുഭവത്തിൽ അത്ര എളുപ്പമല്ല താനും. ആരും ഒന്നിലും പരിപൂർണ്ണത കൈവരിക്കുന്നില്ല. തൃപ്തമല്ലാത്ത ഏതൊക്കെയോ വഴികൾ കൂടി ചേർന്നതാണല്ലോ ജീവിതം. അതിനാൽ തന്നെ ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള നിരന്തര അന്വേഷണമായും അലച്ചിലായും അതിന്റെ വഴികൾ മാറുന്നു. പ്രണയത്തിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്. പൂർണത തേടലാണ് അതിന്റെ തത്വം. "പ്രേമനീല" ഈ തേടലിനെ സാധൂകരിക്കുന്നു.

തൃപ്തമല്ലാത്ത ബന്ധങ്ങളിൽ നിന്നും ബന്ധങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്ന മീര എന്ന കഥാപാത്രത്തിലൂടെ, ‘ബന്ധനമല്ല മറിച്ച് അതിന്റെ രാഹിത്യവും പൂർണ്ണ സ്വാതന്ത്ര്യവുമാണ് പ്രണയത്തിന്റെ കാതൽ’ എന്ന് നോവൽ പറഞ്ഞുവെയ്ക്കുന്നു.

പ്രണയാകുലരായ പുരുഷന്മാരെയും നോവലിൽ ഉടനീളം കാണാം. എന്നാൽ സ്വാർത്ഥതയും സംശയവും അധികാരവുമെല്ലാം സങ്കുചിത പ്രണയ ലോകത്തിന്റെ അധിപന്മാരാക്കി അവരെ മാറ്റുന്നു. മീരയെ ഉള്ളറിഞ്ഞു പ്രണയിക്കുന്ന രാഹുൽ എന്ന കഥാപാത്രത്തിന്റെ വിശ്വാസം അവൾ ഒരിക്കലും തന്നെ വിട്ടു പോകില്ല എന്നാണ്. അതിനാൽ തന്നെ അയാൾ പരിഗണനയോ സ്നേഹലാളനയോ അവൾക്ക് നൽകുന്നില്ല. ശ്രോതാവ് എന്ന നിലയിലും അയാൾ അങ്ങേയറ്റം പരാജിതനാണ്. സ്നേഹമുണ്ട്; പക്ഷേ അത് പ്രകടിപ്പിക്കാനോ പങ്കുവെക്കാനോ ഉള്ള സമയം അയാൾക്കില്ല. കൂടെയുള്ളതും വിട്ടുപോകില്ല എന്ന് ഉറപ്പുള്ളതുമായ ഒന്നിനെ അത്രയൊന്നും പരിഗണിക്കാതിരിക്കുക എന്നത് മനുഷ്യസഹജമാണല്ലോ. .


Related Articles