"അനുഭൂതികളുടേയും പ്രതിരോധത്തിൻ്റെയും പോരാട്ടത്തിൻ്റെയും ചൂടു പടർത്തുന്ന വരികൾ നിറഞ്ഞ നവീനമായ ആശയങ്ങളുടെ ആകാശങ്ങളെ കവിതകളിലൂടെ വെളിപ്പെടുത്തുകയാണ് നൂറ വരിക്കോടൻ്റെ "സഹൃദയ വള്ളിയിലെ മുന്തിരിപ്പഴങ്ങൾ" എന്ന കവിതാ പുസ്തകം. നൂറയുടെ ഭാവനയുടെ ലോകം ഏറെ വ്യത്യസ്തമാണ്. കവിതയായി മാറുന്ന വർത്തമാനങ്ങളേയും നോട്ടങ്ങളേയും പിറുപിറുക്കലുകളേയും അടുക്കി പെറുക്കി വെയ്ക്കാൻ ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണ്. പുഴയുടെ തെളിമയും കടലിൻ്റെ രൗദ്രതയും കാറ്റിൻ്റെ ഹുങ്കാരവങ്ങളും ഇലകളുടെ തലയാട്ടലും ഒഴുക്കിൽ ലയിക്കുന്ന ജീവിതങ്ങളും കാടും മരങ്ങളും എല്ലാം നിറഞ്ഞ ലോകത്തിൻ്റെ സ്പർശങ്ങളിലൂടെയാണ് നൂറ കവിതകളെ തുന്നിച്ചേർക്കുന്നത്. കവിതയുടെ നൂലുകൾ തുന്നിച്ചേർത്ത ഭൂമികളിലാണ് കവിത ജനിക്കുന്നതും ജീവിക്കുന്നതും എന്ന് ഈ പുസ്തക വായനയിൽ നിന്ന് മനസിലാക്കാം.
പോരാളിയായി ഇരിക്കുന്നവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ, നിലം തൊടാതെ പറക്കുന്ന കിനാവുകൾ, കരച്ചിലുകൾ, ആത്മഗതങ്ങൾ, എല്ലാം പൊഴിഞ്ഞു വീഴുന്ന ദിനങ്ങൾ പോലെ പെറുക്കി പെറുക്കി കവിതകളിൽ വാക്കുകളുടെ ഒരു കാടിറക്കി വെയ്ക്കുന്നു. നൂറയുടെ ആശയലോകം ഹരിതാഭകൾ നിറഞ്ഞ പ്രപഞ്ചത്തിൻ്റെയും ധ്യാനത്താൽ മുദ്രിതമായ ജീവിതത്തിൻ്റെയും ലോകമാണ്. ആ ലോകത്ത് മറഞ്ഞിരുന്നാണ് കവിതകളെ മിന്നൽപ്പിണരുകളായി മാറ്റിത്തീർക്കുന്നത്. നൂറയുടെ ഈ കാവ്യലോകത്തേക്കുള്ള വഴികൾ ഒറ്റയടിപ്പാതകൾ നിറഞ്ഞതും കാട്ടിലേക്കത്തുന്നതുമായ വഴികളാണ്. മനുഷ്യൻ്റെ ജീവിതാവസ്ഥകളുടെ ചിത്രീകരണത്തിന് മരങ്ങളും ഇലകളും ചില്ലകളും അരുവികളും നദിയും ഒക്കെ രൂപകങ്ങളായി കവിതയിൽ നിറഞ്ഞു നിൽക്കുന്നു. നൂറയുടെ ആവിഷ്ക്കാരത്തിൻ്റെ മുദ്രണങ്ങൾ അതിൽ തെളിഞ്ഞു കാണുകയും ചെയ്യുന്നുണ്ട്.
വാക്കുകളുടെ ബഹുസ്ഫുരണമാണ് കവിത. തീപ്പൊരികൾ പോലെ പാറി വന്ന് തീ പിടിക്കേണ്ടവയെ തീ പിടിപ്പിക്കുകയും പൊട്ടിത്തെറിക്കേണ്ടതിനെ പൊട്ടി ത്തെറിപ്പിച്ചും മൗനത്തിലാണ്ടു പോയ തണുപ്പുകളെ ചൂടുപിടിപ്പിച്ചും കവിതകളുടെ വരികൾ അതിൻ്റെ ഉജ്ജ്വലമായ കടമ നിറവേറ്റുന്നു. ഒരേ സമയം ശാന്തവും അതേ സമയം തന്നെ സ്ഫോടനത്മകവുമായ അന്തർധാര നിലനിൽക്കുന്ന കാവ്യരചനയാണ് നൂറയുടെ കവിതകളുടെ ശക്തി എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഈ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ ഏകാകിനിയായ ഒരുവളുടെ കരച്ചിലുകൾ കേൾക്കാം. ഉന്മാദിനിയായ ഒരുവളുടെ നിലക്കാത്ത പൊട്ടിച്ചിരികൾ കേൾക്കാം. തന്നോടു തന്നെ മിണ്ടിപ്പറഞ്ഞും പരിഭവിച്ചു മിരിക്കുന്ന ഒരുവളെ കാണാം. സർഗ്ഗാത്മകതയുടെ ആകാശങ്ങളിലേക്ക് പറക്കാൻ കൊതിക്കുന്നവൾക്കു മുന്നിൽ അതെല്ലാം മറക്കുന്ന മറ്റൊരു ജീവിതത്തിൻ്റെ കരിമ്പടം വന്നു വീഴുമ്പോൾ അവൾ മറ്റൊരു വളായി ജീവിക്കാൻ തുടങ്ങുന്നു. അത്രമേൽ നീലക്കണ്ണുള്ള ഒരുവളുടെ സാന്നിദ്ധ്യം നിത്യജീവിതത്തിൻ്റെ തിരക്കുകൾക്കിടയിലും അവൾ അനുഭവിക്കുന്നു. അവളിൽ നിന്നും വിട്ടു പോകാതെ ഒട്ടിച്ചേർന്ന് നീലക്കണ്ണുള്ളവൾ നിൽക്കുന്നു. "നിൻ്റെ ജീവിതം എനിക്കിരിക്കാനുള്ളത്രയും നിർമലമായിരിക്കുന്നിപ്പോൾ കവേ ...'' എന്ന് പറഞ്ഞവൾ അവളിൽ ചേർന്നലിയുമ്പോൾ വരികളുടെ പ്രവാഹം ഉതിർന്നു വരുന്നു. ഉള്ളിൽ വിടരുന്ന സർഗ്ഗാത്മകതയുടെ നീലാകാശത്തെ വളരെ ഗംഭീരമായി ഈ കവിതയിൽ ആവിഷ്ക്കരിക്കുന്നു.
