പ്ലേറ്റോയുടെ ഗുഹ

Book Review

പ്ലേറ്റോയുടെ ഗുഹ


ആശയം അഥവാ ഐഡിയമാത്രമാണ് യാഥാർത്ഥ്യമെന്നാണ് പ്ലേറ്റോ പറഞ്ഞത്. നമുക്ക് ഇന്ദ്രിയങ്ങൾകൊണ്ടു മനസ്സിലാക്കാൻ കഴിയാത്ത ഒരു ലോകമുണ്ട്. ആശയങ്ങളുടെ അഥവാ ശുദ്ധരൂപങ്ങളുടെ ലോകം. നാം ഇന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയുന്ന ഭൗതികലോകം നിലനിൽക്കുന്നത് ഗോചരമല്ലാത്ത ആശയലോകത്തെ ആശ്രയിച്ചുമാത്രമാണ്. ഒരു വ്യക്തിയോ വസ്തുവോ സുന്ദരമാണെന്നു നാം പറയുന്നതിനു കാരണം സൗന്ദര്യം എന്ന ആശയം നിലനിൽക്കുന്നതുകൊണ്ടാണ്. ഉദാഹരണമായി ലോകത്ത് പലതരം കട്ടിലുകളുണ്ട്; ആശാരി ഉണ്ടാക്കിയ പലതരം കട്ടിലുകളും ചിത്രകാരന്മാർ വരച്ചതും ഫോട്ടോഗ്രാഫർമാർ പകർത്തിയതുമൊക്കെയായ കട്ടിലുകൾ. കട്ടിൽ എന്ന ആശയത്തിന്റെ അഥവാ രൂപത്തിന്റെ അനുകരണം അഥവാ പകർപ്പ് മാത്രമാണ് ഭൗതികമായ ആ കട്ടിലുകളെല്ലാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭൗതികലോകത്ത് നാം കാണുന്ന കട്ടിലുകളെന്നല്ല സമസ്തവസ്തുക്കളും ഭൗതികേതരമായ ഒരു ഗ്രാഹ്യലോകത്തെ ആശയങ്ങളുടെ അപൂർണമായ പതിപ്പുകൾമാത്രമാണ്. ആശയവാദമെന്നും രൂപസിദ്ധാന്തമെന്നുമൊക്കെ വിളിക്കുന്ന ഈ തത്ത്വങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് പ്രാചീന ഗ്രീസിൽ പ്ലേറ്റോ പാശ്ചാത്യതത്ത്വചിന്തയ്ക്കും രാഷ്ട്രീയചിന്തയ്ക്കും കലാസാഹിത്യസിദ്ധാന്തത്തിനുമെല്ലാം അടിത്തറയിട്ടത്.

ഗ്രീക്ക് നഗരരാഷ്ട്രമായ ആതൻസിൽ ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടിൽ (ബി.സി.ഇ. 428) പ്ലേറ്റോ ജനിച്ചു. അക്കാലത്തുണ്ടായ പെലൊപ്പൊനീഷ്യൻ യുദ്ധത്തിൽ ആതൻസിനെ മറ്റൊരു ഗ്രീക്ക് നഗരരാഷ്ട്രമായ സ്പാർട്ട പരാജയപ്പെടുത്തി. അതീനിയൻ ജനാധിപത്യം അതോടെ ഏതാനും കുലീനപ്രഭുക്കളുടെ ഭരണ (ഒളിഗാർക്കി)ത്തിലേക്കു ചെന്നുവീണു. മുപ്പത് സർവാധിപതികളുടെ (Thirty Tyrants) ഹ്രസ്വമായ ഭരണകാലത്ത് എതിരാളികൾ വ്യാപകമായി കൊല്ലപ്പെട്ടു. പ്ലേറ്റോയുടെ ആചാര്യനായ സോക്രട്ടീസ് മുപ്പതുപേരുടെ ഭരണത്തെ അനുകൂലിച്ചുവെന്ന് ഒരു വിശ്വാസവും അക്കാലത്തുണ്ടായിരുന്നു. മുപ്പതുപേരുടെയും മറ്റും ഒളിഗാർക്കിക്കുശേഷം ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടപ്പോഴാണ് പുതിയ ദൈവങ്ങളെ അവതരിപ്പിക്കുന്നു, ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബി.സി.ഇ. 399-ൽ സോക്രട്ടീസിനു വധശിക്ഷ നൽകിയത്. ഗുരുവിന്റെ മരണത്തോടെ നാടുവിട്ട് ഇറ്റലിയിലേക്കുപോയ പ്ലേറ്റോ വർഷങ്ങൾക്കുശേഷം മടങ്ങിവന്ന് ബി.സി.ഇ. 387-ൽ ആതൻസിന്റെ പ്രാന്തപ്രദേശത്ത് അക്കാദമി എന്ന പാഠശാല സ്ഥാപിച്ചു. പാശ്ചാത്യതത്ത്വചിന്ത അവിടെനിന്നാണു വളർന്നു പന്തലിച്ചത്, അരിസ്റ്റോട്ടിലിനെപ്പോലുള്ള വിദ്യാർത്ഥികളിലൂടെ.


Related Articles