മരണത്തിന്റെ വിലാപനൃത്തം

Book Review

മരണത്തിന്റെ വിലാപനൃത്തം


ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ തുടക്കത്തിൽ കൊച്ചിയിൽനിന്ന് ചെറുകഥയിൽ പുതിയൊരു കാറ്റു വീശാൻ തുടങ്ങിയിരുന്നു. അതുവരെ വായനയിൽ പരിചിതമല്ലാതിരുന്ന ശബ്ദങ്ങളും ഗന്ധങ്ങളുമായി, ജീവിതത്തിന്റെ ഇരുളിമയിലേക്കാണ്ട് എഴുത്തിന്റെ കപടനാട്യങ്ങളൊന്നുമില്ലാതെ പൊടുന്നനെ പുതിയ സംവേദനങ്ങളിലേക്ക് ഊളിയിട്ടുപോകുന്ന ചില കഥകൾ ഉണ്ടായി. ആടയാഭരണങ്ങളില്ലാതെ, സൗന്ദര്യാത്മകമായി വായനക്കാരോട് നേരേ പറഞ്ഞ അതിശക്തമായ കഥകളായിരുന്നത്.

ആ കൊച്ചിക്കാറ്റിലൂടെയാണ് ജോർജ് ജോസഫ് കെ. വന്നത്. ഒപ്പം പി.എഫ്. മാത്യൂസും തോമസ് ജോസഫുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. തികച്ചും വ്യത്യസ്തമാർന്നതും പുതുമ നിറഞ്ഞതുമായ മൂന്നു വഴികളായിരുന്നു മേല്പറഞ്ഞ ഇവർ മൂവരും സാഹിത്യത്തിലേക്കുള്ള വരവോടെ അന്ന് എഴുത്തിൽ സ്വീകരിച്ചത്. പിന്നീട് വന്നവരാണ് ജോസഫ് മരിയനും സോക്രട്ടീസ് വാലത്തും.

അതുവരെ പ്രബലമായിരുന്ന ആധുനികത, കുറച്ചൊക്കെ വായനയെ ചെടിപ്പിച്ചുവെങ്കിലും ഇവരതിനെയൊക്കെ മറികടന്ന്, സ്വന്തം വഴികളിലേക്കു കുതറിച്ചാടി, പുതിയൊരു രീതി, കഥയിൽ മെനയാനുള്ള അഭിലാഷങ്ങളും ആകാംക്ഷകളും ഉൾക്കൊള്ളിച്ചായിരുന്നു കഥ പറച്ചിൽ.


Related Articles