മരിച്ച വീട്ടിൽ വന്ന് വേണ്ടതെല്ലാം ചെയ്ത് മടങ്ങിയ ആ മൂന്നുപേർ മനസ്സിൽ നിന്ന് ഇറങ്ങി പോകുന്നില്ല. മരിച്ചവളോടുള്ള അവരുടെ അളവറ്റ സ്നേഹം പ്രകടമായിരുന്നു. സ്വാഭാവികമായും അവർ ആരായിരിക്കും എന്നറിയുവാനുള്ള ആകാംക്ഷ നാട്ടിൻപുറത്തിന് ആകമാനമുണ്ട്. ഒടുവിൽ ഒരു വൃദ്ധൻ അവളുടെ ഭർത്താവിനോട് തന്നെ തുറന്നു ചോദിച്ചു : ആരായിരുന്നു മോനെ അവരൊക്കെ...
ഞങ്ങൾ നാലുപേരും അവളുടെ കാമുകന്മാരായിരുന്നു അമ്മാമാ... എന്ന് അവളുടെ ഭർത്താവ് പറയുന്നതോടെ കഥ അവസാനിപ്പിക്കുകയാണ്.
മൃദുൽ വി.എം. മലയാള കഥയുടെ ഏറ്റവും പുതിയ പ്രത്യക്ഷം. നല്ല കലയ്ക്ക് വേണ്ടുന്ന ധ്യാനാത്മകത നഷ്ടപ്പെട്ടു കഴിഞ്ഞു എന്നു വിചാരിച്ചിരുന്ന ഞാൻ, സ്വയം തിരുത്തുന്നു. അമിതമായി യാതൊന്നുമില്ല. വിവരണങ്ങൾ ലളിതം നാടകീയതയുടെ കനമില്ലാത്തത്. വലിയൊരു ഭാവപ്രപഞ്ചവും അന്തരീക്ഷവും അവശേഷിപ്പിച്ച് കഥ അവസാനിക്കുകയാണ്.
