പെയ്തൊഴിയാൻ പാടില്ലാത്ത പുതുമഴകൾ

Book Review

പെയ്തൊഴിയാൻ പാടില്ലാത്ത പുതുമഴകൾ


പറയാതെ പെയ്ത പുതുമഴയിലെ ആലിപ്പഴങ്ങളാണ് ജ്വാലാ​മുഖിയുടെ കഥകൾ. തല്ലിച്ചതച്ചുകളയേണ്ട കനികളെ തകർത്തെറിയാൻ പെയ്യുന്ന മഞ്ഞുമണിമുത്തുകൾ. അവ മണ്ണിൽ വീഴുമ്പോൾ ഓടിച്ചെന്ന് പെറുക്കിയെടുക്കാൻ കാത്തുനിൽക്കുന്ന കുഞ്ഞിന്റെ നൈർമല്യം വായനക്കാരിൽ സന്നിവേശിക്കുന്നു. തകർക്കപ്പെ​ടേണ്ട ധാരണകളെ ചതച്ചുതെറുപ്പിച്ച് ഹൃദയനിലങ്ങളിൽ കഥകൾ കുളിരോടെ ഉരുകിയലിയുന്നു. നാം കണ്ടിട്ടില്ലാത്ത വിചിത്രജീവിതങ്ങൾ ഒന്നുംതന്നെ ഈ കടലാസുകളിൽ എവിടെയുമില്ല. ബസിലെ സഹയാത്രികനോ ക്ലാസ്സ്‌മുറിയിലെ സഹപാഠിയോ ചിലപ്പോൾ നമ്മൾതന്നെയുമൊക്കെ, ഒന്നുറ്റു നോക്കിയാൽ ഇവിടെ കഥാപാത്രങ്ങൾ. നായകനില്ല നായികയില്ല, വെറും മനുഷ്യർ നിന്നുതിരിയുന്ന ജീവിതച്ചുവയുള്ള അക്ഷരങ്ങൾ. കലാപമോ വിപ്ലവമോ ഈ ഭാഷയിലില്ല, എന്നാലതു വേണ്ടുവോളം എഴുത്തിലാകെ കഥാകാരി ഒളിച്ചുവെക്കുന്നു.

നമ്മളിലാരോ വെട്ടിയ മാവിൻകുറ്റിയിൽ നുരയുന്ന കറയിൽ പറ്റിപ്പിടിച്ചുപോകുന്ന കുറേ നീർജന്മങ്ങൾ; അവയെ അവിടെ​യെങ്ങും ഉപേക്ഷിക്കാതെ, വായനക്കാരന്റെ മതിലുകെട്ടി, ഗേറ്റിട്ടടച്ച ഹൃദയത്തിനുള്ളിൽ കടന്നു കടിക്കാനായി എഴുത്തുകാരി തുറന്നുവിടുന്നു. ആ കടികളേൽക്കുക എന്നത് തെളിവാർന്ന കാഴ്ചകൾക്ക് അനിവാര്യം, ആ നീറുന്ന മുറിവുകളൊക്കെയും പുണ്യവും.

‘പെൺനീറുകൾ' ഒരിക്കലും ഒരു സ്ത്രീപക്ഷ പുസ്തകമല്ല. അത് പറയുന്ന മനുഷ്യപക്ഷ കഥകളിൽ സ്ത്രീകൾ കഥാപാത്രങ്ങളാവുന്നു എന്നുമാത്രം. പാടത്തു പണികഴിഞ്ഞുവരുന്ന അമ്മയുടെ ശീലത്തുമ്പിൽ കെട്ടിവെച്ചിരിക്കുന്ന മുഷിഞ്ഞ നോട്ടുകൾപോലെയാണ് പല കഥകളും. അവയുടെ മൂല്യം മുഴുനീളെ കൊണ്ട വെയിലും പാതിപോലും നിറയാത്ത വയറും മാത്രമല്ല, തണലത്തിരുന്നു വയറു നിറയെ വറ്റ് വാരിക്കഴിക്കേണ്ട വായനക്കാരന്റെ ഹൃദയമെന്ന അത്ഭുതമാണ്.


Related Articles