ഫ്രാൻസ് കാഫ്ക തന്റെ ഏറ്റവും പ്രശസ്തമായ 'മെറ്റാമോർഫോസിസ്' എഴുതുന്നതിന് ഏതാണ്ട് പതിനൊന്ന് വർഷങ്ങൾക്കു മുമ്പ് സുഹൃത്തായ ഓസ്കാറിന് ഒരു എഴുത്തയച്ചു. ആ എഴുത്തിൽ ലോകം ആഘോഷിക്കുന്ന പ്രധാനപ്പെട്ട ഒരു വാക്യമുണ്ട്—നമ്മുടെ ഉള്ളിലെ മരവിച്ച കടലിനെ വെട്ടിപ്പൊളിക്കുന്ന ഒരു മഴു ആകണം ഒരു പുസ്തകം.
ഇവിടെ മുതൽ അങ്ങോട്ട് ഞാൻ സംസാരിക്കുന്നത് സാംസയെക്കുറിച്ചല്ല, എനിക്ക് അടുത്തറിയാവുന്ന ഒരാളെക്കുറിച്ചാണ്. കാരണം, കഥാപാത്രവും വായനക്കാരും ചില പുസ്തകങ്ങളിൽ വേർതിരിക്കാനാവാത്തവിധം പരസ്പരം ലയിച്ചുചേരുന്നുണ്ട്.
സാംസ നടന്നുതുടങ്ങിയ വഴികൾ, ആ വഴികളിലൂടെ തന്നെയാണ് അവന്റെ ബാല്യകാലങ്ങളിലും അവൻ നടന്നുനീങ്ങിയത്. പൊങ്ങില്യത്തിൽനിന്ന് താഴേക്ക് നൂലിറങ്ങി വരുന്ന പുഴുക്കളും അവനും ഒരുകാലത്ത് വലിയ കൂട്ടുകാരായിരുന്നു. പൊങ്ങില്യത്തിന്റെ ചുവട്ടിൽനിന്ന് അവന് മാറിനടക്കാനാവാത്ത ഒരു കാലമുണ്ടായിരുന്നു. കാപ്പിയും പുഴുക്കുമായിട്ടാണ് അവൻ അച്ഛനെ കാണാൻ ചെന്നിരുന്നത്. പറമ്പുകൾതോറും നടന്ന് പൊങ്ങില്യങ്ങൾ വിലപേശി വാങ്ങി, വെട്ടി തീപ്പെട്ടിക്കമ്പനിക്ക് കൊടുക്കുന്നതായിരുന്നു അച്ഛന്റെ ജോലി. ആ പുഴുക്കൾ അത്രമേൽ അവന്റെ ജീവിതത്തോട് ചേർന്നുനിന്നിരുന്നു.
