പരിചിതമല്ലാത്ത വന്യതയുടെ കഥ

Book Review

പരിചിതമല്ലാത്ത വന്യതയുടെ കഥ


വേട്ടകളുടെ കഥയാണ് ശ്രീ രാജു ഫ്രാൻസിസിന്റെ നരിക്കുത്ത് എന്ന നോവൽ, നമുക്ക് നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ജീവിക്കുന്നവർക്ക്, പരിചിതമല്ലാത്ത വന്യതയുടെ കഥയാണിത്. ഈ നോവൽ കയ്യിലെടുത്തിട്ട് വായന പൂർത്തിയാകാതെ താഴെ വയ്ക്കാനാവില്ല. എഴുത്തുകാരൻ എന്ന നിലയിൽ എന്നെ ഭ്രമിപ്പിച്ചത് നോവലിസ്റ്റ് അനാവരണം ചെയ്യുന്ന കാടിന്റെ നിഗൂഢതയും അറിവുകളുമാണ്. കാട് ഇരതേടലിന്റെ ഭാഗമായുള്ള വേട്ടയുടെ ലോകമാണ്. അവിടെ മനുഷ്യൻ എത്തുമ്പോൾ ഇരതേടിലിനപ്പുറം പകയുടെ വേട്ടകളായത് മാറുന്നു.. സ്റ്റാൻലി എന്ന മനുഷ്യജന്മം പൂണ്ട നരിയും അവനെ പതിയിരുന്ന്, കാത്തിരുന്ന്, വേട്ടയാടുന്ന ബെന്നിയും തമ്മിലുള്ള പകയുടെ കഥയാണ് നരിക്കുത്ത്. ഡയാന ജാൻസി എന്ന, ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്ന, കോൺവെന്റിൽ പഠിച്ചുവളർന്ന സുന്ദരിയായ പെൺകുട്ടിയാണ് സത്യത്തിൽ ഈ പകയുടെ ഇരയാവുന്നത്. ബെന്നിയുടെയും അപ്പൻ വർക്കിയുടെയും ജീവൻ ഭൂമിയിൽ അവശേഷിപ്പിച്ചത് ജാൻസി സ്വയം സ്റ്റാൻലിയുടെ ബലിമൃഗമാകാൻ വഴങ്ങിയത് കൊണ്ടുമാത്രമാണ് .സ്റ്റാൻലിയോട് പക വീട്ടിക്കഴിഞ്ഞും ആ സത്യം ബെന്നി തിരിച്ചറിയുന്നില്ല എന്ന നിരാശ വായനക്കാരിൽ അവശേഷിപ്പിച്ചു കൊണ്ടാണ് നോവൽ അവസാനിക്കുന്നത്.ജാൻസിയുടെ ഉദരത്തിൽ പിറന്ന സ്റ്റാൻലിയുടെ കുരുന്ന് വേട്ടയുടെ തുടർച്ചക്കാരനാകില്ലേ എന്ന ചോദ്യവും അവശേഷിക്കുന്നു. ഹൃദയസ്പർശിയായ രചനയാണ് നരിക്കുത്ത് . കാടിനെ കുറിച്ച് കാട്ടിലെ അതിജീവനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം രാജു ഫാൻസിന്റെ രചനയിലൂടെ അതീവ സൂക്ഷ്മതയോടെ ആലേഖനം ചെയ്യപ്പെടുന്നു. കൊമ്പുകുത്തിയും മലകളും ചിന്നമറയൂരും കൈവെള്ളയിലെ രേഖകൾ പോലെ നരിക്കുത്തിൽ തെളിയുന്നു. ബാലശങ്കർ എന്ന ഫോറസ്റ്റ് റേഞ്ചർ വിങ്ങുന്ന ഓർമ്മയായി, മനസ്സിലെ മുറിവായി നിലനിൽക്കുന്നു. ചിന്നമറയൂരിലെ കാഴ്ചകൾ നോക്കുക: കരിപ്പച്ച നിറത്തിലെ കരിമ്പിൻ കാടുകളുടെ അതിരുകളിൽ ഒറ്റതിരിഞ്ഞ് നീലയും മഞ്ഞയും പിന്നെ പല വർണ്ണങ്ങളിലുള്ള ഗ്രാമങ്ങൾ. വഴിയോരങ്ങൾ അലങ്കരിക്കുന്ന ചുവന്ന അരളിപ്പൂക്കളും പിങ്ക് നിറത്തിലെ ജക്രാന്തകളും മഞ്ഞ മാറാത്ത ചന്ദനമരയിലകളും മലകളിലേക്ക് നീളുന്ന ഇളം പച്ച വാറ്റുപുൽപ്പാടങ്ങളും വാറ്റുപുരയും. മലകൾക്ക് നടുവിലെ ഗോത്രക്കുടികളും തവിട്ട് നിറങ്ങൾ പകർന്നുചേർന്ന ശർക്കര വാറ്റു കേന്ദ്രങ്ങളും. നോവലിസ്റ്റ് ഒരു ചിത്രകാരനായി മാറുകയാണ് ഇവിടെ. ഞാൻ വായിച്ചിട്ടുള്ള കാടിന്റെ പശ്ചാത്തലത്തിലുള്ള രചനകളിലേക്കും ഉദ്വേഗം ജനിപ്പിക്കുന്ന വന്യതയുടെ നിഗൂഢ സൗന്ദര്യം നേർക്കാഴ്ചകളായി പകർന്നു നൽകുന്ന മികവുറ്റ രചനയാണ് നരിക്കുത്ത്.

Summary: K. V. Mohankumar writes about Raju Francis' novel, Narikkuth


Related Articles