മലയാള സാഹിത്യത്തിൽ അതിൻ്റെ ഏറിയ നാളും നിർവാഹകത്വം ഇല്ലാതിരുന്ന സ്ത്രീകൾ ഇപ്പോൾ ഉയിർത്തെഴുന്നേൽക്കുകയും സ്ത്രൈണാവിഷ്ക്കാരങ്ങൾ കൊണ്ട് അന്തരീക്ഷം മുഖരിതമാക്കുകയും ചെയ്യുന്നു. ഈ സ്ഥിതിക്ക് പിന്നിൽ രാഷ്ട്രീയവും സാമൂഹ്യപരവുമായ ഒരുപാട് ശ്രമങ്ങളും കാരണങ്ങളുമുണ്ട്. 2000-ൻ്റെ തുടക്കത്തിൽ സോഷ്യൽ മീഡിയയുടെ വരവോടെ ഇത് ശക്തമായ പ്രവാഹമായും പ്രഹരമായും മാറി. വീടും ലോകവും, അനുസരണയും സ്വാതന്ത്ര്യവും, സ്നേഹവും ഒറ്റപ്പെടലും തമ്മിലുള്ള സംഘർഷം പെണ്ണെഴുത്തിന് പല മാനങ്ങൾ നൽകി. ആത്മനിന്ദയായും പ്രതികാരമായും ആത്മിയാന്വേഷണമായുമൊക്കെ അതിപ്പോൾ അനേകം സ്വരവീചികൾ ഉതിർക്കുന്നു.
കവിതയിലാകട്ടെ 90-കളിൽ സ്വന്തം മുഖം വ്യക്തതയോടെ ദർശിച്ച സ്ത്രീപുതുക്കവിത പുരുഷാധികാരവും സാംസ്കാരിക പശ്ചാത്തലങ്ങളും നിരന്തരം ദമനം ചെയ്യുന്ന സ്ത്രീമനസ്സിൻ്റെ ആത്മപ്രകാശനമായി.
ഇപ്പോൾ എഴുതപ്പെടുന്ന നല്ല കവിതകളധികവും സ്ത്രീകവികളുടേതാണ്. മലയാള കവിത വിശിഷ്യാ സ്ത്രീപുതുകവിത ഏറ്റവും സെൻസിറ്റീവും സജീവവുമായിരിക്കുന്ന ഈ സന്ദർഭത്തിലാണ് തൻ്റെ സ്വതസിദ്ധമായ മൗലികതകളുമായി നൂറ വരിക്കോടൻ ഇതിൽ ഇടം പിടിക്കുന്നത്. സ്വന്തം മനസ്സിലേക്ക് തന്നെ ഉൾവലിഞ്ഞിരിക്കുന്ന ആന്തരിക ത്രസിപ്പുകളും ചലനങ്ങളും ഈ കവിതാസമാഹാരത്തിൽ പ്രതിഫലിപ്പിക്കുന്നു. മനസ്സിൻ്റെ വേദനകളും പ്രതീക്ഷകളും നിർവൃതികളും ട്രോമകളുമൊക്കെ വെളിവാക്കപ്പെടുന്നത് പ്രകൃതിബിംബങ്ങളിലൂടെയാണ്. മരം, സമുദ്രം, മണ്ണ്, മഴ, വെയിൽ, മഞ്ഞ്, വിത്ത്, മേഘം എന്നിങ്ങനെ ആവർത്തിച്ചു വരുന്ന രൂപകങ്ങളിലൂടെ ദമനം ചെയ്യപ്പെട്ട മനസ്സിൻ്റെ ആന്തരിക ലാൻഡ് സ്കെയ്പുകൾ വെളിവാകുന്നു. നിത്യകാമുകനായും സ്വാർഥനായും പീഢകനായും, അഭയമായും പുരുഷൻ ഈ കവിതകളിൽ പല അവതാരങ്ങളെടുക്കുന്നു. വർഗ്ഗീയത, ദാരിദ്രം എന്നിങ്ങനെ പല സാമൂഹിക വിഷയങ്ങളിലൂടെയും നമ്മെ അസ്വസ്ഥപ്പെടുത്തുന്ന കവിതകളുമുണ്ട്.
