ഓർമ്മകളുടെ ഒറ്റയാൻകളി

Book Review

ഓർമ്മകളുടെ ഒറ്റയാൻകളി


“കഥകള്‍ എഴുതുന്നവര്‍ മറ്റാര്‍ക്കും കണ്ടുപിടിക്കാനാവാത്ത ഒരു മൂന്നാം ചെവിയുമായി മനുഷ്യര്‍ക്കിടയില്‍ ഇരിക്കുന്നു. ഈ ചെവി മനുഷ്യരുടെ ഓര്‍മകള്‍ ശേഖരിക്കാനുള്ളതാണ്. പിന്നീടതില്‍ നിര്‍ലോഭം അവര്‍ ഭാവന കലര്‍ത്തും.'' "റിപ്പബ്ലിക് ഓഫ് ഡ്രീംസ്' എന്ന കഥയില്‍ ഹരികൃഷ്ണന്‍ തച്ചാടന്‍ ഇങ്ങനെ എഴുതിവയ്ക്കുന്നു. ഹരികൃഷ്ണന്റെ ഈ സമാഹാരത്തിലെ എല്ലാ കഥകളുടെയും സ്വഭാവം പൊതുവായി ഈ വരികളുമായി ചേര്‍ന്നുനില്‍ക്കുന്നുണ്ടെന്ന് കഥകള്‍ വായിച്ചുകഴിയുമ്പോള്‍ ഒന്നുകൂടി ഉറപ്പിക്കപ്പെടുന്നു.
ഓര്‍മകള്‍ ആണ് ഈ ചെറുപ്പക്കാരന്റെ ശക്തിയും അടിത്തറയും. "ഓര്‍മകളുണ്ടായിരിക്കണം' എന്നത് വെറുമൊരു പദം മാത്രമല്ലെന്നും അത് ഏതൊരു മനുഷ്യനും ശ്വാസംപോലെ ഉള്ളിലെടുക്കേണ്ട ഒന്നാണെന്നും ഹരികൃഷ്ണന്റെ കഥകള്‍ വിളിച്ചുപറയുന്നു. ഓര്‍മകളില്‍ കാടുള്ള മൃഗത്തെ എളുപ്പം മെരുക്കാനാവില്ല എന്ന കവിവാക്യംപോലെ ഈ കഥകളെയും അങ്ങനെയൊന്നും മെരുക്കിയെടുക്കാനാവില്ല. ഒഴുക്കിനെതിരായുള്ള മത്സ്യങ്ങളുടെ ചാട്ടംപോലെ, കാട്ടുമൃഗത്തിന്റെ കുതിച്ചുചാട്ടം പോലെ, ദേശാടനപ്പക്ഷിയുടെ ദിശ തേടല്‍പോലെ അത് തനിമയുടെ ചൂടിലും ചൂരിലും വേറിട്ടുനില്‍ക്കും. മെരുക്കിയെടുക്കാന്‍ ശ്രമിക്കുന്തോറും അത് മാറിനില്‍ക്കും. നിഗൂഢമായ വഴികളിലൂടെ സഞ്ചരിക്കുന്ന കഥകളും കഥാപാത്രങ്ങളും വായനക്കാരെ വേറിട്ടൊരു ലോകത്തിലേക്ക് ഔപാചാരികതകളൊന്നുമില്ലാതെ കൊണ്ടുപോകും. മനസ്സാകെ തരിച്ചുനില്‍ക്കുന്ന ഒരനുഭവം ഒട്ടുമേ വൈകാതെ നല്‍കുകയും ചെയ്യും.
പരിചിതമെന്ന് തോന്നിക്കുന്നൊരിടത്തുനിന്ന് തുടങ്ങുകയും പരിചിതരാണെന്ന്  തോന്നിക്കുന്ന മനുഷ്യരിലൂടെ മുന്നോട്ടുപോകവേ തീര്‍ത്തും അപരിചിതമായ അനുഭവലോകത്തേക്ക് നമ്മെ വലിച്ചിടുകയും ചെയ്യാറുള്ള ആഖ്യാനത്തിന്റെ മാന്ത്രികത ഈ ചെറുപ്പക്കാരന്റെ കഥകളില്‍ സജീവമാണ്.
ഇരുപത്തിമൂന്നാം വയസ്സില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എന്റെ ആദ്യകഥാസമാഹാരം "ജനം (കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിര്‍മിതി)'യിലെ കഥകള്‍ ഇതിലെ കഥകള്‍ വായിക്കുമ്പോള്‍ ഓര്‍മയിലെത്തുകയുണ്ടായി. ദേശവും ദേശത്തിലെ മനുഷ്യരും പ്രകൃതിയും ജീവജാലങ്ങളുമെല്ലാം, യാഥാര്‍ത്ഥ്യവും ഭാവനയും സ്വപ്‌നവും കൂടിക്കലര്‍ന്നുള്ള കഥകളായിരുന്നു ജനത്തില്‍. അതേപോലെ ദേശവും ജീവിതവും കൊണ്ടുള്ള ഒരു പകിടകളി ഹരികൃഷ്ണന്റെ കഥകളിലും കണ്ടെതിന്റെ സന്തോഷംകൂടി എനിക്കുണ്ട്. വായിച്ചുകഴിഞ്ഞ് കുറച്ചുനേരം നിശ്ശബ്ദതയോടെ വെറുതെയിരിക്കാനും ലോകം ഇങ്ങനെയൊക്കെയാണ് എന്ന് നെടുവീര്‍പ്പെടാനും ഇതിലെ പല കഥകളും പ്രേരിപ്പിക്കുന്നു. മനസ്സില്‍ ഉന്മാദമുള്ള മനുഷ്യരുടെ വഴികളും വഴിത്തെറ്റുകളും ഇതില്‍ കണ്ടറിയുന്നു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രകൃതിക്കും ഒപ്പം നില്‍ക്കാനും അവയുടെ സങ്കടങ്ങള്‍ക്ക് ഒപ്പം ചേരാനുമുള്ള മാനവികത ഉയിര്‍ക്കൊള്ളുന്നു. തോറ്റുപോവുന്ന മനുഷ്യരുടെ വിലാപങ്ങള്‍ അതിവൈകാരികതയേതുമില്ലാതെ ഉള്ളിലേക്ക് പടര്‍ന്നുകയറും വിധം കത്തിപ്പിടിക്കുന്നു.
"റൂറല്‍ മാറഡോണ' എന്ന കഥ മറഡോണയില്‍ നിന്ന് ആരംഭിച്ച് നാട്ടിടവഴികളിലൂടെയും നാട്ടുമനുഷ്യരുടെ മനസ്സിന്റെ മൈതാനങ്ങളിലൂടെയും ആഖ്യാനത്തിന്റെ മികവാര്‍ന്ന ഡ്രിബ്ലിങ്ങിലൂടെയും കടന്നുപോകുന്ന ചെറുകഥയാണ്. കളിയും കാര്യവും രണ്ടാകാതെ കളിയില്‍ കാര്യം ചേര്‍ത്തും കാര്യത്തില്‍ കളി ചേര്‍ത്തുമുള്ള കൗശലമാര്‍ന്ന അവതരണം ഈ കഥയെ വ്യത്യസ്തമാക്കുന്നു. സാഷയുടെ സങ്കടങ്ങളിലൂടെയും ഏകാന്തതകളിലൂടെയുമുള്ള ആഴമേറിയ സഞ്ചാരമാകുന്നു "അശ്വഗന്ധി'. മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കുന്ന കഥകൂടിയാണിത്. ചെത്തിമിനുക്കിയ വാക്കുകളിലൂടെ വായനക്കാരുടെ ഉള്ളിലേക്ക് അശ്വഗന്ധി വേഗത്തില്‍ കടന്നുകയറുന്നു.
"ഖെദ്ദ' എന്ന കഥ വായിക്കുമ്പോള്‍ ഒരു കൊടുങ്കാട്ടിനുള്ളിലാവും നമ്മള്‍. കഥ വായിച്ചുകഴിയുന്നത് വരെ കാട്ടില്‍നിന്ന് നമുക്കിറങ്ങി വരാനും കഴിയില്ല. കാടും കാട്ടിലെ വേട്ടയും ഇരവാന്‍ എന്ന ആനയും നായകനും നമ്മളെ വിടാതെ കൂടെനിര്‍ത്തും. മനോഹരമായ ക്രാഫ്റ്റില്‍ കഥാകൃത്ത് നമ്മളെ കഥയില്‍ കുടുക്കിയിടുന്നത് എങ്ങനെയാണെന്ന് കാണണമെങ്കില്‍ ഖെദ്ദ വായിച്ചാല്‍ മതി.
സ്‌നേഹത്തിന് ആരാണ് അതിരുകള്‍ കല്പിക്കുന്നതെന്ന കാലങ്ങളായുള്ള ചോദ്യത്തിന് ഉത്തരം തേടുന്ന കഥയാണ് "സൂത്രാട്ടി'. നടപ്പുകാലവും ഭൂതകാലവും ഈ കഥയില്‍ പാമ്പുകള്‍പോലെ ചുറ്റിപ്പിണയുന്നത് കാണാം. സ്വപ്നങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്ന കമ്പനിയുടെയും എഴുതുന്നത് സ്വപ്‌നം കാണുന്ന നായകന്റെയും കഥ പറയുന്നു  "റിപ്പബ്ലിക് ഓഫ് ഡ്രീംസ്'. സ്വപ്‌നങ്ങളറ്റു പോയ സ്‌നേഹരഹിതമായ കാലവും ഒഴിവാക്കപ്പെടുന്ന മനുഷ്യരുടെ വിലാപവും ഈ കഥയുടെ അഭയാര്‍ത്ഥിത്തട്ടായി നില്‍ക്കുന്നു. ഒപ്പം "നമ്മളൊക്കെ ആരുടെ സ്വപ്‌നമാണ്!' എന്ന തോന്നലിന്റെ മറുവശവും ഈ കഥയില്‍ തെളിഞ്ഞുമറയുന്നുണ്ട്.

"പന്നിക്കളി' പന്നിയുടെ വേട്ടയാടലിനൊപ്പം മനുഷ്യന്റെ വേട്ടയാടലും കൂടിക്കലരുന്ന രചനയാണ്. "ഖെദ്ദ'യിലേതുപോലെ മനുഷ്യരും മൃഗങ്ങളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാവുന്നത് ഇവിടെയും അനുഭവിക്കാം. ചേലക്കോടന്‍ പാത്തുമ്മയെ അന്വേഷിച്ചുപോകുന്ന നായകന്റെ കഥ പറയുന്നു  "പാത്തുമ്മയുടെ വീട്'. ബഷീറും പാത്തുമ്മയുടെ ആടും ഈ കഥയില്‍ കടന്നുവരുന്നുണ്ട്.  സ്റ്റീഫന്‍ ഹോക്കിങ്സ് സമയസഞ്ചാരികള്‍ക്കായി സംഘടിപ്പിച്ച പാര്‍ട്ടിയെ അടിസ്ഥാനമാക്കി എഴുതിയ 'സമയസഞ്ചാരികള്‍ക്ക് ഒരു നിശാവിരുന്ന്' എന്ന കഥയും തണ്ടാന്റെ വ്യഥിതജീവിതം ആവിഷ്‌കരിക്കുന്ന "മലബാര്‍ ട്രഷര്‍ ഹണ്ടിങ്ങും' ഡാറ്റ തിരയുന്ന വേട്ടക്കാരെക്കുറിച്ച് പറയുന്ന "റെഡ് ഡാറ്റ'യും ഇതിലെ മറ്റ് പ്രധാന കഥകളാണ്.
ഭ്രമാത്മകതയുടെയും ഭാവനയുടെയും ലോകത്തിലിരുന്ന് കാലത്തെ കാണുന്ന ആഖ്യാനങ്ങളായിട്ടാണ് ഹരികൃഷ്ണന്റെ കഥകളെ ഞാന്‍ കാണുന്നത്. എല്ലാ കഥകളിലും യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം ഇരുണ്ട ഭാവനകളുടെ കാടുകയറ്റം ഏറിയും കുറഞ്ഞും കാണാം. അത് വെറുത വേണ്ടാത്ത പണിക്ക് നില്‍ക്കുന്നൊരു കാടുകയറ്റമല്ല, വായനക്കാരെ തട്ടിയുണര്‍ത്തുന്ന കാടുകയറ്റങ്ങളാണ്. ആ കയറ്റങ്ങളിലെ നിലവിളിയും ഭയവും നിശ്വാസവും മാഞ്ഞുപോകലും വായനക്കാരനും അനുഭവിക്കുന്നു.
യാഥാര്‍ത്ഥ്യവും ഭാവനയും കൂടിച്ചേര്‍ന്നുള്ള ഒറ്റവരമ്പിലൂടെ ഈ എഴുത്തുകാരന്‍ തന്റേതായ നേരും നെറിയുമുള്ള ഈ കഥകളുമായി നടന്നുവരികയാണ്.
ആ നടത്തം വായനക്കാര്‍ ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഓര്‍മകളുമായുള്ള ഒറ്റയാന്‍കളിയില്‍ ഹരികൃഷ്ണന്‍ ലക്ഷ്യത്തിലെത്തട്ടെ.

അശ്വഗന്ധി
ഹരികൃഷ്ണന്റെ എല്ലാ കഥകളിലും യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം ഇരുണ്ട ഭാവനകളുടെ കാടുകയറ്റം ഏറിയും കുറഞ്ഞും കാണാം. അത് വെറുതേ വേണ്ടാത്ത പണിക്ക് നില്‍ക്കുന്നൊരു കാടുകയറ്റമല്ല, വായനക്കാരെ തട്ടിയുണര്‍ത്തുന്ന കാടുകയറ്റങ്ങളാണ്. ആ കയറ്റങ്ങളിലെ നിലവിളിയും ഭയവും നിശ്വാസവും മാഞ്ഞുപോകലും വായനക്കാരനും അനുഭവിക്കുന്നു.

ഹരികൃഷ്ണൻ തച്ചാടൻ


Related Articles