അത്ഭുതങ്ങളും അടയാളങ്ങളുമില്ലാതെ ഒന്നും തന്നെ നിങ്ങൾ വിശ്വസിക്കുകയില്ല എന്ന ബൈബിൾവാക്യം ഉദ്ധരിച്ചുകൊണ്ടാണ് ‘മാതാവും പുത്രനും വിശുദ്ധാത്മാവും’ എന്ന കഥ ബിനുരാജ് ആരംഭിക്കുന്നത്. ഈ സമാഹാരത്തിലെ അഞ്ചാമത്തെ കഥയിലെത്തുമ്പോഴേക്കും (മേല്പറഞ്ഞ കഥ) അത്ഭുതങ്ങളും അടയാളങ്ങളുമായി, കഥപറയാനറിയുന്ന ഒരാൾ നടന്നുവരുന്ന കാലൊച്ച എനിക്കുകേൾക്കാം. തനിക്ക് മുമ്പുണ്ടായിരുന്ന കഥാകൃത്തുക്കളെക്കുറിച്ചോ ഇപ്പോഴുള്ളവരെക്കുറിച്ചോ കഥയെഴുതുമ്പോൾ പാലിക്കേണ്ട സിദ്ധാന്തങ്ങളെക്കുറിച്ചോ കഴിഞ്ഞുപോയ നവോത്ഥാനകാല കലാസങ്കല്പങ്ങളെപ്പറ്റിയോ ആധുനിക–ഉത്തരാധുനിക കാലങ്ങളെക്കുറിച്ചോ ഒക്കെയുള്ള ചിന്താഭാരമില്ലാതെ പൊടുന്നനേ തെരുവിലൊരു മാന്ത്രികൻ പ്രത്യക്ഷപ്പെടുന്നതുപോലെ. മാന്ത്രികൻ ശൂന്യതയിൽനിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതുപോലെ ചില കഥകൾ പറഞ്ഞ് ബിനുരാജ് നമ്മെ അത്ഭുതപ്പെടുത്തുകയാണ്. ജീവിതത്തിലെ ഒരു സംഭവത്തിന്റെയോ രംഗത്തിന്റെയോ ഭാവത്തിന്റെയോ ഗദ്യത്തിലുള്ള ചിത്രമെന്നാണ് ചെറുകഥയെ കേസരി ബാലകൃഷ്ണപിള്ള വിശേഷിപ്പിച്ചത്. ബിനുരാജിന്റെ കഥകളെല്ലാംതന്നെ അത്തരം സിദ്ധാന്തങ്ങളെ ഉടച്ചുകളയുകയും ഒരു സംഭവത്തിന്റെ പല അടരുകൾക്കിടയിൽ എണ്ണമറ്റ കഥകൾ തിരുകിവയ്ക്കുകയും ചെയ്യുന്നു. കഥപറച്ചിൽ രാവെളുക്കുവോളം തുടരുകയും നാമത് ഉറങ്ങാതെ കേട്ടിരിക്കുകയും ചെയ്യുന്നു.
അനായാസമായാണ് ബിനുരാജിന്റെ പറച്ചിൽ. എവിടെയും തട്ടിത്തടയാതെയുള്ള ഒഴുക്കാണ് ഈ കഥകളുടെ മൗലികത. ഓരോ കഥ തീരുമ്പോഴും ദൂരെ വരമ്പിനക്കരെ ഇരുട്ടിൽ മിന്നാമിനുങ്ങുകൾ ചേക്കേറിയ തൂവെള്ളത്താടിയുമായി കഥപറച്ചിലുകാരൻ നടന്നുപോകുന്നതു കാണാം. അല്ലെങ്കിൽ അകലേക്കകലേക്കു നീണ്ടുപോകുന്ന ഒരു നാടൻ പാട്ടുകഥയുടെ ഈരടികൾ കേൾക്കാം.
ഈ കഥകളെല്ലാംതന്നെ തനിനാടനാണ്. നഗരം ആവേശിച്ചിട്ടില്ലാത്ത കഥകൾ. ഒരുപക്ഷേ, കാലംപോലും കെണിയിൽ പെടുത്താത്തവ. ഓരോ കഥയുടെയും പാതിരവരമ്പിൽ ഒരു യക്ഷിത്തള്ളയിരുന്ന് പിറുപിറുക്കുന്നു. ചിലപ്പോൾ കല്ലുകൊത്തുകാരിയായും കൈനോട്ടക്കാരിയായും ടീച്ചറായും അവർ നമ്മുടെ മുമ്പിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു. ഓരോ തവണ ഓരോ രൂപത്തിൽ വരുമ്പോഴും ഏറ്റവും പുതിയതൊന്ന് അവർ കൊണ്ടുവരുന്നു. ചിലപ്പോൾ ഷേക്സ്പിയറുടെ ‘മാക്ബത്തി’ൽനിന്നിറങ്ങി വരുന്ന ദുർമന്ത്രവാദിനികളെപ്പോലെ ഭ്രമിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു.
വലിപ്പത്തെ ബിനുരാജിന്റെ കഥകൾ ഗൗനിക്കുന്നേയില്ല. സത്യം തേടിയിറങ്ങിയ ഏഴ് കള്ളന്മാരുടെ കഥതന്നെ നോവൽസ്വഭാവം പുലർത്തുന്നു. ഏഴുപേർ പറയുന്ന കഥകൾക്ക് ഏഴ് കഥാഗതികളുണ്ടെങ്കിലും അവ ഒരൊറ്റച്ചരടിൽ മാന്ത്രികമായി ബന്ധിപ്പിക്കപ്പെട്ടവയാണ്. എല്ലാ കഥകളിലും അപവാദം പറഞ്ഞുപരത്തുന്ന കൂനിത്തള്ളയും കുരുടിത്തള്ളയും പ്രത്യക്ഷപ്പെടുന്നു. കഥയുടെ ഗതിമാറ്റുന്ന അത്ഭുതവിദ്യ അവരുടെ കൈയിലാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ അവർ പറഞ്ഞുപരത്തുന്ന അപവാദങ്ങൾതന്നെയാണ് കഥകളും.
