പ്രണയത്തിനൊപ്പം മരണം രുചിക്കുന്ന 'കാവ'

Book Review

പ്രണയത്തിനൊപ്പം മരണം രുചിക്കുന്ന 'കാവ'


The borders between countries are nothing but cannons and generals. Where there is peace and mutual love, no one cares about borders. -Hermann Hesse

ആഷ് അഷിതയുടെ 'കാവ' എന്ന നോവലിന്റെ ആസ്വാദനത്തെ ഏറ്റവും ഋജുവായി ആവിഷ്കരിക്കാന്‍ കഴിയുക 'Steppenwolf' എന്ന കൃതിയില്‍ ഹെര്‍മന്‍ ഹെസ്സേ കുറിച്ച ഈ വാക്കുകളാണ്. അതിര്‍ത്തികള്‍ മനുഷ്യരെ അപരവല്‍ക്കരിക്കുകയും അവരോട് ശത്രുതയോടെ പെരുമാറുകയും ചെയ്യുന്നത് എപ്രകാരമാണെന്ന് 'കാവ' എന്ന നോവലിലൂടെ ആഷ് അഷിത തീവ്രമായി ആവിഷ്കരിച്ചിട്ടുണ്ട്.

ആഷ് അഷിതയുടെ രചനകള്‍ ഭാവുകത്വപരമായി ചലച്ചിത്രങ്ങളുടെ ആഖ്യാനരീതിയെ പിന്‍പറ്റാറുണ്ട്. 'കാവ'യും ഈ രീതി പിന്‍തുടരുന്നു. Michel Hazanavicius സംവിധാനം ചെയ്ത The Search എന്ന സിനിമയുടെ ആഖ്യാനത്തോട് ഏറെ ഇഴയടുപ്പം ഈ നോവലിനുണ്ട്. രണ്ടാം ചെചെന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ (1999-2009), ചെച്‌നിയയിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഇരകളായവര്‍ തങ്ങളുടെ ഉറ്റവരെ തേടുന്നതാണ് The Search എന്ന ചലച്ചിത്രത്തിന്റെ കേന്ദ്രപ്രമേയം. യുദ്ധത്തിനിടയിലൂടെ ഒമ്പത് വയസ്സുകാരന്‍ ഹാഡ്ജി തന്റെ ഇളയ സഹോദരനുമൊത്ത് നടത്തുന്ന യാത്ര പോലെ അരക്ഷിതത്വം നിറഞ്ഞതാണ്, 'കാവ' നോവലിലെ നായിക ഗൗരി ജാനകിയുടെ യാത്രയും. ചെചെന്‍ യുദ്ധത്തിനിടയില്‍ നഷ്ടപ്പെട്ട തന്റെ ഇളയ സഹോദരങ്ങളെ അന്വേഷിച്ച് റൈസ നടത്തുന്ന യാത്രയക്ക്, അവളുടെ തിരച്ചലിന് സമാനമാണ് ഗൗരി ജാനകിയുടെ യാത്രയും. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യപ്പെട്ട സമയം, തന്റെ കാമുകന്‍ കബീര്‍ സോഫിയെ അന്വേഷിച്ച് ഗര്‍ഭിണിയായ ഗൗരി ജാനകി നടത്തുന്ന യാത്രയും ഏറെക്കുറെ റൈസ നടത്തുന്ന യാത്രപോലെ സംഘർഷഭരിതവും ഭരണകൂടത്തിന്റെ ഇടപെടലുകളാല്‍ ദുസ്സഹവുമാണ്. ചെച്‌നിയില്‍ യുദ്ധമാണ് റൈസയ്ക്ക് നേരിടേണ്ടി വരുന്നതെങ്കില്‍, കാശ്മീരില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഗൗരി ജാനകിയ്ക്ക് നേരിടേണ്ടി വരുന്നത്. ഒരുവള്‍ തന്റെ സഹോദരങ്ങളെ അന്വേഷിക്കുമ്പോള്‍, മറ്റൊരുവള്‍ ഇണയെ അന്വേഷിക്കുന്നു. രണ്ടുപേരും ഭരണകൂടത്തിന്റെ അധികാരക്കൊതിക്കും വംശീയതയ്ക്കും ഇരയാണ്.


Related Articles