ഒറ്റയാന്റെ കൂറ്റ്

Book Review

ഒറ്റയാന്റെ കൂറ്റ്


രഞ്ജുവിനെ അവന്റെ എഴുത്തിന്റെ ആദ്യകാലംതൊട്ട് അറിയാവുന്ന ആളുകളിൽ ഒരാളാണ് ഞാൻ. ജീവിതത്തെയും എഴുത്തിനെയുംകുറിച്ചുള്ള തീവ്രതരമായ ആകുലതകൾ എപ്പോഴും അവനിലുണ്ടായിരുന്നു. അതിന്റെ അരക്ഷി​താ​​വ​സ്ഥ ഏറിയും കുറഞ്ഞും അവനു ചുറ്റിലും കറങ്ങി​​ത്തി​രി​ഞ്ഞു നിന്നു. അരക്ഷിതമാർന്ന മനസ്സ് എപ്പോഴും സർഗാത്മ​കമായിരിക്കും. പുതിയ തോന്നലുകളും പുത്തൻചിന്തകളും പുതു കഥാതന്തുക്കളും അത്തരം മനസ്സുള്ളവരിൽ അവർ പോലും വിചാരിക്കാതെ അവരിലേക്കു കടന്നുവരും. രഞ്ജു​വിൽ അതുണ്ടെന്ന് എനിക്ക് മനസ്സിലായിരുന്നു. ഊറ്റംനിറഞ്ഞ കഥകൾ അവനിൽനിന്നുണ്ടാവുമെന്നും എനിക്ക് തോന്നിയിരുന്നു. എന്റെ പ്രതീക്ഷതെറ്റിയിട്ടില്ല എന്നതിന്റെ തെളിവായി അവന്റെ ആദ്യകഥാസമാഹാരത്തിലെ കഥകൾ ഇതാ എന്റെ മുന്നിൽ വായനയും കഴിഞ്ഞ് ഊറ്റമൊട്ടും കുറയാതെ കിടക്കുന്നു.

പന്നി മുതൽ കൂറ്റ് വരെയുള്ള ഒൻപതു കഥകളാണ് ‘ചാൾസ് ഡാർവിന്റെ കണക്കുപുസ്തകം’ എന്ന ഈ കഥാസമാഹാരത്തിൽ ഉള്ളത്. രണ്ടോ മൂന്നോ കഥകൾ ഒഴിച്ച് വലിപ്പം കൂടിയ കഥകൾ. പലതരം ഏകാന്തതകളുടെ ആഴമേറിയ കനം ഇതിലെ കഥകളിൽ തെളിഞ്ഞും മറഞ്ഞും കിടപ്പുണ്ട്. സമകാലികമായ അനുഭവാഖ്യാനങ്ങളിലല്ല രഞ്ജുവിന്റെ സർഗ്ഗനോട്ടം. അത് പ്രാദേശികമായിരിക്കുമ്പോൾതന്നെ സാർവലൗകികമായിട്ടുള്ള ചിന്തകളിലേക്കും ദർശനങ്ങളിലേക്കും വഴിതുറക്കാൻ ശ്രമിക്കുന്നുണ്ട്. പ്രണയവും പ്രണയത്തിന്റെ നിസ്സഹായതയും ചതിയും ചതിയുടെ നിസ്സാരതയും ഒഴിവാക്കപ്പെടലും ഒഴിവാക്കപ്പെടലിന്റെ ഇരുൾത്താരയും അനാഥത്വവും അനാഥത്വത്തിന്റെ പിന്തുടർച്ചയും രഞ്ജുവിന്റെ ഈ സമാഹാരത്തിലെ കഥകളിൽ അന്തർലീനമായി കിടക്കുന്നു.

ആദ്യകഥയായ ‘പന്നി’ കണ്ടനാർ കേളൻ തെയ്യത്തിന് നേർച്ച​യായി പന്നിയെ പിടിക്കാൻ കാട്ടിലിറങ്ങുന്ന കൊട്ടന്റെ കഥ പറയുന്നു. മാതൃത്വം നിഷേധിക്കപ്പെട്ട കൊട്ടനിലേക്ക് മതിര എന്ന കാടിന്റെ ചൂരുള്ള പെണ്ണ് കടന്നുവരുന്നതും അവൾ അയാ​ളിൽ ഉണർത്തുന്ന സ്നേഹത്തിന്റെ കാട്ടുവഴികളും തിരിച്ചറിവിന്റെ ഓർമ്മയോട്ടങ്ങളും പന്നിയിൽ എഴുതി​വയ്ക്കുന്നു. അമ്മയില്ലാത്ത കൊട്ടനെപ്പോലെ അമ്മ കൊല്ലപ്പെട്ട പന്നി​ക്കുഞ്ഞ് കണ്ടനാർ കേളനുമുന്നിൽ സമർപ്പിക്കപ്പെടുന്നത് വായിക്കുമ്പോൾ മനം ഒന്ന് ഇടറും. ഇടതൂർന്നുവളരുന്ന വൃക്ഷഛായയുടെ തണുപ്പാർന്ന ഇരുട്ടുണ്ട് ഈ കഥയുടെ ആഖ്യാനത്തിന്. കാടറിയും കഥ വായിക്കുമ്പോൾ. കാട്ടുമനസ്സറിയും കഥ വായിച്ചുതീരുമ്പോൾ. ഉന്മാദത്തിന്റെ പൂമ്പാറ്റകൾ മനസ്സിൽ പറന്നുകളിക്കുന്ന കൊട്ടനും കൊട്ടന്റെ മതിരയും കഥയിൽ നിന്ന് വായിക്കുന്നവരുടെ മനസ്സിലേക്ക് ഒരിക്കലും മായാതെ ഇറങ്ങിവരും എന്ന് വായനക്കാരൻ എന്ന നിലയിൽ ഞാൻ മനസ്സിലാക്കുന്നു.


Related Articles