“ആടുകളുടെ വാതിൽ” എന്ന ഈ കവിതാസമാഹാരം, കവിയുടെ പതിനാല് വർഷത്തെ നിശ്ശബ്ദത ആകെത്തുകയാണ്. ഈ നിശ്ശബ്ദത ഒരു അഭാവമല്ല; മറിച്ച് ഒരു ആന്തരിക രൂപാന്തരത്തിന്റെ സമയമാണ്. അതുകൊണ്ടുതന്നെ ഈ സമാഹാരത്തെ വെറും കവിതകളുടെ പുസ്തകമെന്നതിലുപരി, ധ്യാനാത്മകമായൊരു നിരന്തര പ്രയാണത്തിന്റെ രേഖപ്പെടുത്തലായി കാണാനാണ് എനിക്കിഷ്ടം. അന്വേഷണങ്ങളുടെ, ആത്മികമായ എത്തിപ്പെടലുകളുടെ, നഷ്ടങ്ങളുടെയും തിരിച്ചുകണ്ടെത്തലുകളുടെയും സാക്ഷ്യപത്രം പോലെ ഈ കവിതകൾ വായിക്കപ്പെടുന്നു.
ഗോവിന്ദനുണ്ണിയുടെ കവിതകളുടെ സ്ഥായിയായ ഭാവം ഒരു സഞ്ചാരിയുടെ നിശ്ശബ്ദമായ യാത്ര പോലെയാണ്. അത് അധികം ഒച്ചയനക്കമില്ലാത്ത, എന്നാൽ ഉള്ളിൽ അതീവ സാന്ദ്രതയുള്ളൊരു സഞ്ചാരമാണ്. മറ്റാർക്കും കാണാനാവാത്ത കാഴ്ചകളിലേക്കും കേൾക്കാനാവാത്ത ശബ്ദങ്ങളിലേക്കും, നമുക്കുതന്നെ പലപ്പോഴും അന്യമായിത്തീരുന്ന ഉള്ളിലെ ദേശങ്ങളിലേക്കും, നമ്മെ നയിക്കുന്ന നിഗൂഢമായൊരു ആനന്ദത്തിന്റെ വഴി. അതുകൊണ്ടുതന്നെ ഈ കവിതകൾ വായനക്കാരെ ഉടനെ കീഴടക്കുന്നവയല്ല; മറിച്ച് പതുക്കെ അവരുടെ ഉള്ളിൽ പാർക്കുന്നവയാണ്.
പലപ്പോഴും നിങ്ങളെ തിരഞ്ഞുവരുന്ന മരത്തക്കാളിയുടെ മണമുള്ള കവിതകൾ. മഴ കഴിഞ്ഞൊരു കാടിന്റെ നനവും, ഇടിഞ്ഞുപോയമലകളുടെ ഓർമ്മയും, വെളിച്ചം കുറഞ്ഞ വഴികളിലൂടെ ഒറ്റയ്ക്കു നടന്നുപോകുന്ന ഒരാളുടെ ശ്വാസവും ഇവയിൽ കലർന്നുകിടക്കുന്നു. മരങ്ങളോടും കൂരകളോടും മനുഷ്യരോടും ശമിക്കാത്ത സ്വപ്നങ്ങളോടുംകൂടെ ഇടിഞ്ഞമർന്ന മലകളെക്കുറിച്ചുള്ള പ്രാചീനമായ ഒരീണം.
