നിശ്ശബ്ദനിലവിളികളുടെ ചരിത്രയാഥാർത്ഥ്യങ്ങൾ

Book Review

നിശ്ശബ്ദനിലവിളികളുടെ ചരിത്രയാഥാർത്ഥ്യങ്ങൾ


2025-ലെ സെഡോറ നോവൽ പുരസ്കാരം നേടിയ അനുജിത്ത് ശശിധരന്റെ 1926 ക്രൈം @കോട്ടയം അഥവാ നിവാതകവചകാലകേയവധം ഒരു മികച്ച കുറ്റാന്വേഷണനോവലിന്റെ എല്ലാവിധ ആകാംക്ഷകളും ഉദ്വേഗങ്ങളും ഗംഭീരമായി വിനിമയം ചെയ്യുമ്പോൾ തന്നെ, വളവുകളും തിരിവുകളും കുണ്ടുകളും കുഴികളും നിറഞ്ഞ സാമൂഹികചരിത്രത്തിന്റെ സൂക്ഷ്മയാഥാർത്ഥ്യങ്ങളിലേക്ക് ധൈര്യപൂർവ്വം നടന്നുകയറുന്ന വ്യത്യസ്തതയും സമ്മാനിക്കുന്നു. വിശ്വാസങ്ങളും അനാചാരങ്ങളും എത്ര ശക്തമായാണ് അധികാരരൂപങ്ങളോട് ചേർന്നു നിൽക്കപ്പെടുന്നതെന്നും എത്ര ദയാരഹിതമായാണ് അവയുടെ ലക്ഷ്മണരേഖകൾക്കപ്പുറം നിർത്തപ്പെട്ടവരോട് പെരുമാറുന്നതെന്നും നോവൽ നമ്മളോട് വിളിച്ചുപറയുന്നു.

കാലം അന്നും ഇന്നും നിഷ്കളങ്കമല്ല. നൻമ പോലെ തന്നെ തിൻമയും ചരിത്രബദ്ധമാണ്. 1926 ലെ കർക്കടകപ്പേമാരിയിൽ കുലംകുത്തിയൊഴുകുന്ന മീനച്ചിലാറിന് മുകളിൽ കോട്ടയം നാഗമ്പടം പാലത്തിന്റെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ ഒരു മൃതദേഹം കാണപ്പെടുന്നതും അതൊരു കൊലപാതകമാണെന്ന് തെളിയുന്നതും തുടർന്നുള്ള അന്വേഷണവുമാണ് പ്രത്യക്ഷത്തിൽ ഈ നോവൽ. ഇൻസ്പെക്ടർ കുരുവിളയ്ക്കൊപ്പം അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തും സാധാരണക്കാരനുമായ ചന്ത്രപ്പണിക്കരാണ്. അധികാരത്തിന്റെ കനപ്പെട്ട ആടയാഭാരണങ്ങളില്ലാതെ ഒരു സാധാരണക്കാരനായ ചന്ത്രപ്പണിക്കരുടെ അന്വേഷണയാത്രകൾ സാധാരണങ്ങളൊക്കെ എത്ര അസാധാരണങ്ങളാണെന്നു ബോധ്യപ്പെടുത്തുന്നു.

അധികാരത്തിന്റെ നോട്ടങ്ങളും അന്വേഷണങ്ങളും എപ്പോഴും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ ശ്രേണീകൃതസ്വഭാവം പേറുന്നതാണ്. അറിഞ്ഞോ അറിയാതെയോ അധികാരബോധത്തിന്റെ മുറുകിയ വിരൽപ്പാടുകൾ ഏൽപ്പിച്ചുകൊണ്ടേ അതിന് മുൻപോട്ട് സഞ്ചരിക്കാനാകൂ. എത്രയൊക്കെ മാറി ചിന്തിക്കാൻ ശ്രമിക്കുമ്പോഴും ഇൻസ്പെക്ടർ കുരുവിളയിൽ പോലും അത് സൂക്ഷ്മായി പ്രകടമാകുന്നുണ്ട്. എന്നാൽ ചന്ത്രപ്പണിക്കരിൽ അതില്ല. അയാളുടെ ഏറ്റവും വലിയ ആയുധം സൂക്ഷ്മമായ നിരീക്ഷണബോധവും ദീർഘവീക്ഷണവുമാണ്. കേരളനവോത്ഥാനചരിത്രം ആർജ്ജവത്തോടെ മുന്നോട്ടുവയ്ക്കാനും സങ്കല്പിക്കാനും ശ്രമിച്ച രാഷ്ട്രീയബോധ്യങ്ങൾ ഇടവഴികളിൽ തളരുന്നതും വഴിതെറ്റുന്നതും എങ്ങനെയെന്നും ഇവിടെ വ്യക്തമാകും. നോവലിന്റെ പ്രകടമായ രാഷ്ട്രീയഭാഷ അതുകൂടിയാണ്. ആ അർത്ഥത്തിൽ തീർച്ചയായും ഒരു സാധാരണക്കാരന് മാത്രം അന്വേഷിക്കാൻ കഴിയുന്ന അല്ലങ്കിൽ അയാൾ അന്വേഷിക്കേണ്ട കേസായിരുന്നുവിതെന്ന് വായനക്കാർ സ്വാഭാവികമായി തിരിച്ചറിയും.


Related Articles