നിശബ്ദതയുടെ പര്യായങ്ങൾ

Book Review

നിശബ്ദതയുടെ പര്യായങ്ങൾ


ജീവിതത്തിന്റെ മുറിവുകളെ ഭാഷകൊണ്ട് ഉണക്കുന്ന പ്രവൃത്തിയാണ് സാഹിത്യം. ഭാഷ അതിന്റെ സാമാന്യവ്യാകരണഘടനയില്‍ നിലകൊള്ളുമ്പോഴും അനുവാചകനില്‍ വിസ്മയകരമായ അനുഭൂതിയെ സൃഷ്ടിച്ചെടുക്കുന്നു. സംസ്‌കാരത്തിന്റെ പ്രതിഫലനമായ ഭാഷ, സാഹിത്യമെന്ന സവിശേഷരൂപപ്രാപ്തിയിലൂടെ സഞ്ചരിക്കുകയാണ്. അത്തരമൊരു പ്രതിപ്രവര്‍ത്തനത്തിലൂടെ സിദ്ധിക്കുന്ന ശമനം എഴുത്തുകാരനെ സര്‍വ്വകലാശാലാനിയമാവലികള്‍ക്ക് പുറത്തുനില്‍ക്കുന്ന വൈദ്യനാക്കിമാറ്റുന്നു. മനുഷ്യരാശിയുടെ അപരിഹാര്യമായ ദുഃഖസംഹിതകളെ നിയന്ത്രണവിധേയമാക്കുന്ന കാലാതിവര്‍ത്തിയായ പ്രക്രിയയാണിത്. തന്റെ സാഹിത്യസൃഷ്ടികളിലുടനീളം ഇ.സന്തോഷ്‌കുമാര്‍ പരീക്ഷിച്ചിട്ടുള്ളതും വിജയിച്ചിട്ടുള്ളതുമായ രീതിയാണിത്. നാരകങ്ങളുടെ ഉപമ, മീനുകള്‍, മൂന്ന് വിരലുകള്‍, സങ്കടമോചനത്തിന് ഒരു കൈപുസ്തകം, മുട്ടയോളം വലുപ്പമുള്ള ധാന്യമണികള്‍, പാശുപതം, പാവകളുടെ വീട്, നീലനിറമുള്ള കുട്ടി, മയിലുകളുടെ നൃത്തം തുടങ്ങിയ കഥകളും ചിദംബരം, ഒരാള്‍ക്ക് എത്ര മണ്ണ് വേണം പോലുള്ള നോവെല്ലകളിലും വാക്കുകള്‍, ജ്ഞാനഭാരം, അന്ധകാരനഴി എന്നീ നോവലുകളിലും സന്തോഷ്‌കുമാറിന്റെ രചനാവൈഭവം കാണാം. വിസ്മൃതികളുടെയും അദൃശ്യതകളുടെയും ഖനനവും തെളിച്ചെടുക്കലും അദ്ദേഹത്തിന്റെ രചനകളെ സാര്‍വജനീനമായ മണ്ഡലത്തിലേയ്ക്ക് ഉയര്‍ത്തുന്നു. 'തപോമയിയുടെ അച്ഛന്‍' എന്ന നോവല്‍, മനുഷ്യരാശിയുടെ തീവ്രമായ അസ്തിത്വദുഃഖങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുവാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ്. അതേസമയം തന്നെ പാപബോധത്തിലൂന്നിയുള്ള അഭയാര്‍ത്ഥിത്വത്തിന്റെ സൂക്ഷ്മമസഞ്ചാരവുമാണ്.

ഓര്‍മയുടെയും മറവിയുടെയും വിനിമയശാസ്ത്രം

ഓര്‍മ്മയുടെ മറയ്ക്കപ്പെട്ട അറകളില്‍ അതിസൂക്ഷ്മം മുദ്രണം ചെയ്യപ്പെട്ട സംഭവവിഗതികളെ, തീക്ഷ്ണാനുഭവങ്ങളെ ചിത്രലിപികളില്‍ രേഖപ്പെടുത്തുന്ന ഗോപാല്‍ ബറുവ നിസ്സഹായതയുടെ പ്രതീകമാണ്. അഭയാര്‍ത്ഥിത്വത്തിന്റെയും പലായനങ്ങളുടെയും ലോകചരിത്രത്തിലെ ഒരു സാധാരണ തെരുവുജീവിതമാണ് അദ്ദേഹം. ഗോപാല്‍ ബറുവ, സുമന, ജഹാന്‍, പര്‍വീണ തുടങ്ങിയ കഥാപാത്രങ്ങള്‍ ഭൂതകാലത്തിന്റെ ഫോസ്സിലുകളാണ്. അതായിരിക്കുമ്പോള്‍ത്തന്നെ തങ്ങള്‍ക്ക് ലഭ്യമായ പരിമിതമാധ്യമങ്ങളിലൂടെ ജീവിതത്തെ ജീവിതവ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുന്നവരും പരാജയപ്പെടുന്നവരുമാണ്. അസംഖ്യം പദപ്രശ്‌നങ്ങള്‍ക്ക് ഉത്തരങ്ങള്‍ തീര്‍ത്തുകൊണ്ടാണ് ഗോപാല്‍ ബറുവ ഓര്‍മ്മകളുടെ വേട്ടയാടലിനെ മറവികൊണ്ട് മായ്ക്കുന്നത്. അത്തരം പോംവഴികളിലൂടെയുള്ള താത്കാലികപാര്‍പ്പുകളെ തകര്‍ത്തുകൊണ്ട് സന്താനം ഷണ്മുഖമെന്ന പട്ടാളമേധാവി കടന്നുവരുന്നു. എന്നാല്‍ കൂടുതല്‍ ശക്തവും സുരക്ഷിതവുമായ രക്ഷാമാര്‍ഗ്ഗത്തെയാണ് കേണല്‍ സന്താനം ഷണ്മുഖം ഗോപാല്‍ ബറുവയ്ക്ക് നല്‍കുന്നത്. ഗോപാല്‍ ബറുവയും കേണല്‍ സന്താനവും കണ്ടെത്താന്‍ ശ്രമിച്ചത് ഒരേ കാര്യങ്ങളെത്തന്നെയല്ലേ? പുരാതനലിപിസഞ്ചയങ്ങളെ തെളിയിച്ചെടുക്കുവാന്‍ ഇരുവരും ശ്രമിച്ചുകൊണ്ടേയിരുന്നു. അത്തരമൊരു പ്രവൃത്തിയിലൂടെ രാജ്യസുരക്ഷയുടെ ഭാഗമായി അനവധിയായ ഗൂഡസന്ദേശങ്ങളെ അനാവരണം ചെയ്യുവാനും കൈമാറ്റം നടത്തുവാനും സാധിക്കുന്നു. എങ്കിലും കേണല്‍ സന്താനം ഷണ്മുഖത്തിന്റെ അന്വേഷങ്ങള്‍ മറവിയുടെ ആശ്വാസത്തിനുവേണ്ടിയുള്ളതായിരുന്നില്ല. മാനവരാശിയുടെ ബൃഹത്‌സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. അതിന് അക്കാദമികമായ പ്രവര്‍ത്തനതലവും ആത്മനിര്‍വൃതിയുടെ അനുഭൂതിപരതയുമുണ്ട്. വിജ്ഞാനവിനിമയത്തിന്റെ സങ്കേതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണമാണിത്. ഒരേയൊരു ഗ്രന്ഥംമാത്രം പൂര്‍ത്തീകരിച്ചശേഷം കേണല്‍ സന്താനം ഷണ്മുഖം കാലയവനികയില്‍ മറയുന്നു. വിധിവൈപരീത്യത്താല്‍ സംജാതമായ അശാന്തകാലത്തെ അദ്ദേഹം അഭിമുഖീകരിക്കുന്നത് അനന്തമായ ഏകാന്തതയില്‍ മുഴുകിയും ഭാഷയെ നിസ്സംഗതയോടെ കുടഞ്ഞെറിഞ്ഞുമാണ്. മറവിയുടെ ദ്വീപിലേയ്‌ക്കോ അതിലൂടെ സാധ്യമാകുന്ന ആശ്വാസത്തിന്റെ തീരങ്ങളിലേയ്‌ക്കോ കപ്പലിറക്കാത്ത കപ്പിത്താനായി കേണല്‍ സന്താനം ഷണ്മുഖം നിലകൊണ്ടു. പകരം അപരിമേയമായ മൗനത്തിലേയ്ക്ക് സ്വയം വിലയംകൊണ്ടു. അതായിരുന്നു ജീവിതത്തെയും മരണത്തെയും വേര്‍തിരിക്കുന്ന അദ്ദേഹത്തിന്റെ നേര്‍ത്ത ഭൂമദ്ധ്യരേഖ.


Related Articles