ബിനീഷ് പുതുപ്പണത്തിന്റെ 'പ്രേമ നഗരം' പതിനെട്ടാം പതിപ്പായിരുന്നു ഞാൻ വാങ്ങിയത്. ഇന്നത് പതിപ്പുകൾ ഏറെപ്പിന്നിട്ടിരിക്കുന്നു. കുറച്ചധികം തിരക്കുകളായി പോയതിനാൽത്തന്നെ വായിക്കാനും വൈകി. വായനയ്ക്കു ശേഷം വീണ്ടും കഴിഞ്ഞ ഒരാഴ്ച ‘പ്രേമ നഗര’ത്തെക്കുറിച്ച് ചില കാര്യങ്ങൾ എഴുതാനായി ആലോചിക്കുന്നുണ്ടായിരുന്നു. ആ ദിവസങ്ങളിലൊക്കെയും 'പ്രേമ നഗര'ത്തെക്കുറിച്ച് വന്നിട്ടുള്ള പലതരം അഭിപ്രായങ്ങളിലൂടെ എന്റെ മനസ്സ് കടന്നുപോയി. അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവരൊക്കെ അവരവരുടെ ഭാഗം ന്യായീകരിക്കാനുള്ള കാരണങ്ങളും നിരത്തുന്നുണ്ട്. ഓരോ നോവലും എത്തരത്തിൽ ആസ്വദിക്കണം എന്നുള്ളത് വായനക്കാരുടെ താല്പര്യമാണ്. അതിൽ എഴുതിയ വ്യക്തിക്ക് പിന്നീട് ഇടപെടാനുള്ള അവകാശമില്ല എന്നു വിശ്വസിക്കുന്ന വായനക്കാരിയും എഴുത്തുകാർക്ക് അവരുദേശിച്ച കാര്യങ്ങൾ തുറന്നെഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് വിശ്വസിക്കുന്ന എഴുത്തുകാരിയും കൂടിയായ എനിക്ക് ഇവിടെ രണ്ടു പക്ഷത്തു നിന്നും ചിന്തിക്കേണ്ടതുണ്ട്.
ഒരു വായനക്കാരി എന്ന നിലയിൽ പറയട്ടെ, വായനക്കാർക്ക് അലച്ചിൽ കൂടാതെ ആസ്വാദനം നല്‍കുന്ന തരത്തിലുള്ള വ്യക്തമായ വിവരണങ്ങൾ തീർച്ചയായും ഒരു നോവലിലുണ്ടാകണം. (ചില എഴുത്തുകാർ ചില ഭാഗങ്ങൾ വായനക്കാരുടെ ഇഷ്ടത്തിനു പൂരിപ്പിക്കാൻ വിട്ടു കൊടുക്കാറുണ്ട്, അത്തരം രചനാ രീതി വായനക്കാർ ആസ്വദിക്കുന്ന പക്ഷം തെറ്റു പറയാൻ സാധിക്കില്ല.) ‘പ്രേമ നഗര’ത്തിൽ ആകട്ടെ തുടക്കം മുതൽ അവസാനം വരെ നീലുവും മാധവും അവരുടെ ചുറ്റുപാടും ഒക്കെയായി കഥ വിവരിച്ചു പോകുന്ന രീതിയാണുള്ളത്. വായനക്കാരുടെ ചിന്തയെ കഴിഞ്ഞ കാലത്തേക്കും ഭാവിയിലേക്കും കൊണ്ടു പോകുന്ന തരത്തിലുള്ള യാതൊരു സങ്കീർണതകളുമില്ല. ആസ്വാദനത്തിന് അതിരുകളില്ലാത്ത വർണനകൾ ഉണ്ടായിട്ടും എന്ത് കൊണ്ടാവും പലവിധ ചോദ്യങ്ങൾ ഉയർന്നു വരുന്നത്?
"നിരുപാധിക സ്നേഹം എന്നൊരു സ്നേഹമുണ്ടോ?
നിരുപാധിക പ്രണയം എന്നൊരു പ്രണയമുണ്ടോ?"
