ഒരു ക്ഷണം (പിഴവു പറ്റാതെ വായിക്കാവുന്നത്)

Book Review

ഒരു ക്ഷണം (പിഴവു പറ്റാതെ വായിക്കാവുന്നത്)


ലയാളത്തിലെ ഏറ്റവും പുതിയ എഴുത്ത് നാനാവിധമാണ്. നാനാവിധമാവുക എന്നതിന് നാട്ടുഭാഷയില്‍ അടുക്കും ചിട്ട​യുമെല്ലാം നഷ്ടപ്പെട്ട് ആകെ അലങ്കോലമാവുക എന്നാണര്‍ത്ഥം. ആ അര്‍ത്ഥം പുതിയ മലയാളകഥയുടെ പ്രകരണത്തില്‍ വലി​യൊരളവോളം ശരിയാവുമെന്നറിയാം. പക്ഷേ, തങ്ങള്‍ ചെയ്യു​ന്നതെന്താണെന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവരും പുതുവഴി വെട്ടിത്തെളിക്കുന്നതില്‍ സഹജപ്രേരണയാല്‍ത്തന്നെ അതിയായ ഉത്സാഹം കാണിക്കുന്നവരുമെല്ലാം പുതിയ എഴുത്തുകാര്‍ക്കിടയിലുണ്ട്. നാടോടുമ്പോള്‍ നടുവേ ഓടുന്ന​തിനുപകരം സ്വന്തം വഴിയിലൂടെ സ്വന്തം ഗതിവേഗം സൂക്ഷിച്ചു കൊണ്ടുതന്നെ മുന്നോട്ടുപോകുന്ന അത്തരക്കാര്‍ക്കിടയിലാണ് മൃദുലിനെ ഞാന്‍ കാണുന്നത്.

മൃദുലിന്‍റെ കഥകള്‍ തരുന്ന വ്യത്യസ്തമായ അനുഭവം ആ കഥകളുടെ വായനയില്‍നിന്നേ കൈവരൂ. കഥകളുടെ അപ​ഗ്രഥനം, ഏറ്റവും നന്നായി സാധിക്കുന്ന നിരൂപണംപോലും, ആ അനുഭവത്തിന്‍റെ അരികെയെത്താനിടയില്ല. ഞാന്‍ എന്‍റെ നിരീക്ഷണത്തില്‍ വന്ന കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട​വ മാത്രം ചൂണ്ടിക്കാണിക്കാം. ഈ സമാഹാരത്തിലെ ആദ്യകഥയായ ‘മരിച്ച വീട്ടിലെ മൂന്നുപേര്‍’ അതിനു തുടക്കം കുറിക്കാനുള്ള സൗകര്യം നല്‍കുന്നുണ്ട്.

മരണത്തെ മറികടന്നു പോവുന്ന മനുഷ്യബന്ധങ്ങളാണ് മൃദുലിന്‍റെ ഒരിഷ്ടവിഷയം. ഈ കഥയിലും അതുണ്ട്. അതിലും പ്രധാനപ്പെട്ട കാര്യം, കഥയിലെ മര്‍മപ്രധാനമായ അനുഭവം, സ്നേഹം യഥാര്‍ത്ഥത്തില്‍ സമൂഹസമ്മതമായ സ്ത്രീപുരുഷ​ബന്ധങ്ങളെ വകവെക്കാതെ നിലകൊള്ളുന്ന വിശുദ്ധമായ ഒന്നാണെന്ന മൃദുഭാഷയിലുള്ളതും ഹൃദയസ്പര്‍ശിയുമായ ഓർമ്മപ്പെടുത്തലാണ്. കേരളീയസമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ഈ ഓർമ്മപ്പെടുത്തല്‍; അല്ലെങ്കില്‍, ഉദ്ബോധനത്തിന്‍റെ മുഴക്കവും ഭാവവുമൊന്നുമില്ലാതെ സാധിച്ചിരിക്കുന്ന ഈ ഉദ്ബോധനം. സ്നേഹത്തിന്റെ സാധ്യതകളുടെ സഞ്ചാരപഥം നമ്മുടെ പരമ്പരാഗത ധാരണകളുടെ ഇടുങ്ങിയ വഴികളല്ല എന്ന് മനസ്സിലാക്കാന്‍ തയ്യാറല്ലാത്ത ഒരു സമൂഹമാണ് നമ്മുടേത്. മഹാകവി കുമാരനാശാന്‍ ഒരു നൂറ്റാണ്ടു മുമ്പേ മലയാളിസമൂഹത്തെ ഓര്‍മിപ്പിച്ച മുഖ്യ​മായ കാര്യം ഇതാണ്.


Related Articles