"വേലിയേറ്റ സമയത്ത് കച്ചിലെ തുറമുഖത്തൂന്ന് നോക്കിയാൽ ദൂരെ പാക്കിസ്ഥാന്റെ തീരം കാണാം."
ആർ സ്വാതിയുടെ 'വലിയങ്ങാടിക്കടുത്തൊരു വീട്ടിൽ' എന്ന കഥയിലെ മുൾജി ഭാര്യ ശീനുവിനോട് പറയുന്ന ഈ ഒറ്റ വാചകത്തെ ഈ സമാഹാരത്തിന്റെ ഹൃദയധമിനിയായിക്കാണാം. ദൂരം സ്വാതിയുടെ കഥകളിൽ പ്രത്യക്ഷമായും പരോക്ഷമായും ആവർത്തിക്കുന്നുണ്ട്. ആദ്യ വായനയിലൊരിക്കലും പിടിതരില്ല ഈ ദൂരം. അത്ര സൂക്ഷ്മമായാണ് കഥാകാരി അകലം എഴുത്തിൽ പാകിയിട്ടിരിക്കുന്നത്. കോഴിക്കോട്ടേക്ക് വന്ന് ഇവിടെ കുടുംബമായിക്കഴിയുന്ന മുൾജിക്ക് സ്വദേശമായ കച്ച് ഉള്ളിൽ അടുത്താണെങ്കിലും എത്തിപ്പെടാനാവാത്ത ദൂരത്തിലാണ് സ്വദേശം. അയാളുടെ ഭാഷയിൽ കോഴിക്കോടൻ മലയാളം കലർന്നിരിക്കുന്നു. ജീവിതമോ വലിയങ്ങാടിയിലെ ചെറുവട്ടത്തിനുള്ളിൽ മാത്രം. വന്നുപോവുന്ന ചരക്കുകളുടെ കേന്ദ്രമാണ് അങ്ങാടികൾ. മുൾജിയാവട്ടെ ഒരിക്കൽ എത്തിപ്പെട്ട ദേശത്തിൽ നിന്നും സ്വദേശത്തേക്ക് മടങ്ങാനാവാതെ ഇവിടെ ഉറഞ്ഞുപോയ മനുഷ്യനും. ജീവിതത്തിന്റെ വലിയൊരംശവും ഒരു തുറമുഖനഗരത്തിൽ ചിലവഴിക്കപ്പെടുമ്പോൾ അയാൾക്ക് നഷ്ടമാവുന്നതെന്താവാം? ഈ ചോദ്യത്തിലാണ് കഥാകാരി മുൾജിയുടെ ജീവിതത്തെ കൊരുത്തിട്ടിരിക്കുന്നത്. പ്രണയത്തിൽ തുടങ്ങുകയും വിരഹത്തിൽ അവസാനിക്കുകയും ചെയ്യുന്നു ഈ കഥ, വായനക്കാർ ഒരുപക്ഷേ സംശയിച്ചേക്കാം വിരഹമോ എന്ന്. വ്യക്തിയോടുള്ള പ്രണയത്തിലാരംഭിച്ച് ദേശത്തോടുള്ള വിരഹത്തിലവസാനിക്കുകയാണ് ഈ കഥ. മുൾജിക്ക് ശീനുവിനോടുള്ള പ്രണയം പോലെതന്നെ തന്റെ ദേശത്തോടും പ്രിയമുണ്ട്. ഈ ഇഷ്ടത്തിൽ മുൾജി തന്റെ സ്വത്വമെന്നത് വലിയങ്ങാടിക്ക് പുറത്തുതന്നെയാണെന്ന് ഉറപ്പിക്കുകയാണ്. പ്രത്യക്ഷത്തിൽ രണ്ട് മനുഷ്യരുടെ ജീവിതം പറയുന്നുവെന്ന് തോന്നുമ്പോഴും അതിലൊരാൾ ജീവിക്കുന്നത് അകലത്താണ്. ഈ അകലത്തെ തൊടാനുള്ള ആഗ്രഹം ഒരിക്കലും സഫലമാവില്ലെന്ന യാഥാർത്ഥ്യബോധം അയാളിലുണ്ട്. കച്ച് തുറമുഖത്തുനിന്ന് നോക്കിയാൽ കാണാവുന്ന പാക്കിസ്ഥാനെക്കുറിച്ച് മുൾജി പറയുന്നത് കേവലമൊരു പരാമർശമാത്രയിലവസാനിക്കുന്നില്ല ഇവിടെ. ദിനമെന്നോണം ദൂരം കൂടുന്ന ദേശങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണിത്. നാം സൃഷ്ടിക്കുന്ന അകലവും അറിയാതെ സംഭവിച്ചുപോകുന്ന അകലവുമുണ്ട്. സ്വാതി മറ്റ് കഥകളിലും ഈ രണ്ടുതരം അവസ്ഥകളും സമർത്ഥമായി പറഞ്ഞുവെച്ചിട്ടുണ്ട്.
അകലെ സംഭവിക്കുന്നതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്നാണ് നമ്മിൽ പലരും ധരിച്ചിരിക്കുന്നത്. അതല്ലെങ്കിൽ ദൂരത്തുള്ളതിനെക്കുറിച്ച് നാം എന്തിന് വേവലാതിപ്പെടണം എന്ന ചിന്ത. ആഭ്യന്തരയുദ്ധം നടക്കുന്ന ഒരു രാജ്യത്ത് സൈനിക കേന്ദ്രത്തിൽ വിതരണം ചെയ്യപ്പെടുന്ന ഭക്ഷണം വാങ്ങാൻ പോകുന്ന സ്ത്രീകളുടെ കഥയെന്നോ അവരുടെ ദുരിതപൂർണമായ അവസ്ഥയെന്നോ ഒറ്റ നോട്ടത്തിൽ പറയാവുന്ന 'സെറൂട്ട്' എന്ന കഥയും നമ്മളോട് പറയുന്നത് നിങ്ങളുടെ കാഴ്ചയുടെ അതിര് മറയ്ക്കപ്പെട്ടിരിക്കുന്നു എന്നാണ്. മറയ്ക്കപ്പെട്ട കാഴ്ചകളുള്ളവരാണ് മറ്റ് ജീവിതാവസ്ഥകളെക്കുറിച്ച് എഴുതപ്പെടുന്ന സാഹിത്യത്തെ അപഹസിക്കുന്നത്. ഇത്തരം മൂടിക്കെട്ടിയ കണ്ണുകൾക്കു മുന്നിലാണ് സ്വാതി യുദ്ധത്തിൽ സ്ത്രീകൾ അനുഭവിക്കപ്പെടുന്ന കഷ്ടതകളെക്കുറിച്ച് എഴുതുന്നത്. യുദ്ധദുരിതങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഒരേ ഛായയാണ്. അതിന് പാലസ്തീനെന്നോ ഇറാനെന്നോ ഭേദമില്ല.
