പെൺഘടികാരം പുറത്തുവന്നപ്പോൾത്തന്നെ വാങ്ങിയെങ്കിലും അജിത്ത് എന്ന സുഹൃത്തിനെയാണ് ആദ്യം പരിചയപ്പെട്ടത്. ഒരുമിച്ചിരുന്നു സംസാരിച്ചപ്പോൾത്തന്നെ മികച്ച കഥാകൃത്താണ് എന്നു മനസ്സിലായി. കഥകൾ വായിക്കുംമുമ്പേ നമുക്ക് അതറിയാനാവും.
മികച്ച പല കഥാകൃത്തുക്കളും കഥപറച്ചിൽകാർകൂടിയാണ്. നട്ടാശ്ശേരി, തിരുവഞ്ചൂർ എന്നീ നാടുകളിൽ മികച്ച കഥപറച്ചിൽകാരെ കണ്ടിട്ടുണ്ട്. നടന്ന സംഭവങ്ങളിലെ കഥാംശം കണ്ടെടുത്ത് പൊടിപ്പും തൊങ്ങലും ചേർത്ത് ആകർഷകമാക്കിയാണ് അവർ കഥ അവതരിപ്പിക്കുക. എഴുതിയില്ലെങ്കിലും ഒന്നാന്തരം കഥാകൃത്തുക്കളാണ് അവർ. ഒരു തരത്തിൽ അവരുടെ സമകാലികമായ രൂപാന്തരമാണ് വിഎസ് അജിത്ത്. പിന്നീടാണ് കഥകൾ വായിച്ചത്. അജിത്ത് എന്ന കഥാകൃത്തിൽനിന്നു വേറിട്ടല്ല കഥകളുടെ നില. കഥാകൃത്ത് അഥവാ ആഖ്യാതാവ് നേരിട്ടു കഥ പറയുന്ന മട്ടിലാണ് ഈ കഥകൾ. ഇടയ്ക്കു ശ്വാസം വിടാൻ സമയമെടുക്കും. പറഞ്ഞുവരുന്ന കഥയെപ്പറ്റി ആത്മഗതം പോലെ ചിലതു പറഞ്ഞിട്ടു വീണ്ടും തുടരും. പഴയ രീതിയിൽ കഥ പറയുന്നയാളാണ് എന്ന മട്ടിൽ സ്വയം നിർവ്വചിക്കും. അതിലെ ഐറണിയിൽ നാം രസിക്കും. കഥയിലെ സംഭവം മറ്റൊരു തരത്തിലായാലും എഴുത്തുകാരനു വിരോധമില്ല എന്നു സൂചിപ്പിക്കും (പെൺഘടികാരം). സമകാലികമായ കഥ പറയുമ്പോൾ പഴയ രീതി എന്നു വിശേഷിപ്പിക്കുന്ന ആഖ്യാതാവ് പഴയ കഥ പുതിയ രീതിയിലും പറയും (ഹിഡഗിയം കൊറൊണേറിയം). അത്തരത്തിൽ കാലത്തിനെ തിരിച്ചിടും. അമലയും വിമലയും ഇടയ്ക്കൊന്നുപോയി ചരിത്രാതീതപുരാതന ശിലായുഗത്തിലും ജനിച്ചു ജീവിച്ചു മടങ്ങിയെത്തും.
''സെറ്റപ്പ് കണ്ടിട്ട് പ്ലസ് ടൂ ടീച്ചർ ആവാനാണിടം'' എന്നു സ്വന്തം കഥാപാത്രത്തെപ്പറ്റി അജ്ഞത നടിക്കും (രാജുവും രാധയും ജ്ഞാനവിജ്ഞാനയോഗവും).
