'ഒരു മുന്‍ കന്യാസ്ത്രീയുടെ ആത്മകഥ' എന്ന ഉപശീര്‍ഷകവും 'മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍' എന്ന മുഖ്യശീര്‍ഷകവുമായി ഡിസി ബുക്‌സ് ഈയിടെ പ്രസിദ്ധീകരിച്ച മരിയറോസയുടെ പുസ്തകം മഠാനുഭവങ്ങളുടെ വൈയക്തിക പ്രതിപാദനമാവും എന്ന മുന്‍വിധിയോടെയാവും ആരും വായിക്കാന്‍ തുടങ്ങുക. എന്നാല്‍ മനുഷ്യരുടെ വ്യക്തിപരവും കുടുംബപരവും മതപരവും സാമൂഹികവുമായ ജീവിതത്തെ വിവേചനരഹിതവും നിരാലംബപക്ഷവുമായ ഒരു നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ രൂക്ഷമായി വിചാരണ ചെയ്യുന്നു എന്നതാണ് ഈ കൃതിയെ ശ്രദ്ധേയമാക്കുന്നത്. നിരാശയും നൊമ്പരങ്ങളും അമ്പരപ്പും ഹൃദയവേദനയും കൊണ്ട് വീര്‍പ്പുമുട്ടിയതെങ്കിലും ഗൃഹാതുരസ്മരണകള്‍ കൂടി നിറഞ്ഞ കന്യാസ്ത്രീ മഠത്തോട് എന്നേക്കുമായി വിടപറയുന്ന അത്യന്തം ഹൃദയസ്പര്‍ശിയായ ഒരധ്യായത്തോടെയാണ് ഈ പുസ്തകത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് ഭൂതകാലവും വര്‍ത്തമാനകാലവും ഇടകലരുന്ന ഒരു സവിശേഷമായ ആഖ്യാന ശൈലിയാണ് ഈ പുസ്തകത്തെ കൗതുക പൂര്‍ണമാക്കുന്നത്. ദാരിദ്ര്യത്തിന്റെയും ബോധപൂര്‍വമായി സൃഷ്ടിക്കപ്പെടുന്ന 'ദൈവവിളിയുടെയും' സമ്മര്‍ദ്ദത്തില്‍ മഠത്തില്‍ എത്തിപ്പെടുന്നതിന്റെ പശ്ചാത്തലം നേരനുഭത്തിന്റെ അടിസ്ഥാനത്തില്‍ മരിയ വിവരിക്കുന്നു.
റിച്ചാര്‍ഡ് ഡോക്കിന്‍സ് തന്റെ 'Outgrowing God' എന്ന പുസ്തകത്തില്‍ പറയുന്നത് ചെറിയ കുട്ടികള്‍ പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും ധാര്‍മിക രീതികളെപ്പറ്റി സ്വാഭിപ്രായം കൈവരിക്കാന്‍ കെല്പില്ലാത്തവരാണ് എന്നാണ്. തന്‍റേതായ തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രായവും പക്വതയും ആകാത്ത അവസ്ഥയിലാണ് കുട്ടികളെ മതപ്രബോധനം വഴി മുദ്രണം ചെയ്യപ്പെടുന്ന വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളും പഠിപ്പിക്കുന്നതും ഭാവിജീവിതത്തിലും തീവ്രസ്വഭാവത്തിനും സ്വാധീനം ചെലുത്തുന്നതും. ശനിയാഴ്ച പെരുന്നാളിന്റെ പ്രദക്ഷിണത്തില്‍ പോകാത്തവരെ കൈപൊക്കിച്ച് പള്ളിമുറ്റത്ത് മുട്ടുകുത്തിക്കുക, അതിനൊപ്പം വ്യക്തിവികസനം, കുട്ടികളുടെ അവകാശം എന്നീ സെമിനാറുകള്‍ നടത്തുക, മഠത്തിലേക്കും സെമിനാരികളിലേക്കും ഉള്ള 'ദൈവവിളി'കള്‍ ഉറപ്പിക്കുന്നതും ഈ കാലയളവിലാണ്. തെറ്റായതും ഏകപക്ഷീയവുമായ മതബോധം സമൂഹത്തില്‍ എത്രമാത്രം അപകടകരമാണന്നതിന് ഇന്നും നമ്മള്‍ സാക്ഷികളാകുന്നു. ഞായറാഴ്ച വേദപാഠംകഴിഞ്ഞെത്തിയ ആറാംക്ലാസ്സുകാരി രാത്രി തനിയെ പുറത്തിറങ്ങുന്നില്ല, രാത്രിയില്‍ പേടിസ്വപ്നം കണ്ട് ഞെട്ടിയുണരുന്നു. വേദപാഠസമയത്ത് സ്‌ലൈഡ് ഷോയില്‍ കാണിച്ച നരകാഗ്നി, സര്‍പ്പം, തീ, കൊമ്പുള്ള പിശാച്, പ്രേതം എന്നിവ ജനലിന്റെ അടുത്ത് വന്ന് മാടിവിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
