എഴുതാന്‍ ഭാവനയില്ലെന്ന മുന്‍കൂര്‍ ജാമ്യത്തോടെ മുമ്പെന്നോ എഴുതിപ്പോയ കഥയുടെ വാലില്‍ത്തൂങ്ങിയാണ് നോവലിലേയ്ക്ക് കടന്നതെങ്കിലും പിന്നീട് ഒരെഴുത്ത്, പിന്നെയും എഴുത്ത് എന്നിങ്ങനെ സാഹിത്യഭൂമികയിലെ തിരക്കുകാരനാണ് മനോഹരന്‍ വി. പേരകം. എഴുത്തിന്റെ തന്നിഷ്ടത്തില്‍ മറ്റാരെയും നോക്കാതെ എഴുതിപ്പോകുക എന്ന സര്‍ഗ്ഗവൃത്തി തന്റെ രീതിയെന്നു കരുതുന്ന എഴുത്തുകാരന്‍. ആ ലോകത്തില്‍ തനിച്ചിരുന്നുകൊണ്ട് തനിക്കിനിയും കുടഞ്ഞെടുക്കാനുണ്ട് എന്ന് ആത്മഗതം ചെയ്യുന്നയാള്‍. നിര്‍മ്മമായ ക്രിയാത്മകതയ്ക്ക് മാത്രം പ്രദാനം ചെയ്യാനാവുന്ന അത്തരമൊരു നിറവിലാണ് മനോഹരന്‍ വി. പേരകത്തിന്റെ നോവലുകള്‍ നില്ക്കുന്നത്. അതിലിത്തിരി തിടുക്കത്തിന്റെ ദാക്ഷിണ്യമില്ലായ്മയാണ് കുതിരമാളിക പോലൊരു നല്ല നോവലിന്റെ ചില അവ്യക്തതകള്‍ക്ക് കാരണമെന്നും പറയാവുന്നതാണ്.
അച്ഛന്‍ അയവിറക്കിത്തരുന്ന കഥകളില്‍ തൂങ്ങിയാണ് എഴുതുകയെന്ന ദാഹത്തിന്റെ ശമനലോകത്തേയ്ക്ക് എത്തുന്നതെന്ന് മനോഹരന്‍ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. ഉള്‍നാടന്‍ ജീവിതത്തിന്റെ മിത്തിക്കല്‍ ഐറണികളില്‍നിന്ന് മോചിതമാകാത്ത മാനസികപരിസരങ്ങളിലേയ്ക്ക് അച്ഛനോടൊപ്പം യാത്രചെയ്യുന്നതിന്റെ സഹാത്മകതയെ കഥകളാക്കുന്നതിലെ കൗതുകവും ചാതുര്യവുമാണ് അദ്ദേഹത്തിന്റെ മറ്റു പല നോവലുകളുടേയും പോലെ കുതിരമാളികയുടെയും അസ്തിത്വം. നിരന്തരം നരകത്തിലേയ്ക്ക് കുതിക്കുന്ന ജീവിതത്തിന്റെ കയറിത്തീരാത്ത ചവിട്ടുപടിയില്‍ നിന്നുകൊണ്ടുള്ള ഒരു തിരിഞ്ഞുനോട്ടം. അനുഭവിച്ചു തീരാത്ത ദു:ഖമാണത്. അസ്സഹ്യമെങ്കിലും അനുഭവിക്കാതെ വയ്യ എന്ന് തീര്‍ത്തുപറയുന്ന അവസ്ഥ. അമ്പതുകൊല്ലം മുമ്പ് നടന്നതെന്ന് പറഞ്ഞ് അച്ഛന്‍ പറഞ്ഞുതന്ന കഥ. അമ്പതുകൊല്ലം മകന്‍ മനസ്സിലിട്ട് നടന്നശേഷം പകര്‍ത്തിയെഴുതിയ കഥ. ഉള്‍മനസ്സിലേയ്ക്ക് കയറിക്കൂടി ഇറങ്ങിവന്ന സ്വയം ദേശത്തിന്റെ കഥ.
കുതിരമാളിക മനോഹരന്റെ മറ്റു പല എഴുത്തുകളെയും പോലെ പോയകാലത്തിന്റെ കഥയാണ്. എവിടെയാണുറങ്ങുക, എവിടെയാണുരുക എന്ന് തിട്ടമില്ലാത്ത കുറെ മനുഷ്യരുടെ എവിടെയും നിറുത്താനാവാത്ത തുടര്‍ക്കഥ. എഴുതിത്തീര്‍ത്താലും കുതിപ്പുതീരാത്ത ദു:ഖത്തിന്റെ പൂര്‍വ്വലോകത്തില്‍നിന്നുകൊണ്ട് സ്വന്തം ജീവിതത്തെ നോക്കിക്കാണുന്ന എഴുത്തുകാരനെയാണ് കുതിരമാളികയില്‍ കാണാനാവുക. ഞാനിതില്‍നന്ന് വിമുക്തനല്ല എന്നും എനിക്കിതില്‍നിന്ന് മോചനമില്ല എന്നും ചക്കപ്പനൊപ്പം നിന്നുകൊണ്ട് തീര്‍ത്തുപറയുന്ന ഉള്ളത്തിലേയ്ക്ക് കഥ മെയ്യ് നിവര്‍ത്തുകയാണ്.
