I have never let my schooling interfere with my education എന്നു പറഞ്ഞത് മാർക് ട്വയ്ൻ ആണ്. പഴയകാല സ്കൂളിങ്ങിനെക്കുറിച്ച് പലർക്കും തോന്നിയിട്ടുള്ള ഒരു കാര്യമാവാം ഇത്. ആ കാലത്തുനിന്ന് കേരളത്തിലെ സ്കൂളുകൾ എങ്ങനെ മാറി, ഇനിയുമെന്തൊക്കെ മാറ്റങ്ങൾ വരണം എന്നതാണ് ഡോ.എ.കെ.അബ്ദുൽ ഹക്കിമിന്റെ മാറിയ സ്കൂൾ പാഠങ്ങൾ എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
18 അദ്ധ്യായങ്ങളിലായി ഈ വിഷയത്തിന്റെ വിവിധ വശങ്ങൾ അവതരിപ്പിക്കുകയാണിതിൽ. ഈ പുസ്തകം വായിച്ചപ്പോഴാണ് നമ്മുടെ വിദ്യാഭ്യാസമേഖലയെപ്പറ്റി, അതിന്റെ ഘടനയേയും ഘടകങ്ങളേയും പറ്റി ഒരു സമഗ്രചിത്രം കിട്ടിയത്.
പതിനാലാം നൂറ്റാണ്ടിലെ പ്ളേഗ് വ്യാപനം കഴിഞ്ഞ് തൊഴിലാളികളുടെ ലഭ്യതക്കുറവു മൂലം വേതനം കൂടിയതുപോലെ, പതിനെട്ടാം നൂറ്റാണ്ടിലെ വസൂരിവ്യാപനം പ്രതിരോധചികിൽസ പ്രബലമാക്കിയതുപോലെ, പത്തൊമ്പതാം നൂറ്റാണ്ടിലെ കോളറ വ്യാപനം മെച്ചപ്പെട്ട ശുദ്ധജലവിതരണ- മലിനജലനിർഗ്ഗമന സംവിധാനങ്ങൾക്ക് വഴിവച്ചതു പോലെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കോവിഡ് കൊണ്ടുവന്ന ഒരു വലിയ സത്ഫലമാണ് ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ സ്വീകാര്യത.
