"ഐസൊലേഷന്' എന്നത് ഒരു നേര്‍പ്രതിഭാസമായി അനുഭവിച്ച ഒരു മഹാരോഗകാലം കടന്നുപോയി. ആ കാലം അവശേഷിപ്പിച്ച പാഠങ്ങള്‍ സമൂഹത്തിലോ വ്യക്തിയിലോ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയോ? വളരെ വേഗം നാമെല്ലാം അതു മറന്നുവോ? വല്ലപ്പോഴുമണിയുന്ന മുഖാവരണത്തിലേക്കത് ഒതുങ്ങുന്നുവോ? എന്തായാലും ഐസൊലേഷന്‍ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മളെത്തിപ്പെട്ട കാലമാണത്. സാമൂഹികമായി വലിയൊരു ഐസൊലേഷന്‍ വേളയാണ് നാമിപ്പോള്‍ അനുഭവിക്കുന്നതെന്ന് തോന്നുന്നു. പലവിധത്തില്‍, മനുഷ്യന്‍, വ്യക്തിമനുഷ്യന്‍ ഐസൊലേറ്റഡ് ആകുന്ന കാലം. ഈ വിധം സാമൂഹികമായ പ്രശ്‌നങ്ങളിലേക്ക് പ്രകടമായി വന്നെത്തുന്ന കഥയൊന്നുമല്ല, സി. സന്തോഷ്‌കുമാറിന്റെ "ഐസൊലേഷന്‍ വാര്‍ഡ്' എന്ന കഥ. എന്നാല്‍, ഒറ്റപ്പെടലിലേക്ക് മനുഷ്യന്‍, സാമൂഹികമോ അല്ലാത്തതോ ആയ കാരണങ്ങള്‍കൊണ്ട് എത്തിപ്പെടുന്ന അവസ്ഥയെ സൂക്ഷ്മമായി ആവിഷ്‌കരിക്കുവാന്‍ സന്തോഷ്‌കുമാര്‍ ശ്രമിക്കുന്നു. അതുവഴി, ഈ കഥ മനുഷ്യന്റെ ഒറ്റപ്പെടലിന്റെ കഥയായി വികസിക്കുന്നു. കഥയുടെ പശ്ചാത്തലം, കഥാകാരന് ഏറെ പരിചിതമാണ്, പട്ടാളക്യാമ്പ്. സേന, വ്യൂഹം, ബറ്റാലിയന്‍ എല്ലാംതന്നെ സംഘബലത്തെ കാണിക്കുന്നുവെങ്കിലും മനസ്സില്‍ ഏകാകികളായവരുടെ കൂട്ടമായി അത് മാറുന്നു. രാജ്യത്തിന്റെ സ്വതന്ത്രമായ നിലനില്പിന്, സംരക്ഷണത്തിനുവേണ്ടി അസ്വതന്ത്രമായ നിഷ്ഠകള്‍, ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും പുലര്‍ത്തേണ്ടവരാണ് സൈനികര്‍. അവരുടെ ഒറ്റപ്പെടലിന്റെ തലങ്ങള്‍ പലതാണ്. മനസ്സിന്റെ മാത്രമല്ല, ശരീരത്തിന്റെയും ഇഷ്ടങ്ങള്‍ അടക്കിയേ മതിയാവൂ. പ്രധാന കഥാപാത്രമായ പവന്‍കുമാര്‍ എന്ന സൈനികന്റെ അസുഖം മൂലമുള്ള ഒറ്റപ്പെടലിലൂടെയാണ്, കഥ സഞ്ചരിക്കുന്നത്. സൈനികന്റെ നെറ്റിയിലെ ചെറിയ ഒരു കുരു, അയാളെ അകം പുറം പരിശോധനകളിലേക്കെത്തിക്കുന്നു. ഒരു കുരു എന്നത് എട്ടോ ഒമ്പതോ ആയി മാറുന്നു. ലിംഗാഗ്രചര്‍മ്മത്തിന്റെ ഉള്ളില്‍വരെ പരിശോധനയെത്തുന്നു. ചിക്കന്‍പോക്‌സ് സ്ഥിരീകരിക്കപ്പെടുന്നു. അയാള്‍ ഐസൊലേഷന് വിധേയനാകുന്നു. ശത്രുവിനെതിരെയുള്ള യുദ്ധങ്ങള്‍ മാത്രമല്ല, ഒരു സൈനികന് നേരിടേണ്ടിവരുന്നത്. അവനവന്റെ ഏകാന്തതയോടുകൂടി അയാള്‍ക്ക് ഏറ്റുമുട്ടേണ്ടിവരുന്നുണ്ട്. ഇവിടെ ഐസൊലേഷന്‍ വാര്‍ഡിന്റെ "ഏകാന്തതയിലേക്കും പൗരാണികമായ ഗന്ധത്തിലേക്കും' വന്നെത്തിയ പവന്‍കുമാര്‍ സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാനാവാത്ത കാഴ്ചകളിലേക്ക് ഉറക്കത്തിനിടയില്‍ മുങ്ങിത്താഴുന്നുണ്ട്. അതില്‍ ബാല്യകാലവും കുടുംബസ്മൃതികളും ഒക്കെ വരുന്നുണ്ടെങ്കിലും തന്റെ ചുംബനത്തിന് ആശിച്ചുവരുന്ന ഇളങ്കോവനാണ് അയാളെ കൂടുതല്‍ അലട്ടുന്നത്. വിഹിതാവിഹിതങ്ങളുടെ ഓര്‍മ്മകളിലൂടെ, സമയമൂര്‍ത്തതകളില്‍നിന്ന് അഴിഞ്ഞു പാറി, ഏകാന്തതയുടെ ദ്വീപിലെന്നവണ്ണം പവന്‍കുമാറിന്റെ രോഗദിനങ്ങള്‍ അടര്‍ന്നുവീണു. അപ്പോള്‍ ഒരു ദിനം, ഓറഞ്ചും പ്രണയവും ദുഃഖങ്ങളുമായി ഇളങ്കോവന്‍ വന്നു. ക്രൂരമായ, അടിമത്തം നിറഞ്ഞ സാഹചര്യങ്ങളിലെ ഏകാന്തമായ ജീവിതം സ്വവര്‍ഗ്ഗത്തിലൊരാളെ പ്രണയിച്ചിട്ടായാലും മനുഷ്യന്‍ നേരിടുമെന്ന് കഥാകൃത്ത് ഇളങ്കോവനെക്കൊണ്ട് പറയിപ്പിക്കുന്നുമുണ്ട്. അപ്പോഴാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നൃപന്‍ ചക്രവര്‍ത്തി എന്ന മറ്റൊരു രോഗികൂടി എത്തുന്നത്. അതിനടുത്ത ദിവസം നൃപന്റെ സഹോദരി അര്‍ബിതോ എന്ന "തീനാളംപോലുള്ള പെണ്‍കുട്ടി' പഴങ്ങളും ആഹാരവുമായി എത്തുന്നു. അവളുടെ കാഴ്ചയില്‍, പ്രഭാപ്രസരത്തില്‍, ഉള്ള് തെളിയുന്ന പവന്‍കുമാറിനെയാണ് പിന്നെ നാം കാണുന്നത്. നൃപന്‍ പോകുംവരെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരാനുള്ള അനുമതി അയാള്‍ ഡോക്ടറോട് തേടുന്നു. ഏകാന്തതയുടെ മരുഭൂവില്‍ കിനിഞ്ഞ ഉറവപോലെ ആ പെണ്‍കുട്ടി. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിതന്നെ അത്. അങ്ങനെ ഏകാന്തതയുടെ ഭിന്നസംവേദനങ്ങളിലേക്ക് കഥ പടരുകയായി. എകാന്തതയിലിരുന്നുകൊണ്ടുതന്നെ അയാള്‍ ചില ഹരിതവിസ്തൃതികളിലൂടെ മനസ്സിന്റെ സൈക്കിള്‍ ചവുട്ടി. ഈ കഥയിലെ ആദ്യഭാഗം മുഴുവന്‍ സൈനിക ക്യാമ്പിലെ വിചിത്രസ്വഭാവിയായ ഡോക്ടറെയാണ് സന്തോഷ് അവതരിപ്പിക്കുന്നത്. ആ വിചിത്രസ്വഭാവിയെ സൂക്ഷ്മമായി അനുധാവനം ചെയ്യുന്നു സന്തോഷ്. റെയില്‍വേ ലവല്‍ക്രോസിങ്ങിലെ ഗേറ്റ് അടയുമ്പോള്‍, അലസമായി ആ സമയം ആശ്വസിക്കുന്നു, ഈ ഡോക്ടര്‍. കഥയോടൊപ്പം കഥാന്തരീക്ഷത്തിലെ പാര്‍ശ്വദൃശ്യങ്ങളും കഥയില്‍ ഉചിതമായി കടന്നുവരുന്നു. ഏകാന്തതയുടെ നാനാര്‍ത്ഥങ്ങളോട്, ഈ കഥ മനോഹരമായി സംവദിക്കുന്നു. സൈനികവ്യവസ്ഥയുമായി ബന്ധിപ്പിക്കവേ, അതിന് സാര്‍വ്വലൗകികമായ മാനംകൂടി ലഭിക്കുന്നു.
‘ആമ്പക്കാടന്‍ കപ്പക്കൃഷിക്കൊരു മാര്‍ഗ്ഗരേഖ' എന്ന കഥയെ അതിന്റെ അവസാനം വന്നുചേരുന്ന വൈലോപ്പിള്ളിയുടെ "കന്നിക്കൊയ്ത്തി'ലെ വരികളില്‍ നിന്ന് തിരിച്ചു വായിക്കാന്‍ കഴിയും. അങ്ങനെയൊരു വായനയില്‍ വി.പി. ശിവകുമാറിനെ ഒപ്പം കൂട്ടാം. ചെറിയ ചെറിയ കാര്യങ്ങളില്‍നിന്ന് ജീവിതമഹാദുരന്തങ്ങളിലേക്ക് കഥയെ ഉയര്‍ത്തുന്ന എഴുത്താണ് ശിവകുമാറിന്റേത്. അപ്പോഴും നര്‍മ്മത്തിന്റെ പൊലിമ അതിനുണ്ടാവുകയും ചെയ്യും. സന്തോഷ് കുമാറിലും ഇതു കാണാം. "നിത്യവും ജീവിതം വിതയേറ്റി/മൃത്യു കൊയ്യും വിശാലമാം പാടം' ഈ കഥ
