ഓരോ ദേശവും ഓർമ്മകളുടെ പാർപ്പിടമാണ്. അതിലടങ്ങിയ ജീവിതങ്ങളെ അനുഭവിക്കാനല്ലാതെ അളന്നെടുക്കാനാവില്ല. ഓർമ്മകളുടെ വിശ്ലേഷണം യുക്തിചിന്തയ്ക്കല്ല, ഭാവനയ്ക്കും ദിവാസ്വപ്നങ്ങൾക്കും മറ്റുമാവും സാധ്യമാവുക. ഓരോ ദേശത്തിന്റെയും പലയിടങ്ങളിൽ, മുക്കിലും മൂലയിലും വരെ, പല രൂപത്തിൽ വസിക്കുന്ന ഓർമ്മകളെ ഭാവനയുടെയും ഭാഷയുടെയും സഹായത്തോടെ വീണ്ടെടുക്കുന്നു, ബി. രവികുമാറിന്റെ കഥകൾ എല്ലാംതന്നെ.
കിരാതവൃത്തം എന്ന കഥയിൽ ദേശാനുഭവങ്ങൾ ബഹുവചനത്തിലാകുന്നു. കുട്ടനാട്, കുടമാളൂർ, ചെമ്പകശ്ശേരി, പത്മനാഭപുരം എന്നീ ദേശങ്ങൾ പശ്ചാത്തലമാകുന്നതുകൊണ്ടു മാത്രമല്ല, വിവിധ ദേശങ്ങളുടെ സാംസ്കാരികസൂക്ഷ്മതകളെ സ്വാംശീകരിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്ത കുഞ്ചൻ നമ്പ്യാർ പ്രധാനകഥാപാത്രമാകുന്നതുകൊണ്ടുകൂടിയാണ് ഇതു സംഭവിക്കുന്നത്. കുഞ്ചൻ നമ്പ്യാർതന്നെ സാംസ്കാരികമായ ഒരു ബഹുവചനമാണല്ലോ. അദ്ദേഹത്തിൽ പല ദേശങ്ങൾ ഒന്നിച്ചു വസിക്കുന്നു. പല പശയുള്ള മണ്ണും പല രൂപങ്ങൾ പ്രാപിച്ച ജലവും അവിടം പങ്കിടുന്നു. ജലത്തിൽനിന്ന് തുഴയെറിയുന്ന കൈകളിലേക്കും മണ്ണിൽനിന്ന് ചക്രത്തിൽ പതിഞ്ഞ കാലുകളിലേക്കും പടർന്നുകയറിയ താളങ്ങൾ ഒരേ നാട്ടരങ്ങിൽ പല മട്ടിൽ തുള്ളുന്നു. പല താളക്രമങ്ങളിലെങ്കിലും കലയുടെയും ജീവിതത്തിന്റെയും ഭാഷ അവിടെ ഒന്നുതന്നെയാകുന്നു. കലയെയോ കവിതയെയോ കേവലസങ്കേതങ്ങളുടെ പല മട്ടിലുള്ള വിന്യാസത്തിലൂടെ കൃത്രിമമായി രൂപപ്പെടുത്താനാവില്ല. അതിന് സ്ഥലകാലങ്ങളുടെ മുതൽപ്പൊരുളും ചരാചരങ്ങളുടെ കരുപ്പൊരുളും മനോനിലകളുടെ ഉരിപ്പൊരുളും സ്വാഭാവികമായി സംയോജിക്കണം. നമ്പ്യാരുടെ കലയിൽ അതു സംഭവിക്കുന്നത് കിരാതവൃത്തം എന്ന കഥയിലൂടെ നാം അറിയുന്നു. ഇവിടെ തുള്ളൽത്താളങ്ങൾ മാത്രമല്ല, വഞ്ചിപ്പാട്ടിന്റെ നതോന്നതമായ തരംഗതാളവും നമ്പ്യാരിൽത്തന്നെയാണ് ഉരുവംകൊള്ളുന്നത്. ഒരു കലാരൂപം ഉള്ളിൽ പൊടിച്ചുതളിർക്കുന്നതിന്റെ സർഗ്ഗാത്മകമായ അസ്വസ്ഥതയും ആനന്ദവും പലതവണ അനുഭവിക്കാനുള്ള നിയോഗം നമ്പ്യാർക്കുതന്നെ വന്നുചേരുന്നത് ഈ കഥ നമുക്കു പറഞ്ഞുതരുന്നു. അത് മറ്റൊരു വിധത്തിൽ സാഹിത്യചരിത്രത്തിന്റെതന്നെ തിരുത്തിയെഴുത്തുമാകുന്നു.
വഞ്ചിപ്പാട്ടിനെ സാഹിത്യപരിസരത്തിലേക്ക് ആനയിച്ചതിന്റെ ഖ്യാതി രാമപുരത്തു വാര്യർക്കാണല്ലൊ നാം നല്കാറുള്ളത്. അധികാരത്തിന്റെ പിന്തുണയോടെ അതു സംഭവിക്കുന്നത് മൂന്നു പതിറ്റാണ്ടു മുൻപേ അതു നിർവഹിച്ചുകഴിഞ്ഞ കുഞ്ചൻ നമ്പ്യാർക്കു കണ്ടുനില്ക്കേണ്ടിവരുന്നു. എന്നാൽ പമ്പാതീരത്തു കേട്ട മട്ടിൽ കൊരുത്തെടുത്തതു കുടമാളൂരിൽവച്ചു ചൊല്ലിക്കേൾപ്പിച്ചതിന്റെ ഓർമ്മ നമ്പ്യാർക്കെന്നതുപോലെ വാര്യർക്കുമുണ്ടല്ലോ. അതുകൊണ്ടുതന്നെ കാന്തിയോട് അപരകാന്തി ചേരുന്ന മഹനീയമായ ഒരു സന്ദർഭം കഥാകൃത്ത് ഇതിൽ ഒരുക്കിയിട്ടുണ്ട്. അവിടെ ആവിഷ്കർത്താവ് എന്ന അഹം അലിഞ്ഞുതീർന്ന് നിസ്വാർത്ഥമായ കലയുടെ ആനന്ദം മാത്രമാണു ബാക്കിയാവുന്നത്.
