അധികമാരും കൊണ്ടാടിയിട്ടില്ലാത്ത, സമീപകാലത്ത് ഞാൻ വായിക്കാനിടയായതിൽ ഏറ്റവും മികച്ച ചില കവിതകളുൾക്കൊള്ളുന്ന ഈ സമാഹാരം നളിനി, ഏ ആറിനോടാവശ്യപ്പെട്ടത്, വൈലോപ്പിള്ളി എം എൻ വിജയനോടാവശ്യപ്പെട്ടത് എന്നോടാവശ്യപ്പെടുന്നു. കാവ്യാന്ധത ബാധിച്ചവരാണ് ചുറ്റും. സമീപദൃഷ്ടിക്കും ദൂരദൃഷ്ടിക്കും കണ്ണടയുണ്ട്. സൂക്ഷ്മദൃഷ്ടിക്ക് കണ്ണടയില്ല. അതറിഞ്ഞ് ഈ കവിതകളോട് പെരുമാറണം. കവിത കഥ പോലെയല്ല, എഴുതാൻ മാത്രമല്ല വായിക്കാനും കവിയാവണം. എനിക്ക് ശിപാർശയല്ല വേണ്ടത്, സൂക്ഷ്മമായ ഒരു വായനാനുഭവം. ഒരു കാന്താരതാരകം. ശ്രീനീ, എളുതല്ലെങ്കിലും അതിനുള്ള ഒരു ശ്രമം ഞാൻ നടത്തുകയാണ്.
‘കാലഭൈരവം’ പോലൊരു വായിച്ചുപേക്ഷിക്കാനാവാത്ത കവിതയുടെ കവിതയോടുള്ള കൂറ് കാണുക. കവിതയിൽ, കൊടുത്താലേ കിട്ടൂ. കൊടുത്തതിന്‍റെ അനുപാതത്തിലേ കിട്ടൂ. മരണഭയത്തിന്‍റെ സാദ്ധ്യതകൾ നിങ്ങളുടെ ദുഃസ്വപ്നങ്ങൾക്ക് ചിറക് നൽകിയിട്ടില്ലെങ്കിൽ ഒരു പരിധിയിലപ്പുറം നിങ്ങളെ അസ്വസ്ഥമാക്കാനിടയില്ല ഇക്കവിത. "മരിച്ചോരല്ലേ ഏറെ' (കുമാരനാശാൻ) എന്ന ചിന്ത നിങ്ങളെ ചൂഴ്ന്നിട്ടുണ്ടെങ്കിൽ ഈ കവിതയിൽ നിന്ന് കരകയറാനുമെളുപ്പമല്ല . ഒരു ചുടലക്കാവൽക്കാരന്‍റെ തീരാത്ത രാത്രിയിലൂടെ കടന്നുപോവുകയാണ് നിങ്ങൾ. രാത്രി "മരം നീട്ടിയിട്ട നിഴൽ വിരിപ്പ് കുടഞ്ഞുനീണ്ടുകിടക്കയായ്/ ചത്തുപോയ മനുഷ്യരാറടി മണ്ണുമാന്തിയെണീക്കയായ്'. ‘മരണവിറ്റ്’ എന്നെല്ലാം പൊരുളറിയാതെ നാം പറഞ്ഞുപോരാറുണ്ടെങ്കിലും ഇവിടെയത് സുബദ്ധമാവുന്നു. "വെന്ത ചോരയുടെ ഗന്ധമുള്ള വഴി/കുന്തിരിക്കമകിൽ മിശ്രിതം/ പൊന്തിവന്ന തലയോട്ടി നിന്നുതിരിയുന്നു ദൂരെ മൃതബിന്ദുവിൽ/പിത്തളക്കുഴലിലാറു ബാറ്ററികളൊത്തുകത്തി’/വടി വീശിയും/മത്ത് മൂത്ത് കളിയാടിയും ‘മരണവിറ്റ്’ തന്നെ ചുടലപ്പണി.' ആ ഓരോ ദഹനവും അയാളിൽ രാത്രിതോറും പുനർജ്ജനിക്കുന്നു. "തേള് കുത്തിയത് പോലെ കുട്ടികൾ ചൂളവെച്ച സമയങ്ങളിൽ/ പാറ പൊട്ടിയതുപോലെ അമ്മതൻ മാർ ദഹിച്ച നിമിഷങ്ങളിൽ.../ കാറിടിച്ച് വടിയായവർ/മരണഭീതി മൂത്ത് പടമായവർ/ ആരെയൊക്കെയുമടക്കി നിർത്തണം/രാത്രിയൊന്നു കഴിയും വരെ'. മരണപ്പെട്ടവരൊക്കെ അവരുടെ മരണങ്ങളിൽ അയാളെ പങ്കാളിയാക്കുന്നു. "വാതപിത്തകഫമൂർച്ഛയാൽ പകുതി ചത്തമട്ട്/പല വത്സരം/കട്ടിലിൽ പലക തേഞ്ഞുരഞ്ഞ് തൊലി വിണ്ട്/കീറിയവർ നിദ്രയിൽ തൊണ്ടയാറിയലറുന്നപോലെയൊരു തോന്നൽ/വന്ന് "ചിരി പൊള്ളിക്കുന്നുണ്ടയാളുടെ ഇരവിൽ. മരിച്ചവരുടെ ഹോസ്റ്റൽവാർഡനാണോ, തന്നെ തന്നിൽ മദ്യം കൊണ്ടടക്കിനിർത്താൻ പാടുപെടുന്ന അയാൾ? എങ്കിലും പുതിയ കല്ലറക്കടിയിലിന്നു വന്ന ചെറുപയ്യനെ/ചെന്ന് കണ്ട് പതിവുള്ള പോൽ/നിയമ സംഗ്രഹങ്ങളറിയിക്കണം' ചുടലക്കാവൽക്കാരന്‍റെ രാത്രി പുലർന്നാലും തീരാത്തതിനാലാവാം അയാളുടെ ജീവിതമെന്ന രാത്രി പുലരുമ്പോഴാണ് കവിത കഴിയുന്നത്. ഒരു ചുടലക്കാവൽക്കാരനല്ല ചിലപ്പോഴെങ്കിലും നിങ്ങൾ എന്നെനിക്കുറപ്പില്ല. ഈ കവിതയ്ക്കും.
ശ്രീനിവാസൻ തൂണേരി
