Laugh more worry less എന്ന ആപ്തവാക്യം മനസ്സിലോർത്താണ് കുസുമാന്തരലോലൻ കൈയിലെടുത്തത്. വി.എസ്. അജിത്തിൻ്റെ ചെറുകഥകളിൽ ഏറിയ പങ്കും നർമ്മരസപ്രധാനമായതിനാൽ ആ രസികത്വത്തിൻ്റെ തുടർച്ചയാണ് ഈ നോവലിൽ പ്രതീക്ഷിച്ചത്. പക്ഷേ, ഇത് അതുക്കും മേലെ! നർമ്മത്തിൻ്റെ വാളെടുത്ത് തലങ്ങനെയും വിലങ്ങനെയും വീശുന്ന വി.കെ.എൻ ശൈലി പെട്ടെന്നോർമ്മവന്നാൽ അത്ഭുതപ്പെടാനില്ല. വി.കെ.എന്നിൻ്റെ 'പയ്യനെ'പ്പോലെയാണ്, എന്നാൽ തലമുറവിടവിൻ്റെ മുൻതൂക്കമുള്ള ലോലൻ ഒരു പടി മുന്നിലാണ് സ്കോർ ചെയ്യുന്നത്. വളരെ ഗംഭീരമായ ക്രാഫ്റ്റ്. വഴിതെറ്റി കാട്ടിലൂടെ യാത്ര ചെയ്യേണ്ടിവന്ന ഒരാൾ പൊടുന്നനെ ഹൈവേയിൽ വന്നിറങ്ങുമ്പോഴാവും വിട്ടു പോന്ന കാടിൻ്റെ സൗന്ദര്യത്തെക്കുറിച്ചാലോചിക്കുന്നത്. അതുപോലെ അജിത്തിൻ്റെ ഓരോ വാചകത്തിലും മറഞ്ഞിരിക്കുന്ന സൗന്ദര്യം ദർശിക്കാൻ കഴിയും.
അദ്വൈതം ഏകശിലാത്മകമാണ് എന്ന ലോലൻ്റെ പ്രതികരണത്തിലൂടെ ഒറ്റ മതം, ഒറ്റ പ്രത്യയശാസ്ത്രം ഒറ്റഗ്രന്ഥം എന്നിങ്ങനെ ഒറ്റയെ പിന്തുടരുന്ന ഒരു സമൂഹത്തിൻ്റെ അപകടകരമായ വളർച്ചയേയും നഷ്ടമാകുന്ന പ്ലൂറാലിറ്റിയെന്ന ബഹുസ്വരതയേയും എഴുത്തുകാരൻ ഓർമ്മപ്പെടുത്തുന്നു. ഇവിടെ നർമ്മം, ആക്ഷേപിക്കലെന്ന ദുരുദ്ദേശപരമായ കർമ്മം കൂടി ചെയ്യുന്നത് ഈയൊരു സദുദ്ദേശപരമായ ഒരു ഫലത്തെ ഇച്ഛിച്ചാവണം. അത് തന്നെയാണല്ലോ കാർട്ടൂണുകളിലും പൊതുവേ സ്വീകരിച്ചു പോരുന്നത്. സെൻസ് ഓഫ് ഹ്യൂമറിൻ്റെ സംവേദനക്ഷമതയും സ്വീകാര്യതയും മറ്റൊന്നിനും നൽകാനാവില്ല എന്ന തിരിച്ചറിവാണ് കാർട്ടൂണിൻ്റെ ഉൽപ്പത്തിക്കുതന്നെ നിദാനമായത്. ഒരു നുറുങ്ങു ചിരിയിൽ തെളിയുന്ന ആഴമുള്ള ചിന്തയാണ് കാർട്ടൂണുകളുടെ അടിസ്ഥാനമെങ്കിൽ സമാനമാണ് ലോലൻ്റെ വായനയും. ഒറ്റപ്പുസ്തകവായനക്കാരെ തേടി ഗവേഷണം തുടങ്ങുന്ന ലോലൻ ഇടയ്ക്ക് എഴുത്താളനായി പരിണമിക്കുന്നതും പത്രത്താളിൽ നിന്ന് കവിത നിർമ്മിച്ചു വിജയിക്കുകയും തൽഫലമായി നേരിടേണ്ടിവരുന്ന പടലപ്പിണക്കങ്ങളും അവാർഡ് ഒപ്പിക്കൽ തന്ത്രങ്ങളും പുസ്തകപ്രസാധനകുതന്ത്രങ്ങളും കാവ്യ സദസ്സുകളിലെ സ്ഥിരം വിഴുപ്പലക്കലുകളുമൊക്കെ ഒരു മന്ദസ്മേരത്തോടെയല്ലാതെ വായിച്ചു പോകാനാവില്ല.
വായനയ്ക്കിടെ രസകരമായ ചില സന്ദർഭങ്ങളെ കാർട്ടൂൺ കണ്ണിലൂടെ സങ്കൽപ്പിച്ചപ്പോൾ എനിക്ക് ചിത്രീകരിക്കാൻ തോന്നിയതിൽ ആദ്യത്തേത് ലോലൻ്റെ അസിസ്റ്റൻ്റ് ഗവേഷകയായ അനുജയുടെ മതിൽപ്പുറത്തെ ഇരുപ്പിനെക്കുറിച്ചുള്ള വർണ്ണനയാണ്. ബിംബങ്ങളെ ധാരാളം ഉപയോഗിക്കുന്ന അജിത്ത് ഒരു പച്ചമുളകിനെ സാരിയായും അതിനെ നെടുകേ കീറി ലെഗ്ഗിൻസായും നിർമയം പരിവർത്തനം ചെയ്യുകയും വിസ്കിഗ്ലാസിൻ്റെ വക്കിൽ വച്ച കീറിയ മുളകിൽ നിന്ന് മതിലിൻമേൽ ബാലൻസു ചെയ്യുന്ന അനുജയിലേയ്ക്കും അവളുടെ കഥയിലേക്കും ക്ഷണേന തുരന്നു കേറുന്നത് കഥയെഴുത്തിലെ കൈയൊതുക്കം കൊണ്ടാണ്.
