മങ്ങിയ വെളിച്ചത്തിനുള്ളിലെ കാഴ്ചകൾ, കുറേ നിഴലുകളും

Book Review

മങ്ങിയ വെളിച്ചത്തിനുള്ളിലെ കാഴ്ചകൾ, കുറേ നിഴലുകളും


ദാ, "മൂങ്ങ'' എന്ന ഈ കഥാസമാഹാരം.

മുമ്പൊരിക്കൽ, ഒരു ലേഖനത്തിൽ, തന്റേതുമാത്രമായ ഏതോ ഒരാകാശത്തിൽ നന്മയും തിന്മയും പരസ്പരം യുദ്ധം വെട്ടു​ന്നത് കണ്ടുകൊണ്ട്, എന്നും രാവിലെ പള്ളിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു ബാലനെക്കുറിച്ച് ഞാൻ എഴുതിയിരുന്നു. അരനൂറ്റാണ്ടിനിപ്പുറം, തനിക്കുമാത്രം ദൃശ്യമാകുന്ന ആ ആകാശത്തിന്റെ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു പിഎഫ് മാത്യൂസ് ദാ, അതിനൊരു ദൃഷ്ടാന്തം, "മൂങ്ങ'' എന്ന ഈ കഥാസമാഹാരം.

മാത്യൂസിന്റെ എഴുത്തുജീവിതം, അതിന്റെ തുടക്കകാലം മുതൽ അടുത്തുനിന്ന് കാണാൻ സാധിച്ചിട്ടുണ്ടെനിക്ക്– ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട രചനകളിലൊന്നായ "ആസ്സാമിന് പുറകിൽ, സുഭാഷ് പാർക്കിലെ കുരങ്ങൻ'' എന്ന കഥ കൊച്ചിയിലെ ആ പാർക്കിലേക്ക് ഞങ്ങൾ പലവട്ടം നടത്തിയ സന്ദർശനങ്ങൾക്കിടയിൽനിന്ന് പെറുക്കിയെടുത്തതാകണം. പാർക്കിലെ ഒരു ഉറക്കം​തൂങ്ങിമരത്തിന്റെ ചുവട്ടിലും മറ്റ് പലയിടങ്ങളിലും സാഹിത്യത്തെ ഒരുമിച്ച് സ്വപ്നം കണ്ട് നടന്ന ആ കാലങ്ങൾ ഇപ്പോഴും ഓർമ്മയിലുമുണ്ട്. അന്നുമുതൽ ഇന്നോളം, സാഹിത്യത്തെ സംബന്ധിച്ചെങ്കിലും, മാത്യൂസ് ശ്രദ്ധിച്ചിരുന്നത് സ്വയംനവീകരണത്തിലായിരുന്നു. എംടി, ഉറൂബ്, ബഷീർ തുടങ്ങിയവരിൽനിന്ന്, വിജയ​നിലൂടെ, മേതിലിലൂടെ, കരമസോവ് സഹോദരന്മാരിലൂടെ, അസ്തി​ത്വവാദത്തിലൂടെ, ലാറ്റിൻ അമേരിക്കൻ കടന്നാക്രമണത്തിലൂടെ വളർന്ന്, കാലാകാലങ്ങളിൽ വന്നുഭവിക്കുന്ന തരംഗങ്ങളെ മറികടന്ന്, കുറച്ചുകൂടി പക്വമായ സാഹിത്യവീക്ഷണത്തിൽ എത്തിച്ചേരാൻ മാത്യൂസിനെ സഹായിച്ചത് ഈ സ്വയംനവീകരണമാണ്. ഈ പരിണാമം എഴുത്തിലും സ്പഷ്ടമാണ്, പ്രത്യേകിച്ച് വൈകാരികതയുടെ പ്രതിഫലനത്തിന്റെ കാര്യത്തിൽ. മേലേ പറഞ്ഞ "ആസ്സാമിന് പുറകിൽ, സുഭാഷ് പാർക്കിലെ കുരങ്ങൻ'' എന്ന കഥയിൽനിന്ന്, ഈ സമാഹാരത്തിനു തൊട്ടുമുമ്പ് ഇറങ്ങിയ "മുഴക്ക''ത്തിലെ കഥകളിലേക്കെത്തു​മ്പോൾ, ആദ്യകാലങ്ങളിൽ എഴുത്തിൽ തെളിഞ്ഞുനിന്നി​രുന്ന വൈകാരികത മെല്ലെ കഥ പറച്ചിലിന്റെ ഭംഗിക്കു വഴിമാറിക്കൊടുക്കുന്നത് കാണാം, അതോടൊപ്പം ഉള്ളടക്കത്തിനും കഥാസന്ദർഭങ്ങൾക്കുമുള്ള പ്രാധാന്യം ക്ഷയിച്ചുപോകുന്നതും. മറ്റൊരു വിധത്തിൽ നോക്കിയാൽ, പറയുന്ന കഥയിൽനിന്ന് കഥ പറയുന്നതിലേക്ക് എഴുത്ത് കൂട് മാറുകയായിരുന്നു.


Related Articles