1975 ൽ ഇറങ്ങിയ 'പ്രയാണം' എന്ന സിനിമയ്ക്ക് പുറകെ, കച്ചവടവിജയം നേടിയ അഞ്ചോ ആറോ ചിത്രങ്ങൾക്ക് ശേഷമാണ് ഭരതൻ ആദ്യ തമിഴ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. 'സാവിത്രി' എന്ന ആ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. തിരിച്ചു വന്ന് മലയാളത്തിൽ സജീവമായ അദ്ദേഹം - ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോയ 'ഊഞ്ഞാലാടും ഉറവകൾ' എന്നൊരു ചിത്രമെടുത്തിരുന്നു - വീണ്ടും തമിഴ് സിനിമയിലേക്ക് ഗൗരവമായി എത്തുന്നത് 1992 ൽ, അടുത്തടുത്ത് ഇറങ്ങിയ രണ്ട് സിനിമകളിലൂടെ. അതിൽ ആദ്യത്തേത്, 'ആവാരംപൂ', ചെറിയ രീതിയിൽ വിജയിച്ചു എന്നാൽ രണ്ടാമത്തേത്, ശിവാജി ഗണേശൻ, കമൽ ഹാസൻ, രേവതി, ഗൗതമി തുടങ്ങിയ താരങ്ങളെ ഒരുമിച്ച് നിർത്തിയ 'തേവർമകൻ', ഒരു വലിയ വിജയമായി. അത് ഭരതൻ്റെ അവസാനത്തെ തമിഴ് ചിത്രവുമായിരുന്നു.
തമിഴ്നാട്ടിലെ ഒരു ഗ്രാമമുഖ്യൻ്റെയും അയാളുടെ മരണശേഷം പരിഷ്ക്കാരിയായ മകൻ പട്ടണ ജീവിതം ഉപേക്ഷിച്ച് അച്ഛൻ്റെ സ്ഥാനം ഏറ്റെടുക്കുന്നതിൻ്റെയും കഥയാണ് തേവർ മകൻ നമ്മോട് പറയുന്നത്. തേവരുടെ മരണത്തോട് ചേർത്ത്, കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിൽ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കണ്ണോക്ക് പാട്ടിനോട് സാമ്യമുള്ള ഒപ്പാരി പാടുന്ന സ്തീകളെ കാണിക്കുന്നുണ്ട്. തമിഴ്നാടിൻ്റെ പല ഭാഗങ്ങളിലും പ്രചാരമുണ്ടായിരുന്ന ചാവുപാട്ടിൻ്റെ ഒരു ഘടകമാണ് ഒപ്പാരി. കാൽ നൂറ്റാണ്ടിന് മുൻപ് കണ്ട ഈ സിനിമയെ, അതിൽ കേട്ട ഒപ്പാരിയെ, അതുവഴി ചാവുപാട്ടിനെ, ഓർമ്മയിലെത്തിച്ചത്, ചാവുപാട്ടിൽ അവസാനിക്കുന്ന ഒരു ദ്വന്ദ ജീവിതത്തെ നമുക്ക് കാണിച്ചുതരുന്ന ഒരു ചെറുനോവലിൻ്റെ കഴിഞ്ഞ ദിവസങ്ങളിലെ വായനയാണ്. ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട രണ്ട് ബ്രസീലിയൻ എഴുത്തുകാരിൽ ഒരാൾ (ആ സാഹിത്യകാരൻ തന്നെയാണ് ഫോക് നോവലുകളുടെ ഏറ്റവും മികച്ച മാതൃകകൾ നമുക്ക് കാണിച്ചു തന്നതും) എഴുതിയ ഒരു ചെറുനോവലായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് കൂട്ടിരുന്നത്.
ബ്രസീലിൻ്റെ കിഴക്കൻ അതിരിലുള്ള ബാഹിയ സംസ്ഥാനത്തിന് പച്ചപ്പ് നൽകുന്ന അറ്റ്ലാൻ്റിക് മഴക്കാടുകളിൽ നിന്ന് ഹംഗേറിയൻ ജന്തുശാസ്ത്രജ്ഞയും ഹംഗേറിയൻ നാച്ച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൻ്റെ ക്യുറേറ്ററുമായ ഡോ. ജൂഡിറ്റ് വോറോസ് (Dr Judith Voros) Phyllodytes ജനുസ്സിൽ പെട്ട പുതിയ ഒരിനം മരത്തവളകളെ കണ്ടെത്തി, വെറും രണ്ട് സെൻ്റീമീറ്റർ മാത്രം നീളമുള്ളവ, മെഴുകുപോലുള്ള ശരീരമുള്ളവ. 2017 ലെ ആ കണ്ടുപിടുത്തത്തിനു ശേഷം ഈ ജീവിയ്ക്ക് ഒരു പേരിടേണ്ടി വന്നപ്പോൾ അവരുടെ മുന്നിൽ ആദ്യം തെളിഞ്ഞത്, ആ നാട്ടിൽ ജനിച്ചുവളർന്ന ഒരാളുടെ രൂപമാണ്, തവളകളോട് വല്ലാത്ത ഒരടുപ്പം കാത്തുസൂക്ഷിച്ചിരുന്ന, ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും തവളകളെ സംബന്ധിച്ച കൗതുകവസ്തുക്കൾ ഒരു മ്യൂസിയത്തിനു വേണ്ടിയെന്നോണം ശേഖരിച്ചു വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരാളുടെ രൂപം. അങ്ങനെ അവർ ആ തവളയ്ക്ക് പേരിട്ടു, ഫില്ലോഡൈറ്റിസ് അമാഡോയ് (Phyllodytes Amadoi).
