ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അക്കൊല്ലത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ 'സ്മാരകശിലകൾ' ആദ്യമായി വായിക്കുന്നത്. പുനത്തിൽ എന്ന വീട്ടുപേരുകളും കുഞ്ഞബ്ദുള്ള എന്ന പേരിലുള്ള ആളുകളും എമ്പാടും ഞങ്ങളുടെ നാട്ടിൻപുറത്തും ഉള്ളത് കൊണ്ട് ഒരു സാഹിത്യകാരന് ഇങ്ങനെ ഒരു പേരോ എന്ന് അന്നൊക്കെ കൗതുകപ്പെട്ടിരുന്നു. മടപ്പള്ളിയും കാരക്കാടും ഏറെ ദൂരെ അല്ലാത്തത് കൊണ്ടാവാം നോവൽ വായിച്ചു തുടങ്ങിയപ്പോൾ കഥാപാത്രങ്ങളുടെ സംസാരവും രീതികളും നേരിട്ടറിയുന്നപോലെ പരിചിതമായി തോന്നിയതും. നിലത്തുവെക്കാതെ വായിച്ചു തീർക്കുമ്പോൾ പുരാതനമായ ആ പള്ളിയും ആ നാടും നേരിൽ അനുഭവിച്ചു. പൂക്കോയത്തങ്ങളുടെ ഇംഗ്ലീഷും രീതികളും ചിരിപ്പിച്ചു. ബാപ്പുക്കണാരൻ ജിന്നുകളുടെ ചായപ്പീടികയിൽ കിടന്നുറങ്ങിയത് അതിശയമായി...കുതിരയെ തേടി നടന്ന ബുദ്ധനദ്രുമാനും, അനാഥനായ കുഞ്ഞാലിയും, രോഗിയായ ഒരാളെ വിവാഹം കഴിച്ച് ഒടുവിൽ ഒരു സ്വർണ്ണമീനിനെ പോലെ കടപ്പുറത്ത് മരിച്ചു കിടന്ന പൂക്കുഞ്ഞിബിയും കരയിപ്പിച്ചു. വായിച്ചു കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് ഏറെനാൾ മായാതെ നിന്ന മാന്ത്രിക ലോകവും മനുഷ്യരും..
'സ്മാരകശിലകൾ' എന്ന നോവൽ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മരണത്തെ ഓർമ്മിപ്പിക്കുന്ന അടയാളക്കല്ലുകളാണ്. മരണമെന്ന സുനിശ്ചിതമായ യാഥാർഥ്യത്തെ സൂക്ഷ്മമായും ഗംഭീരമായും ആവിഷ്‌കരിച്ച 'മരണത്തിന്റെ പുസ്തകം.' ഈ നോവലിന്റെ കഥാപരിസരം പുരാതനമായ ഖബർസ്ഥാൻ ആയത് കൊണ്ട് മാത്രമല്ല. അപ്രതീക്ഷിതവും അവിചാരിതവുമായ മരണങ്ങളിലൂടെയാണ് ഈ നോവൽ തുടങ്ങുന്നതും ഒടുങ്ങുന്നതും കടന്നുപോകുന്നതും. ആഘോഷമായി നീങ്ങുന്ന ജീവിതത്തിൽ നിന്ന് നിനച്ചിരിക്കാത്തൊരു വേളയിൽ മരണത്തിന്റെ വാതിൽ കടന്നു പോകേണ്ടി വരുന്ന നിസ്സാരനും നിസ്സഹായനുമായ മനുഷ്യനെ, തൊട്ടുമുമ്പ് വരെ നിറഞ്ഞു കത്തി നിന്ന ജീവിതത്തെ, ഒക്കെയും നിർമമായ മട്ടിൽ വരച്ചിടുകയാണ് സ്മാരകശിലകളിൽ എഴുത്തുകാരൻ. നോവലിന്റെ തുടക്കത്തിൽ തന്നെ പള്ളിപ്പറമ്പിലെ പുരാതനമായ ശ്മശാനത്തെ കുറിച്ചു വിവരിക്കുന്നുണ്ട്. അമ്പത്തിയാറാം വയസ്സിൽ പതിനാറുകാരിയെ കല്യാണം കഴിച്ച് ഒരു മാസം പോലും തികയാത്ത, മൂന്നുറപ്പിക കീശയിൽ നിന്നും കട്ടതിന് ഒരാഴ്ച മുമ്പ് സ്വന്തം മരുമകനെ വീട്ടിൽ നിന്നും പുറത്താക്കിയ, ഇന്നലെവരെ അതുവഴി നടന്നു പോയ പാലത്തറയിലെ മമ്മതു ഹാജിയുടെ മരണ വാർത്ത കേട്ട് പള്ളിയിൽ വന്നവരെല്ലാം ഞെട്ടിയപ്പോഴും മുക്രി എറമുള്ളാൻ മാത്രം ഉള്ളുകൊണ്ട് സന്തോഷിക്കാൻ കാരണം ജീവിതകാലത്ത് നാട്ടിൽ ആർക്കും വേണ്ടാത്തവനെങ്കിലും മരണശേഷം മരണാനന്തര ചടങ്ങുകൾ നടത്താൻ മുക്രി എറമുള്ളാൻ വേണ്ടപ്പെട്ടവനാകുന്ന ഫലിതമോർത്തു കൂടിയാണ്.
