ഇരീച്ചാൽ കാപ്പ്; മനോഹരമായ ഭാഷ കൊണ്ടെഴുതിയ ഒരേകാന്തകാവ്യം

Book Review

ഇരീച്ചാൽ കാപ്പ്; മനോഹരമായ ഭാഷ കൊണ്ടെഴുതിയ ഒരേകാന്തകാവ്യം


ഈ പെരുമഴക്കാലത്താണ് ഇരീച്ചാൽ കാപ്പ് വായിച്ചത്. ഒരു ഏകാന്തകാവ്യം അതിൻ്റെ പൂർണ്ണാർത്ഥത്തിലും ആഴത്തിലും വലിച്ചെടുക്കാൻ പറ്റിയ ഏറ്റവും നല്ല സമയം ഇരുണ്ട് മൂടിയ ഈ ദിവസങ്ങൾ തന്നെയായിരുന്നു എന്ന് തോന്നുന്നു. ഒരു വലിയ മഴ പെയ്തതിൻ്റെ കട്ടിയുള്ള നനവ് അന്തരീക്ഷത്തിലാകെ നീലിച്ച് നിൽക്കുമ്പോൾ... അതിൻ്റെ സാന്ദ്രത ദുഃഖമായി പടരുമ്പോൾ...

തുടക്കം മുതൽ ഒടുക്കം വരെ മരണങ്ങളും, ചിതറിക്കിടക്കുന്നതും ഭ്രമിപ്പിക്കുന്നതുമായ സ്വപ്നങ്ങളും, ഏകാന്തതയും, നേർത്ത നിലാവും, അത്തർ മണവും പച്ചമനുഷ്യരുമുള്ള സുയിപ്പൻതൊടിയെയും ഇരീച്ചാൽ കാപ്പിനെയും സാറ മഹലിനെയും ഒന്നിൽ നിന്ന് വേറൊന്നായി ചിന്തിക്കാനേ വയ്യ. പലയിടങ്ങിലേക്കായി വഴി പിരിഞ്ഞുപോകുന്ന മനുഷ്യരാണെങ്കിലും ഇതിലെ കഥാപാത്രങ്ങളെല്ലാം ആഴത്തിൽ ഉറ്റുനോക്കുമ്പോൾ ഒരേ ജനിതകഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളെ വഹിച്ചുകൊണ്ട് നടക്കുന്നത് കാണാം. ഒരേ നാട്ടിലെങ്കിലും പല കുടുംബങ്ങളിലായി ജനിച്ചും പാർത്തും മുന്നോട്ടുപോകുന്ന ഇവരിൽ സാധാരണഗതിയിൽ, ഒരു തരത്തിലും സാധ്യമല്ലാത്ത ഈ ഒറ്റപ്പിടപ്പിൻ്റെ ദീനം എങ്ങനെ വന്നുവെന്ന് നമുക്ക് പിടികിട്ടാൻ കുറേ നേരമെടുക്കും. അതില്‍ അലൻ റൂമിയുണ്ട്, അമീറുണ്ട്. സൈത്താൻ മൂസയും മൂക്കുത്തിയും ബീഡിപ്പാത്തുമ്മയും ലൈലയും സിറാത്തും ബിയ്യുമ്മയും ഹസൈനാരും പക്രനുമടങ്ങിയ നിരവധി മനുഷ്യരുണ്ട്, ഇവരെല്ലാം വേറെ വേറെ നിൽക്കുന്ന അവനവൻ തുരുത്തുകളുണ്ട്. എല്ലാത്തിനുമുപരി മരിച്ചവരും അവരുടെ പച്ചഞരമ്പുകളുമുണ്ട്.

ഇരീച്ചാൽ കാപ്പിലേക്ക് കിനിഞ്ഞിറങ്ങുന്ന ഇളം ചൂടുള്ള നിലാവിൽപ്പോലും അമീറിൻ്റെ ഓർമ്മകൾ റൂമിയിൽ ഘനീഭവിക്കുന്നത് പോലെ പുസ്തകം അവസാനതാളും കഴിഞ്ഞ് അടച്ചുവെയ്ക്കുമ്പോൾ ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ ദഫ്മുട്ടുകൾ നമുക്കുള്ളിലും ആഞ്ഞ് കൊട്ടാൻ തുടങ്ങും.


Related Articles