സമകാലിക ജീവിതത്തിലേക്കുള്ള മറുനോട്ടം

Book Review

സമകാലിക ജീവിതത്തിലേക്കുള്ള മറുനോട്ടം


സമകാലിക ചെറുകഥാസമ്പ്രദായത്തിന്റെ ശീലങ്ങളെത്തന്നെ ഉടയ്ക്കുന്ന മറുഭാഷ പറയുന്നവയാണ്‌ വി എസ് അജിത്തിന്റെ "പെൺഘടികാര''​ത്തിലെ കഥകൾ. ഉത്തരാധുനികത എന്നു വിളിക്കപ്പെടുന്ന സമ​കാലിക ചെറുകഥയിൽ ശീലമായിക്കഴിഞ്ഞിട്ടുള്ള കഥാ​വഴക്കങ്ങൾ ഉപേക്ഷിക്കുന്ന മറ്റൊരുതരം എഴുത്ത്; സമകാലിക ജീവിതത്തിലേക്കുള്ള മറുനോട്ടം. രൂക്ഷമായ ആക്ഷേപഹാസ്യവും ഏതാണ്ട് അക്രമ​സ്വഭാവം പ്രകടിപ്പിക്കുന്ന ഭാഷയും നിത്യജീവിതഭാഷണശൈലിയും ജനപ്രിയസംസ്കാരത്തിലുള്ള ഊന്നലും നിറഞ്ഞ അജിത്തിന്റെ രചനകൾ സമീപകാലത്താണ് ചെറുകഥയുടെ മാറുന്ന പ്രകൃതി വെളിപ്പെടുത്തിക്കൊണ്ടു പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഒരു വർഷംമുമ്പുമാത്രം പുറ​ത്തുവന്ന എലിക്കെണി, ഇണയില്ലാപ്പൊട്ടൻ എന്നീ സമാഹാരങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഏതാനും അസമാഹൃതകഥകളും മാത്രമടങ്ങുന്ന അജിത്തിന്റെ രചനാലോകം ശ്രദ്ധ നേടിയതിനുകാരണം അവ കൊണ്ടുവരുന്ന പുതിയൊരു കഥപറച്ചിൽ രീതിയാണ്. മലയാള​ത്തിലെ ഉത്തരാധുനികതയുടെ രണ്ടാംതരംഗത്തിന്റെ സ്വഭാവം വെളിപ്പെടുത്തുകകൂടി ചെയ്യുന്ന ഒരു കഥാഖ്യാനരീതിയാണത്.

മധ്യവർഗ്ഗത്തിൽപ്പെട്ട സാമാന്യമനുഷ്യരുടെ നിത്യജീവിതമാണ് അജിത്തിന്റെ കഥകളുടെ ആഖ്യാനമണ്ഡലം. ആക്ഷേപഹാസ്യവും ഫലിതവും വിരുദ്ധോക്തിയും വിലക്ഷണീകരണവും സമൃദ്ധമായി ഉപയോഗിക്കുന്ന പെൺഘടികാരത്തിലെ കഥകൾ പരിഹാസ​ത്തിന്റെ പുറന്തോടിനുള്ളിൽ നിത്യജീവിതത്തിന്റെ വൈരുദ്ധ്യ​ങ്ങളും സംഘർഷങ്ങളും നിറഞ്ഞ ആന്തരലോകത്തേക്കു ദാർശനി​കമോ പ്രത്യയശാസ്ത്രപരമോ ആയ ചിന്താഭാരങ്ങളൊന്നും നടി​ക്കാതെ സ്വതന്ത്രമായി നടന്നുകയറുന്നു. ആൺ-പെൺ ബന്ധം, പെൺസ്വത്വം, ലിംഗപദവി തുടങ്ങിയവയെക്കുറിച്ചുള്ള പൊട്ടിത്തെറിക്കുന്ന ആശയങ്ങളാണ് അവ അവതരിപ്പിക്കുന്നത്. പ്രമേയ​ത്തിലും ആഖ്യാനത്തിലും സമകാലികമെന്നു വ്യവസ്ഥപ്പെട്ടുവ​രുന്ന കഥാ​രീതിയിൽനിന്നു ഭിന്നമായ പ്രകാ​രങ്ങളിൽ നിത്യജീവിതം ആവിഷ്ക​രിക്കുന്ന ഈ കഥകൾ ഉത്തരാധു​നിക ഭാവുകത്വത്തെ വിപുലീകരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ആഖ്യാനത്തിലും പ്രമേയ​ത്തിലും ഭാഷയിലും ലിംഗസങ്കല്പത്തിലും രാഷ്ട്രീയ​ഭാവനയിലുമൊന്നും പ്രത്യേകിച്ചൊരു താരകേന്ദ്രമില്ലാത്ത വ്യത്യസ്തതകളുടെ ബഹുലതയായി ഉത്തരാധുനികതയെ സ്ഥാനാന്തരപ്പെടു​ത്തുന്നു. ഈ പുതിയ എഴുത്തുരീതികളെ ഉത്തരാധുനികതയുടെ രണ്ടാം തരംഗം എന്നു വിളിക്കാനാണ് എനിക്കു താത്‌പര്യം. മറ്റു തരംഗങ്ങളുടെ സാധ്യതകൾകൂടി അത് പ്രവചി​ക്കുന്നു.

നിത്യജീവിതമാണ് പെൺഘടികാരത്തിലെ കഥകളുടെ പ്രമേയാ​ധാരം. കുറെക്കൂടി തെളിച്ചുപറഞ്ഞാൽ സാധാരണമായ പെൺ​ജീവിതം അല്ലെങ്കിൽ പെൺജീവിതത്തിന്റെ സാധാരണതയാണ് ഈ കഥകളിൽ ആഖ്യാനരൂപം കൈവരിക്കുന്നത്. നിത്യജീവിതവും സ്ത്രീജീവിതവും തമ്മിലുള്ള ആ ബന്ധത്തെപ്പറ്റി പറയണമെങ്കിൽ നിത്യജീവിതം എന്ന സങ്കല്പത്തെ വിശദീകരിക്കേണ്ടതുണ്ട്. വ്യക്തത​യ്‌​ക്കൊപ്പം അവ്യക്തതയും സന്ദിഗ്‌ധതയുംകൂടി സൃഷ്ടിക്കുന്ന സാമൂഹികശാസ്ത്രസംജ്ഞയാണ് നിത്യജീവിതം അല്ലെങ്കിൽ ദൈനംദിനജീവിതം എന്നു പരിഭാഷപ്പെടുത്താവുന്ന എവരിഡേ ലൈഫ്‌. സാധാരണവും അടിസ്ഥാനപരവും ശീലപരവുമായ ദൈനം​ദിനതയാണ് നിത്യജീവിതം. സാധാരണമായ പതിവുശീല​ത്തിന്റെ ശൈലിയിൽ പറഞ്ഞാൽ പണ്ഡിതനും പാമരനും ഒരു​പോലെ പങ്കുവയ്ക്കുകയും കടന്നുപോവുകയും ചെയ്യുന്ന അതിസാധാരണത്വത്തിന്റെയും ശീല​ത്തിന്റെയും നിസ്സാരതകളുടെയും അനുഭവലോകം.


Related Articles