കരുമാടി കനാലിനുവേണ്ടി കുഴിച്ചപ്പോൾ കിട്ടിയ കരിങ്കല്ലിൽ കൊത്തിയ പത്മാസനത്തിലിരിക്കുന്ന ബുദ്ധശില്‌പത്തെപ്പറ്റി വായിച്ചപ്പോൾ എന്റെ മനസ്സ് പെട്ടെന്ന് പോയത് തൊള്ളായിരത്തി എഴുപതുകളിൽ ബംഗാളിലെ ഫറാക്കാ ബാരേജിൽ ജോലിചെയ്തിരുന്ന കാലത്ത് ഞാൻ കണ്ടെടുത്ത ടെറാക്കോട്ട മാതൃദേവതാ വിഗ്രഹങ്ങളിലേക്കാണ്. ലോക്കിനും കനാലിനും വേണ്ടി മെഷീനുകൾ കുഴിച്ചുതള്ളിയ മണ്ണിൽ അവ കിടന്നു. ഒന്നല്ല, പലത്. ചെറുതുമുതൽ വലുതുവരെ. ഒക്കത്ത് ഒരു കുഞ്ഞുമായി മുകളിലേക്ക് നോക്കി അവ നിന്നു. കൂടെ മൺപാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഉരുപ്പടികൾ. മെഷീൻ മണ്ണ് കുഴിച്ചെടുത്ത കനാലിലേക്ക് ചെന്നപ്പോൾ അവിടെ വരിയായി ചുമരുകളും മുറികളും ഉള്ള വീടുകളുടെ അവശിഷ്ടങ്ങൾ. ടെറാക്കോട്ട റിങ്ങുകളിറക്കിയ കിണറുകൾ, വഴികൾ, എല്ലാം, ഏതാണ്ട് ഹരപ്പൻ ചിത്രങ്ങളിൽ കണ്ടിട്ടുള്ള മാതൃകയിൽ. വിവരം അറിയിച്ചപ്പോൾ സ്റ്റേറ്റ് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിൽനിന്ന് ആളുകൾ എത്തി. മൺപാത്രങ്ങളിൽ കണ്ട തുട്ടുകൾ മൗര്യൻ കാലഘട്ടത്തിലെ പഞ്ച് മാർക്ക് ചെയ്ത വെള്ളിനാണയങ്ങളാണെന്ന് മനസ്സിലായി. തുടർന്നുള്ള അന്വേഷണങ്ങളിൽ, നഷ്ടപ്പെട്ടുപോയ ആ ആവാസകേന്ദ്രം BCE ഒന്നാം നൂറ്റാണ്ടിലേതാണെന്ന് കണ്ടെത്തി. തുടരന്വേഷണത്തിന് അവരോ ASI–യോ ശ്രമിച്ചില്ല. നഷ്ടപ്പെട്ടത് ഒരുപക്ഷേ, ബംഗാളിൽ കണ്ടെത്തിയ ഏറ്റവും പഴയ പുരാവസ്തു സൈറ്റായിരുന്നു.
അജിത് കുമാർ എഴുതിയിട്ടുള്ള ജലപാതകളുടെ ചരിത്രത്തിന് പല മുഖങ്ങളുണ്ട്. ആവേശപരമായ വീണ്ടെടുപ്പുകളുടേതാണ് അവയിലൊന്ന്. പാത എന്ന വാക്കിൽ അന്തർഭവിച്ചിരിക്കുന്ന അന്വേഷണങ്ങളും കണ്ടെത്തലുകളും വേറൊന്ന്. ശാസ്ത്രീയപരീക്ഷണങ്ങളുടെ, അധികാര വടംവലികളുടെ, ദുരാഗ്രഹങ്ങളുടെ, കൊടുംക്രൂരതകളുടെ, കച്ചവടത്തിന്റെ, അടിമക്കച്ചവടത്തിന്റെ, യാത്രാനുഭൂതിയുടെ, വെറും വിസ്മയത്തിന്റെ. അറിവിന്റെ ദ്വീപ് വികസിക്കുംതോറും അത്ഭുതത്തിന്റെ തീരരേഖ വലുതാകും എന്നാണ് ചൊല്ല്. വിസ്മയം അവസാനിക്കുന്നില്ല. അത്ഭുതങ്ങൾ ഇല്ലാതാകുമ്പോഴല്ല, അത്ഭുതം ഇല്ലാതാകുമ്പോഴാണ് ലോകം അവസാനിക്കുക എന്ന് ഹക്സ്‌ലി. അതുകൊണ്ട് യാത്രകൾ തരണം ചെയ്യുവാനുള്ള പ്രശ്നങ്ങളായിരുന്ന കടലിനെയും നദികളെയും മനുഷ്യൻ യാത്രയ്ക്കുള്ള ഉപാധികളാക്കിയപ്പോൾ അത് സ്വയം നിർമ്മിച്ച കനാലുകളിലേക്കും നീങ്ങി. കൂടെവന്നു കൃഷിക്കായുള്ള ജലസേചന, കുടിവെള്ള പദ്ധതികൾ. അറുപതുകൾ വരെ ഭക്ഷണക്ഷാമത്തിൽ വലഞ്ഞിരുന്ന ഇന്ത്യയെ കരകയറ്റിയതിന്റെ പ്രധാനഘടകം ജലസേചനമായിരുന്നു. കൂടുതൽ കൂടുതൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരുന്ന രാജ്യത്തിന് കുടിവെള്ളമെത്തിക്കുവാനും അവ സഹായകമായി. നദികളെ ബന്ധിപ്പിക്കുന്ന തെലുഗുഗംഗ എന്ന ഒരു പദ്ധതിയെയാണ് ചെന്നൈ നഗരം ആശ്രയിക്കുന്നത്.
