ഭ്രാന്തു പൂക്കുന്ന ആകാശങ്ങൾ...

Book Review

ഭ്രാന്തു പൂക്കുന്ന ആകാശങ്ങൾ...


സങ്കീർണമായ ഒരു കാലഘട്ടത്തെക്കുറിച്ച് നടത്തുന്ന ഏതു രൂപത്തിലുള്ള ആഖ്യാനവും സങ്കീർണ്ണമായിത്തീരുക സ്വാഭാവികമാണ്. അത്തരമൊരു ലോകത്ത് അസ്വാഭാവികമായോ അസാധ്യമായോ ഒന്നും തന്നെ ഉണ്ടാവുകയില്ല. സാമാന്യ മനുഷ്യന്റെ യുക്തിക്കോ നീതിബോധത്തിനോ യാതൊരു പ്രസക്തിയുമില്ലാത്ത അപര സ്വാതന്ത്ര്യത്തിന്റെ എല്ലാ സങ്കല്പനങ്ങളേയും അട്ടിമറിക്കുന്ന ഒരു വ്യവസ്ഥിതിയിൽ നാമെങ്ങനെയാണ് ശരികളെ നിർവചിക്കേണ്ടത് എന്ന ആശങ്ക നിലനിൽക്കുന്നു. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മരീചികകളാവുന്ന ഒരു രാഷ്ട്രത്തിൽ അസ്വസ്ഥതകളേയും അമാനവികതയേയും കുറിച്ചല്ലാതെ മറ്റെന്തിനേക്കുറിച്ചാണ് പറയേണ്ടത്..? സ്വന്തം ആകാശം പോലും മറ്റാരൊക്കെയോ എഡിറ്റ് ചെയ്യുന്ന കാലത്ത് എങ്ങനെയാണ് ഉന്നതവും പ്രൗഡവുമായ ദേശീയ ബോധത്തെക്കുറിച്ച് ചർച്ച ചെയ്യുക..? നേരിന്റെ ഭാഗത്തു നിന്നു കൊണ്ട് എങ്ങനെയാണ് കപട രാജ്യപ്പെരുമയുടെ വാഴ്ത്തുപാട്ടുകളോട് വിധേയരാവുക.? ഇപ്രകാരമുള്ള ഒട്ടനവധിചോദ്യങ്ങളാണ്. പി. ജിംഷാർ എഴുതിയ 'എഡിറ്റിങ് നടക്കുന്ന ആകാശം' എന്ന നോവൽ ബാക്കി വെക്കുന്നത്. ഒരു പക്ഷേ നോവൽ എന്ന ആഖ്യാന രൂപത്തിന്റെ എല്ലാ സാധ്യതകളേയും ശീർഷാസനത്തിൽ നിർത്തുന്ന ഇത്തരം രചനകൾ നമുക്കത്രയൊന്നും പരിചിതമല്ല. അതുകൊണ്ട് തന്നെ സാധാരണ വായനാ സമീപനങ്ങൾ ഉപയോഗിച്ച് ഈ നോവലിന്റെ ബഹുതല സങ്കീർണതകളെ അഴിച്ചെടുക്കുക അത്ര എളുപ്പമല്ല. ഭൂതകാലത്തും വർത്തമാനകാലത്തും ഭാവിയിൽ പോലും അധികാരത്തിന്റേതും അല്ലാത്തതുമായ വിരുദ്ധ നൈതികതകൾ ഉണ്ടെന്നതും ഉണ്ടാവുമെന്നതും യഥാർഥ്യമാണ്. അധികാരത്തിന്റെ നീതിബോധമാകട്ടെ നിരന്തരമായി ശത്രുതയെയും പകയെയും കുറിച്ച് ആശങ്കപ്പെടുകയും ഭീതിയുടെ സാധ്യതകളെ അധിനിവേശത്തിന്റെ ഉപകരണമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അധികാരം എല്ലായ്പോഴും അതിന്റെ തന്നെ നാശത്തെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അത് സ്വന്തം കീഴ്ജനതയിൽ അതിന്റെ ശത്രുക്കളുണ്ടെന്ന് ആശങ്കപ്പെടുന്നത്.

അധികാരത്തിന് അതിന്റെ ആധിപത്യം നിലനിർത്താൻ സമൂഹത്തിൽ ഭയം ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. ഭയം ഭയത്തിന്റെ തന്നെ ഉൽപന്നമാണെന്നിരിക്കെ അപരനിൽ ഭയം ജനിപ്പിക്കാനുള്ള ഏതൊരു ശ്രമവും സ്വയം ഭയപ്പെടുന്നതിനുള്ള കാരണവും കൂടിയാകുന്നു. അത്തരം സന്ദർഭങ്ങളിലാണ് അധികാരം സ്വന്തമായ ഭയഹേതുക്കളെ കണ്ടെത്തുന്നത്. നീട്ടി വളർത്തിയ താടിയും ലോ വെയ്സ്റ്റ് ജീൻസും ചപ്ര തലമുടിയും പോലും അപ്പോൾ നിയമ സംവിധാനങ്ങളെ ഭ്രാന്തു പിടിപ്പിക്കുന്നു. അവരുടെ വാക്കുകളും പ്രവൃത്തിയും എഴുത്തും പാട്ടുമൊക്കെ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. നിരന്തരമായി ചില ശത്രു വർഗങ്ങളില്ലാതെ അതിജീവിക്കാൻ കഴിയാത്ത ഭീരുക്കളാണ് മിക്കപ്പോഴും ഭരണകൂടങ്ങൾ, കുറ്റവാളികളെന്നു മുദ്രകുത്താനും ശിക്ഷിക്കാനും അത് ചില വർഗങ്ങളെ കണ്ടെത്തുന്നു. കുറ്റവാളി വർഗങ്ങൾ തീരുമാനിക്കപ്പെടുന്നത് അതതു കാലത്തിന്റെ താൽക്കാലിക യുക്തികൾക്കു വിധേയമായി ജാതിയുടേയോ മതത്തിന്റേയോ തൊഴിലിന്റേയോ ജ്ഞാനത്തിന്റെയോ അടിസ്ഥാനത്തിലാവാം, കുറ്റപ്പെടുത്താനും ശിക്ഷിക്കാനും ചിലരുണ്ടാവുക എന്നതാണ് അധികാരത്തിന്റെ അതിജീവന യുക്തി. തീർച്ചയായും അധികാരവും അതിന്റെ ഇരകളും (subjects) തമ്മിലുള്ള സംഘർഷമാണ് എഡിറ്റിംഗ് നടക്കുന്ന ആകാശം എന്ന നോവലിന്റെ അടിസ്ഥാനം.


Related Articles