മഞ്ഞശലഭങ്ങളുടെ ചിറകടി

Book Review

മഞ്ഞശലഭങ്ങളുടെ ചിറകടി


കുടിയേറ്റത്തെയും അഭയാന്വേഷണങ്ങളെയും കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ 'മനുഷ്യര്‍ തങ്ങളുടെ കാലുകള്‍കൊണ്ട് സമ്മതിദാനം നിര്‍വ്വഹിക്കുന്നു'(People vote with their feet) എന്ന് ചരിത്രകാരന്‍ യുവല്‍ നോവാ ഹരാരി സൂചിപ്പിക്കുന്നുണ്ട്. സോവിയറ്റ് ബ്ലോക്കിന്റെ കാലത്ത് മനുഷ്യര്‍ 'കമ്മ്യൂണിസം' ബാധിക്കാത്ത രാജ്യങ്ങളിലേക്കു നാടുവിട്ടുപോയി. ആഭ്യന്തരവും രാജ്യാന്തരീയവുമായ യുദ്ധങ്ങളുടെ സമകാലിക പശ്ചാത്തലത്തില്‍ പ്രാണനും കൈപ്പിടിച്ച് മനുഷ്യര്‍ ഓടിപ്പോകുന്നത് അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ജീവിതസാഹചര്യങ്ങളും ലഭിക്കും എന്നു പ്രതീക്ഷിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണല്ലോ. അവിടങ്ങളില്‍ ഉയര്‍ന്നുവരുന്ന വലതുപക്ഷ മുന്നേറ്റങ്ങള്‍ ആശങ്കാജനകമാണെങ്കിലും ഇപ്പോഴും ഒഴുക്ക് അവിടേക്കുതന്നെയാണ്. ബ്രിട്ടനില്‍നിന്നും ചൈനയിലേക്കുള്ള ഹോങ്കോങ്ങിന്റെ കൈമാറ്റം നടക്കുന്ന കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നു. ഇതുവരെ അനുഭവിച്ച സ്വാതന്ത്ര്യം തങ്ങള്‍ക്ക് അന്യമാവുമോ എന്ന ഭീതിയാണ് ഹോങ്കോങ്ങിലെ തെരുവുകളെ പ്രക്ഷുബ്ധമാക്കുന്നത്.

ദിവ്യ അരുണിന്റെ 'യെല്ലോ റിബ്ബണ്‍' എന്ന നോവല്‍ ഈ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട രചനയാണ്. ഒരര്‍ത്ഥത്തില്‍ ഈ നോവല്‍ രണ്ട് അപരദേശങ്ങളിലൂടെയുള്ള ഒരു മലയാളി യുവതിയുടെ യാത്രകളെ പിന്തുടരുന്നു എന്നു പറയാം. ഏതാനും ദിവസങ്ങളിലാണ് ഈ സഞ്ചാരം എന്നുണ്ടെങ്കിലും സ്മരണകളില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്ന തന്റെ ഭൂതകാലത്തിലേക്കുകൂടിയുള്ള ഒരു വ്രണിത തീര്‍ത്ഥാടനമാണത്. 'ഭൂമിയിലെ അകക്കാമ്പിലേക്കെന്നപോലെ ഓര്‍മ്മകളിലേക്കുള്ള നടത്തം' എന്ന് നോവലിസ്റ്റ് അതിനെക്കുറിച്ചു ഒരിടത്തു സൂചിപ്പിക്കുന്നു.

ഒന്നാലോചിച്ചാല്‍ കൊളോണിയലിസത്തിന്റെ 'പാട്ടബാക്കി'യാണ് ഹോങ്കോങ്ങിലെ പ്രക്ഷോഭം. 1839-42 കാലത്ത് ബ്രിട്ടനും ചൈനയുമായുണ്ടായ കറപ്പുയുദ്ധത്തിലൂടെയാണ് (Opium War) ഹോങ്കോങ്ങ് ബ്രിട്ടന്റെ അധീനതയിലാവുന്നത്. അരനൂറ്റാണ്ടിനുശേഷം 1898-ല്‍ അത് 99 വര്‍ഷത്തെ പാട്ടക്കരാറിന്റെ ഭാഗമായി ബ്രിട്ടനോടൊപ്പം നിന്നു. 1997-ല്‍ ഹോങ്ങ്‌കോങ്ങ് തിരിച്ച് ചൈനയുടെ ഭാഗമാകേണ്ടതുണ്ടായിരുന്നു. ഒരു കൊളോണിയല്‍ ശക്തിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള അധികാരക്കൈമാറ്റം. ഒരു സമൂഹത്തെ മൊത്തം ഒറ്റ അടിമയായി പരിഗണിച്ചാല്‍ രണ്ടു യജമാനന്മാര്‍ തമ്മിലുള്ള കച്ചവടം. അപ്പോള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആ ജനതയ്ക്ക് തങ്ങളുടെ ഭാഗധേയത്തില്‍ കാര്യമൊന്നുമില്ലെന്നു വരുന്നു. പക്ഷേ, ഇവിടെ അതല്ല ഉണ്ടാവുന്നത്. ഒന്നര നൂറ്റാണ്ടുകൊണ്ട് ബ്രിട്ടന്‍ ഹോങ്‌കോങ്ങിനെ അതിവികസിതമായൊരു നഗരമാക്കി മാറ്റി. ലോകത്തിന് ബ്രിട്ടണ്‍ സംഭാവന ചെയ്ത ആധുനികജനാധിപത്യമൂല്യങ്ങളും സ്വാതന്ത്ര്യവും വേണ്ടുവോളം അനുഭവിച്ച ഒരു ജനത, അക്കാര്യങ്ങളിലെല്ലാം ദുരൂഹമായ ചരിത്രം പേറുന്ന ചൈനയ്‌ക്കൊപ്പം പോകാന്‍ മടിച്ചു. ദേശീയ സുരക്ഷാനിയമം, സാര്‍വ്വത്രിക വോട്ടവകാശം, കുറ്റവാളികളെ കൈമാറാനുള്ള കരാര്‍, കാന്റണീസ് ഭാഷയ്ക്കുമേല്‍ ചൈനീസ് (മാന്‍ഡറിന്‍) ഭാഷ നേടാന്‍ ശ്രമിക്കുന്ന ആധിപത്യം: വിഷയങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വന്നുകൊണ്ടിരുന്നു. സര്‍വ്വകലാശാലകളും തെരുവുകളും പ്രക്ഷുബ്ധമായി. സഹവര്‍ത്തിത്വത്തിന്റെ, സഹനത്തിന്റെ, അതിജീവനത്തിന്റെ പ്രതീകമായ മഞ്ഞനാടയെ (Yellow Ribbon) പ്രക്ഷോഭകാരികള്‍ സമരത്തില്‍ സ്വന്തം അടയാളമായി സ്വീകരിച്ചു. ഏതു പ്രക്ഷോഭണത്തോടും ഒരു സ്വേച്ഛാധിപത്യ ഭരണകൂടം കൈക്കൊള്ളാവുന്ന നിലപാടുതന്നെ ചൈനീസ് ഗവണ്‍മെന്റ് ഇവിടെയും എടുത്തു: വിയോജിപ്പുകളെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തുക. പലരും തടവറയിലായി, ചിലര്‍ നാടുവിടുകയോ അപ്രത്യക്ഷരാവുകയോ ചെയ്തു.


Related Articles