ഗൂഢാലോചനാ സിദ്ധാന്തത്തേക്കാൾ പലപ്പോഴും അവിശ്വസനീയമായിരിക്കും യാഥാർത്ഥ്യം. ഏതു ദുരന്തവും ലാഭമുണ്ടാക്കുന്നതിനുള്ള അവസരമായിട്ടാണ് മുതലാളിത്തം കാണുന്നത്. അതുകൊണ്ട് ഒരു മഹാദുരന്തത്തിൻ്റെ പിന്നിൽ മുതലാളിത്തത്തിൻ്റെ കൈകൾ പ്രവർത്തിച്ചിട്ടില്ല എന്നു നമുക്ക് ഒരിക്കലും തീർപ്പു കല്പിക്കാൻ കഴിയില്ല. നവോമി ക്ലെയ്ൻ രചിച്ച ഒരു ഗ്രന്ഥത്തിൻ്റെ പേര്, ' Shock Doctrine : The Rise of Disaster Capitalism' എന്നാണ്. ദുരന്തങ്ങളെ (അവ പ്രകൃതി ദുരന്തങ്ങളായാലും മനുഷ്യനിർമ്മിതമായാലും) ലാഭകരമായ കച്ചവടമാക്കി മാറ്റുന്ന മുതലാളിത്തത്തെക്കുറിച്ചാണ് ആ ഗ്രന്ഥത്തിൽ ക്ലെയ്ൻ എഴുതുന്നത്. ലാഭമുണ്ടാകുന്ന എല്ലായിടത്തും മുതലാളിത്തമുണ്ടല്ലോ. അതുകൊണ്ടാണ്, "Accumulate, accumulate, that is Moses and Prophets" (കുന്നുകൂട്ടുക കുന്നുകൂട്ടുക, അതാണ് മോശയും പ്രവാചകനും) എന്നു മാർക്സ് മൂലധനത്തിൽ പറഞ്ഞത്.
ഷോക് ഡോക്ട്രിൻ എന്ന ഗ്രന്ഥത്തിൽ ഗെയ്ൽ കാസ്‌റ്റനർ എന്ന ഒരു സ്ത്രീയെ അവതരിപ്പിക്കുന്നുണ്ട് ക്ലെയ്ൻ. 1950 കളിൽ സി ഐ എയുടെ പരീക്ഷണ ശാലയിൽ നടത്തപ്പെട്ട മന:ശാസ്‌ത്ര പരീക്ഷണത്തിന് ഇരയായ വ്യക്തിയാണ് ഗെയ്ൽ കാസ്‌റ്റനർ . സിഐഎ യുടെ നിർദ്ദേശ പ്രകാരം, ഇവെൻ കാമറോൺ എന്ന മന:ശാസ്‌ത്രജ്ഞനാണ് പരീക്ഷണങ്ങൾക്കു നേതൃത്വം നൽകിയത്. മനുഷ്യമസ്തിഷ്ക്കത്തെ നിരന്തരമായ ഷോക്കിനു വിധേയമാക്കിയാൽ മനുഷ്യർ പഴയതെല്ലാം മറന്ന് അനുസരണാ ശീലമുള്ളവരായി മാറും എന്നായിരുന്നു പരീക്ഷണങ്ങൾക്കൊടുവിൽ കാമറോൺ കണ്ടെത്തിയത്. ആധിപത്യം ഉറപ്പിക്കാൻ ഇന്നും ഈ ഷോക്കാണ് മുതലാളിത്തം ഉപയോഗിക്കുന്നത്. യുദ്ധവും പീഡനവും (war and torture) അത്തരം ഷോക്ക് ചികിത്സയാണ്. ഇറാഖ് ആക്രമണത്തിൻ്റെ പേര് shock and awe എന്നായിരുന്നു എന്നോർക്കുക. ഹിരോഷിമയും നാഗസാക്കിയും ഒരേ സമയം പരീക്ഷണവും പ്രഖ്യാപനവുമായിരുന്നു. ആൻ്റണി ലെവിൻസ്റ്റൺ രചിച്ച ഗ്രന്ഥത്തിൻ്റെ പേര് Palestine Laboratory എന്നാണ്. ഇസ്രായേലിൻ്റെ ആയുധങ്ങളുടെ കൃത്യതയും കാര്യശേഷിയും പരിശോധിക്കുന്ന പരീക്ഷണശാലയാണ് ഗാസ.
വിനോദ് കൃഷ്‌ണ രചിച്ച 'ലീക്ക് 86' ലക്ഷണമൊത്ത കോൺസ്പിറസി തിയറി നോവലായാണ് വിശേഷിപ്പിക്കപ്പെടുന്നത്. യാഥാർത്ഥ്യവും സങ്കല്പവും ഇടകലർന്നു വരുന്നത് വിനോദ് കൃഷ്ണയുടെ രചനാ രീതിയാണെന്നു തോന്നുന്നു. ' 9 എം എം ബെരേറ്റ'യിലും ഇതേ രീതി തന്നെയാണ് നോവലിസ്റ്റ് അവലംബിച്ചത്.
