നവഭൗതികവാദവും സമകാലിക സാഹിത്യവും: രാമനുണ്ണിയുടെ കഥകളിലെ സാങ്കേതികദര്‍ശനം

Book Review

നവഭൗതികവാദവും സമകാലിക സാഹിത്യവും: രാമനുണ്ണിയുടെ കഥകളിലെ സാങ്കേതികദര്‍ശനം


പുതിയ സഹസ്രാബ്ദത്തിലെ നോവലിലും ചെറുകഥയിലും നവസാങ്കേതികവിദ്യയുടെ വിസ്മയങ്ങളും പാരിസ്ഥിതിക ആഘാതങ്ങളും സൃഷ്ടിക്കുന്ന രാഷ്ട്രീയസന്ദേഹങ്ങളാല്‍ സ്വത്വപ്രതിസന്ധി നേരിടുന്ന ഒരു ലോകത്തിന്റെ ഉദ്വേഗങ്ങള്‍ കാണുവാന്‍ കഴിയും. എന്നാല്‍ ഇത് ലോകത്തെ പിന്നോട്ടുകൊണ്ടുപോകുന്ന ഫ്യൂഡല്‍ കാല്പനികതയുടെ ഭൂതാതുരതയില്‍ അഭിരമിച്ചുകൊണ്ടല്ല. മറിച്ച്, മനുഷ്യാധ്വാനവും പ്രകൃതിയും എന്ന ആദിരൂപത്തിന്റെ അനിവാര്യമായ തുടര്‍ച്ചയായി ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യപ്രകൃതി ബന്ധത്തെയും മനസ്സിലാക്കിക്കൊണ്ടാണ്. ഏറ്റവും പുതിയ സൈബോര്‍ഗ് സാങ്കേതികവിദ്യ 'മനുഷ്യവിരുദ്ധ'മാണെങ്കില്‍, ആദ്യത്തെ കല്ലുളി ഉണ്ടാക്കിയ മനുഷ്യരും 'മനുഷ്യവിരുദ്ധ'രാവുമെന്ന ഐറണി തിരിച്ചറിഞ്ഞുകൊണ്ടാണ്. ആന്ത്രോപോസീന്‍ എന്ന ഭൂമിയിലെ മനുഷ്യ ഇടപെടലിന്റെ ചരിത്രവും കാപ്പിറ്റലോസീന്‍ എന്ന മുതലാളിത്ത ഇടപെടലിന്റെ ചരിത്രവും വേര്‍തിരിച്ചു മനസ്സിലാക്കിക്കൊണ്ടാണ്. എന്നാല്‍, സാഹിത്യത്തെ സംബന്ധിച്ചിടത്തോളം 'പുതിയ സഹസ്രാബ്ദം' എന്നൊരു അതിര് കെട്ടേണ്ടതുണ്ടോയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ഉത്തരാധുനികത ഒരു ദാര്‍ശനികപ്രയോഗമായി മാറുന്നതിനു മുന്‍പുള്ള നോവലും അതിനുശേഷം, അതിന്റെകൂടി സ്വാധീനത്തില്‍ മാറുന്ന നോവലും വ്യത്യസ്തമായ വ്യാഖ്യാനസാധ്യതകളാണ് തുറക്കുന്നത്. ഒരു സവിശേഷ ദാര്‍ശനിക പ്രഭാവവും സാഹിത്യവുമായി അതിനുള്ള ബന്ധവും കാലബദ്ധമാണ്. തൊണ്ണൂറുകളില്‍ രൂപംകൊണ്ട നവഭൗതികവാദം (new materialism) ഉയര്‍ത്തിയ ചിന്താപരമായ പരികല്പനകളോട് സമന്വയിക്കുന്ന പ്രമേയങ്ങളും ഉള്ളടക്കവും പുതിയ കഥയിലും നോവലിലും കടന്നുവരുന്നത് പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തിലും അതിനുശേഷവുമാണ് എന്നത് കേവലമായ യാദൃച്ഛികതയല്ല. രണ്ടു രീതിയില്‍ ഇത് പ്രധാനമാണ്: ഒന്ന്, പഴയ ഫിക്ഷന്‍ തീര്‍ച്ചയായും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ചര്‍ച്ചചെയ്തിട്ടുണ്ട്. അതുപോലെ പ്രകൃതിയുമായി ബന്ധപ്പെട്ട മഹാദുരന്തങ്ങളെയും (apocalypse) ഡിസ്റ്റൊപ്പിയന്‍ വീക്ഷണത്തില്‍, ശാസ്ത്രാഭിമുഖ്യത്തോടെ അപൂര്‍വമായെങ്കിലും പ്രതിനിധാനം ചെയ്തിട്ടുമുണ്ട്. എന്നാല്‍ നവഭൗതികവാദം ഉയര്‍ന്നുവന്ന കാലഘട്ടത്തില്‍ സാഹിത്യം സയന്‍സ് ഫിക്ഷന്റെ പഴയ മാതൃകകളില്‍നിന്ന് വ്യത്യസ്തമായ ആഖ്യാനമുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. സമകാലിക നോവലുകളും ചെറുകഥകളും മനുഷ്യനും യന്ത്രങ്ങളും ഭൗമഭാഗധേയവും തമ്മിലുള്ള പാരസ്പര്യത്തില്‍ വന്നിട്ടുള്ള അഗാധമായ മാറ്റങ്ങളെ ദാര്‍ശനികമായി രേഖപ്പെടുത്തുന്നവയാണ്. ഈ ദര്‍ശനമാവട്ടെ, നവഭൗതികവാദത്തിന്റെ ആശയങ്ങളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. പരികല്പനാപരമായ ഒരു പാരസ്പര്യം പുതിയ ഫിക്ഷനും പ്രകൃതിമനുഷ്യ ദര്‍ശനവും തമ്മില്‍ ഉണ്ടാകുന്നു. പുതിയ കഥയിലെയും നോവലിലെയും സാങ്കേതിക പ്രതിനിധാനങ്ങള്‍ ശാസ്ത്രനോവലിന്റെ പരിധിയെ അതിലംഘിക്കുന്നവയാണ്. ഡിജിറ്റല്‍ വിപ്ലവത്തിനും ബയോസാങ്കേതികവിദ്യയുടെ അഭൂതപൂര്‍വമായ കുതിച്ചുചാട്ടങ്ങള്‍ക്കുംശേഷം സയന്‍സ് ഫിക്ഷന്‍ ഒരു മാതൃക എന്നനിലയില്‍ ദുര്‍ബ്ബലമാകുന്ന ഘട്ടത്തിലാണ് നോവലും കഥയും നവഭൗതികവാദപരിസരങ്ങളിലേക്ക് ചുവടുവയ്ക്കുന്നത്. എങ്ങനെ സാഹിത്യത്തിലെ ഒരു വിചാരമാതൃകയായി നവഭൗതികവാദം മാറുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് സമീപസ്ഥമായ ചില ഉദാഹരണങ്ങള്‍. റിച്ചാര്‍ഡ് പവേഴ്‌സ്, മാര്‍ഗരറ്റ് അറ്റ്വുഡ്, കിം സ്റ്റാന്‍ലി റോബിന്‍സണ്‍, അമിതാവ് ഘോഷ്, ജെന്നി ഓഫില്‍ തുടങ്ങിയ എഴുത്തുകാര്‍ മനുഷ്യനെ ഭൗമ-സാങ്കേതിക സമന്വയത്തിന്റെ ഭാഗമായി പുനര്‍സങ്കല്പിക്കുന്നത് ഫിക്ഷന്റെ പഴയ രൂപത്തെയും ഉള്ളടക്കത്തെയും ദാര്‍ശനികമായ അടിയൊഴുക്കുകളെയും മാറ്റിക്കൊണ്ടാണ്. ഇവിടെ മനുഷ്യര്‍ സത്താപരമായി പ്രകൃതിയെ ആക്രമിക്കുന്ന അന്യരല്ല. കാല്പനികതയുടെ ഏകപക്ഷീയമായ സാങ്കേതിക-ബൗദ്ധികവികാസ വിരുദ്ധത ഇതില്‍ കാണുവാന്‍ കഴിയില്ല. ഈ സമീപനമാവട്ടെ, നവഭൗതിക?വാദചിന്തയുടെ വക്താക്കളായി കരുതപ്പെടുന്ന കരേന്‍ ബരാഡ് (Karen Barad), റോസി ബ്രൈഡോട്ടി (Rosi Braidotti), എലിസബത്ത് ഗ്രോസ് (Elizabeth Grosz), ജെയിന്‍ ബെന്നറ്റ് (Jane Bennett), വിക്കി കിര്‍ബി (Vicki Kirby), മാനുവല്‍ ഡിലാന്‍ഡ (Manuel DeLanda) തുടങ്ങിയ നവദാര്‍ശനികരുടെ ആശയങ്ങളുമായി ശക്തമായി ഇഴചേര്‍ന്നുനില്‍ക്കുന്നതുമാണ്. ദ്രവ്യത്തിന്റെ സചേതനത്വത്തിലും നരകേന്ദ്രീകൃത സമീപനങ്ങളോടുള്ള വിശ്വാസരാഹിത്യത്തിലും ഹൈപ്പര്‍ വസ്തുക്കളെന്ന് വിളിക്കപ്പെടുന്ന ഭൗമപ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിനുള്ള സവിശേഷ വിചാരമാതൃകകളിലും ഊന്നല്‍ നല്‍കുന്ന നവഭൗതികവാദം, അതിന്റെ അടിസ്ഥാനത്തില്‍ വികസിക്കുന്ന സാഹിത്യവ്യവഹാരത്തെക്കൂടി ഉള്‍ക്കൊള്ളുന്ന വിപുലമായ വ്യവഹാരവ്യവസ്ഥയായി മാറിയിരിക്കുന്നു.

സാഹിത്യത്തില്‍ ഇത്തരമൊരു സമീപനം പുതിയ സര്‍ഗ്ഗാത്മകതകളും പുതിയ ഭാവുകത്വങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നത് ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വളരെ സര്‍ഗ്ഗാത്മകമായ ചില സമീപകാലരചനകള്‍ ഈ സമീപനം പ്രതിഫലിപ്പിക്കുന്ന ആഖ്യാനഘടനകള്‍ സ്വീകരിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് പവേഴ്‌സിന്റെ 'ദി ഓവര്‍സ്റ്റോറി' (2018) ഒന്‍പത് മനുഷ്യരുടെയും മരങ്ങളുടെയും ജീവിതങ്ങളെ ഇഴചേര്‍ത്ത് കാടും മനുഷ്യനും പങ്കിടുന്ന ഏജന്‍സിയുടെയും സ്മരണകളുടെയും പരിസ്ഥിതി അവബോധം ഉണര്‍ത്തുന്നതാണ്. വൃക്ഷങ്ങളുടെ ആഖ്യാനസാന്നിധ്യത്തിലൂടെ നോവല്‍ സൃഷ്ടിക്കുന്ന വൃക്ഷബോധം നരകേന്ദ്രീകൃതമായ കഥനരീതികള്‍ കൈവെടിയുന്നതാണ്. എല്ലാ മനുഷ്യമനുഷ്യേതര ഭൗതികാസ്തിത്വങ്ങള്‍ക്കും ചൈതന്യവും ഏജന്‍സിയും കല്‍പ്പിക്കുന്ന സമീപനം ഈ നോവലില്‍ കാണുവാന്‍ കഴിയും. ഈ നോവല്‍ വായിച്ചതിനുശേഷം നെറ്റ്ഫ്‌ലിക്‌സ് ഇതിനെ അടിസ്ഥാനമാക്കി ഒരു പരമ്പര തയ്യാറാക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രീകരണ ഷെഡ്യൂളോ റിലീസ് തീയതിയോ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാവുന്നത്. മാര്‍ഗരറ്റ് അറ്റ്വുഡിന്റെ മാഡ് ആദം ട്രൈലോജി (2003-2013) ജനിതകപരീക്ഷണം, പാന്‍ഡെമിക്കുകള്‍, കോര്‍പ്പറേറ്റ് അധീശത്വം എന്നിവ സമൂഹത്തെ വരിഞ്ഞുമുറുക്കുന്ന ബയോ-എന്‍ജിനീയറിങ് ഡിസ്റ്റൊപ്പിയയുടെ ചിത്രമാണ് വരച്ചുകാട്ടുന്നത്. ഒറിക്സ് ആന്‍ഡ് ക്രേക്ക് (2003), പിന്നീട് ദി ഇയര്‍ ഓഫ് ദി ഫ്‌ലഡ് (2009) എന്നിവയില്‍ ആരംഭിച്ച ഈ ഡിസ്റ്റോപ്പിയന്‍ ട്രൈലോജിയുടെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണ് മാഡ് ആദം. കിം സ്റ്റാന്‍ലി റോബിന്‍സന്റെ ദി മിനിസ്ട്രി ഫോര്‍ ദി ഫ്യൂച്ചര്‍ (The Ministry for the Future, 2020) ഈ വീക്ഷണത്തെ ആഗോളതലത്തിലേക്ക് വികസിപ്പിക്കുകയും രാഷ്ട്രീയവും സാങ്കേതികവുമായ ഇടപെടലുകളിലൂടെ കാലാവസ്ഥാത്തകര്‍ച്ച ലഘൂകരിക്കാനുള്ള ആഗോള ശ്രമത്തെ നവഭൗതികവാദപരമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. റോബിന്‍സന്റെ ആഖ്യാനം മനുഷ്യകേന്ദ്രിത ഏജന്‍?സിയെ നിരാകരിക്കുന്നുണ്ട്. ഷോര്‍ട്ട് ഫിക്ഷനും ഈ പരിവര്‍ത്തനങ്ങളെ സ്വാംശീകരിക്കുന്നുണ്ട്. ടെഡ് ചിയാങ്ങിന്റെ എക്‌സ്ഹലേഷന്‍ (Ted Chiang, Exhalation, 2019), നംവാലി സെര്‍ പെല്ലിന്റെ ദി ഓള്‍ഡ് ഡ്രിഫ്റ്റ് (Namwali Serpell, The Old Drift (2019) തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. സങ്കര ജീവരൂപങ്ങള്‍, സഹജീവിഭാവികള്‍, പാരിസ്ഥിതികബന്ധുത്വം എന്നിവ സങ്കല്പിക്കുന്നതിലൂടെ, പുതിയ നൂറ്റാണ്ടിലെ ഫിക്ഷന്‍ മനുഷ്യാനുഭവങ്ങളുടെ മറ്റൊരു ദാര്‍ശനികതലത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സമകാലിക സാഹിത്യത്തിന്റെയും നവഭൗതികവാദ ദര്‍ശനത്തിന്റെയും വിചാരമാതൃകകള്‍ പലതലങ്ങളിലായി കൂടിക്കലരുന്നുണ്ട്. മലയാളത്തില്‍ 'ആവാസവ്യൂഹം' പോലുള്ള സിനിമകള്‍ ഈ പുതിയ ഭാവുകത്വമേഖലയില്‍ നിലകൊള്ളുന്നവയാണ്. മലയാളത്തിലും കഥയിലും നോവലിലും ഏതാണ്ട് ഏകകാലത്തുതന്നെ ഇത്തരത്തില്‍ സവിശേഷമായ ഭാവുകത്വപരിണാമം സംഭവിക്കുന്നുണ്ട്. സാറ ജോസഫ്, സുഭാഷ്ചന്ദ്രന്‍, കെ.ആര്‍. മീര, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, എസ്. ഹരീഷ്, കെ.വി. പ്രവീണ്‍, എം. നന്ദകുമാര്‍, ഇന്ദുഗോപന്‍, കെ.വി മണികണ്ഠന്‍, കെ.പി.രാമനുണ്ണി, വി.എം. ദേവദാസ്, പി.വി. ഷാജികുമാര്‍, ഇന്ദുമേനോന്‍ തുടങ്ങി നിരവധി എഴുത്തുകാരുടെ രചനകളില്‍ ഈ ദാര്‍ശനിക പരിണാമത്തിന്റെ മുദ്രകള്‍ കണ്ടെത്തുവാന്‍ കഴിയും. ഈ അന്വേഷണത്തില്‍ ഞാന്‍ രാമനുണ്ണിയുടെ ചില ചെറുകഥകള്‍മാത്രം കേന്ദ്രീകരിച്ചുള്ള ചര്‍ച്ചയ്ക്കാണ് മുതിരുന്നത്.


Related Articles