മാജിക്കൽ റിയലിസവും ഡയസ്പൊറയും

Book Review

മാജിക്കൽ റിയലിസവും ഡയസ്പൊറയും


ഡിസി ബുക്സിന്റെ സുവർണ്ണ ജൂബിലി നോവൽ മത്സരം - 2024 ൽ പ്രത്യേക പുരസ്കാരം നേടിയ സുരേഷ് കുമാർ വി യുടെ നോവൽ "ഡയാസ്പൊറ" വായിച്ചത് ഈയിടെയാണ്. അടുത്ത കാലത്ത് വായിച്ച നോവലുകളിൽ ഏറെ ഇഷ്ടപ്പെട്ട ഒന്ന്. മട്ടാഞ്ചേരിയിൽ ജീവിക്കുന്ന സോളമൻ ഹലേഗ്വാ എന്ന വൃദ്ധനായ ജൂതന്റെ ജീവിതവും അവസാന ദിനങ്ങളുമാണ് നോവലിന്റെ പ്രമേയം. സ്ലോമോ മുത്തയും അയാളുടെ പന്ത്രണ്ടു പൂച്ചകളും സഹായികളായ ലാസറും മാർത്തയും വലിയ വീടും ഒക്കെ ചേർന്ന ഒരു മായിക പ്രപഞ്ചമാണ് നോവൽ. ദേശവും രാജ്യവും സ്വന്തമായില്ലാത്തവരുടെ കഥ. യാഥാർഥ്യവും, സങ്കല്പങ്ങളും, സ്വപ്നങ്ങളുമെല്ലാം ഇടകലർന്ന ഒരു ലോകം. മാർക്കേസിന്റെയും മറ്റും നോവലുകളിൽ അനുഭവിക്കുന്ന മാജിക്കൽ റിയലിസം മട്ടാഞ്ചേരിയിലെ ജൂതത്തെരുവുകളിലേക്കിറങ്ങി വന്ന് നമ്മെ കൈപിടിച്ച് കൂടെ കൊണ്ടുപോകുന്ന വായനാ പ്രപഞ്ചം.

മനുഷ്യന്റെ സ്വത്വ പ്രതിസന്ധി ദേശാന്തരങ്ങൾ കടന്നും മനുഷ്യനെ വിടാതെ പിന്തുടരുന്ന ഒരു പ്രമേയം ആണ്. കൊച്ചിയിലെ ജൂത തെരുവും ഇസ്രായേലിലെ യഹൂദന്മാരും പ്രാചീനവും സമകാലികവുമായ ചരിത്രവും ആചാര പെരുമകളും മനുഷ്യ ബന്ധങ്ങളും ഒക്കെ കൂടിക്കുഴഞ്ഞ മായികമായ ഒരു ലോകമാണ് ഡയാസ്പൊറയിലേത്.

സോളമൻ ഹാലെഗ്വ എന്ന സ്ലോമോ മുത്തയുടെ യാഥാർഥ്യവും സ്വപ്നവും കൂടിക്കലർന്ന കഥാപ്രപഞ്ചം, മുത്തയും വീട്ടിലെ പരിചാരകർ ആയ ലാസറും മാർത്തയും പിന്നെ മുത്തയുടെ പന്ത്രണ്ടു പൂച്ചകളും ഒപ്പം മുത്തയുടെ ഭൂതകാലത്തിലെയും വർത്തമാനത്തിലെയും ഓർമകളും ബന്ധുക്കളും കൂട്ടുകാരും മട്ടാഞ്ചേരിയിലെ അപരിമേയമായ തെരുവും ഒക്കെ ചേർന്നാണ് ഈ നോവലിലെ മായികത ഉൾച്ചേർന്നു നിവരുന്നത്. വായിച്ചു പോകുന്ന ഓരോ ചെറു കഥാപാത്രങ്ങൾ വരെ വ്യക്തിത്വം കൊണ്ടും ആഴത്തിലുള്ള അനുഭവ പരപ്പ് കൊണ്ടും മായാതെ മനസ്സിൽ നിൽക്കുന്ന എഴുത്ത്. മുത്തയോടൊപ്പം മനസ്സിലേക്ക് കയറിക്കൂടുന്ന പ്രധാന രണ്ടു കഥാപാത്രങ്ങൾ ആണ് മാർത്തയും ലാസറും.


Related Articles