ഒരു കാറിന്റെ ഹോണടികൊണ്ടുമാത്രം ഒരു വലിയ ബിസിനസ് സാമ്രാജ്യം തകർന്നുവീണ കഥ കേട്ടിട്ടുണ്ടോ?
ഞാൻ കേട്ടിരുന്നില്ല; ഈ നോവൽ വായിക്കും വരെ!
ത്രില്ലർ പുസ്തകങ്ങൾ ധാരാളമായി മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ടെങ്കിലും പലപ്പോഴും നമ്മുടെ ത്രില്ലർ നോവലുകൾ 'പോലീസ് പ്രോസീഡ്യൂറലുകൾ' മാത്രമായി ചുരുങ്ങിപ്പോകുന്നു എന്ന് തോന്നിയിട്ടുണ്ട്. ഏതെങ്കിലുമൊരു പ്രത്യേക സംഭവം/കൊലപാതകം, അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം, ഒടുവിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ മുന്നേറി വായനക്കാരന് ഊഹിക്കാൻ പറ്റാത്ത മട്ടിലൊരു വില്ലൻ കഥാപാത്രത്തെ അനാവരണം ചെയ്തുകൊണ്ടുള്ള പര്യവസാനം—ഈ പരിചിത ടെംപ്ലേറ്റ് പിന്തുടരുന്ന കഥപറച്ചിലിന് ഒരു അപവാദമാണ് 'ഉറക്കപിശാചി'നും 'വരത്തുപോക്കി'നും ശേഷം ശ്രീ എസ് പി ശരത്' എഴുതി ഡി സി ബുക്സ് പുറത്തിറക്കിയ 'കോണ്ടെസ്സ' എന്ന നോവൽ. ജനപ്രിയ വായനക്കാരെയും ഗൗരവ വായനക്കാരെയും ഒരുപോലെ ആകർഷിച്ച ആദ്യ രണ്ട് പുസ്തകങ്ങൾക്കുശേഷം എഴുത്തുകാരൻ എന്താണ് വായനയ്ക്കായി ഒരുക്കിയിരിക്കുന്നത് എന്ന കൗതുകം തന്നെയായിരുന്നു ഈ നോവൽ വായനയ്ക്കായി എടുക്കുമ്പോൾ ആദ്യം മനസ്സിലുണ്ടായിരുന്നത്.
