എല്ലാം തികഞ്ഞൊരു ഡിറ്റക്ടീവിന്‍റെ പിറവി

Book Review

എല്ലാം തികഞ്ഞൊരു ഡിറ്റക്ടീവിന്‍റെ പിറവി


മലയാള സാഹിത്യത്തിൽ കുറ്റാന്വേഷണ ഉപശാഖ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതിനും ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുൻപ് ലക്ഷണമൊത്ത കുറ്റാന്വേഷണ നോവലുകൾ മലയാള വായനക്കാർക്കു സമ്മാനിച്ച എഴുത്തുകാരനാണ് അൻവർ അബ്ദുള്ള. ഡിറ്റക്ടീവ് പെരുമാൾ എന്ന കുറ്റാന്വേഷകന് ആദ്യ പുസ്തകങ്ങളിൽ സേതുരാമയ്യരുടെ സ്വാധീനം കാര്യമായി ഉണ്ടായിരുന്നെങ്കിൽ പിന്നീട് ആ കഥാപാത്രത്തിന് സ്വന്തമായൊരു വ്യക്തിത്വം കൈവരുന്നത് നാം കണ്ടു. പല കാരണങ്ങൾ കൊണ്ടും ഇറങ്ങിയ കാലഘട്ടത്തിൽ അർഹിച്ച വായന ആ പുസ്തകങ്ങൾക്ക് ലഭിച്ചില്ല എങ്കിലും 2019 ന് ശേഷം മലയാളികൾ ആ പുസ്തകങ്ങളെ വീണ്ടെടുക്കുകയും വളരെയധികം അവ വായിക്കപ്പെടുകയും ചെയ്തു (വ്യക്തിപരമായി പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ റിപ്പബ്ലിക്ക് പോലുള്ള പുസ്തകങ്ങളാണ് എനിക്ക് കൂടുതൽ പ്രിയപ്പെട്ടതെങ്കിലും). ഈ ഒരു പശ്ചാത്തലത്തിലാണ് പുതിയൊരു കുറ്റാന്വേഷകനെ ഡിറ്റക്ടീവ് ജിബ്‌രീലിലൂടെ എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്.

പ്രമാദമായ ഒരു കേസ്സിന്റെ കോടതി നടപടികൾ കഴിഞ്ഞു വീട്ടിലേക്കെത്തുന്ന അഡ്വക്കേറ്റ് പോൾ എന്ന മുതിർന്ന അഭിഭാഷകൻ ഒരു അപകടത്തിൽപ്പെടുകയും അദ്ദേഹം കോമയിൽ ആകുകയും ചെയ്യുന്നു അതിന് പിന്നിലുള്ള ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണമാണ് കോമ എന്ന പുസ്തകത്തിന്റെ കഥാതന്തു. ഭാര്യയിൽ നിന്നും അകന്നു കഴിയുന്ന പോളിന്റെ അപകടത്തിന് പിന്നിൽ അയാളുടെ മകൻ തന്നെയായിരുന്നു എന്ന് പോലീസ് കണ്ടെത്തുന്ന ഘട്ടത്തിൽ ഡിറ്റക്ടീവ് ജിബ്‌രീൽ രംഗപ്രവേശം നടത്തുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ ചുരുളഴിക്കുന്ന രഹസ്യങ്ങൾ പുസ്തകത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.

അൻവർ മാഷിന്റെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളവർക്ക് അദ്ദേഹത്തിന്റെ ഭാഷാ ശൈലിയെപ്പറ്റിയും, നരേറ്റീവില്‍ അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങളെപ്പറ്റിയും കൃത്യമായ ധാരണ ഉണ്ടാകും. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലും, റിപ്പബ്ലിക്കിലും എല്ലാം അത് പരിചയിച്ചിട്ടുള്ളതുമാണ്. കോമയിലേക്കെത്തുമ്പോൾ പതിവിനു പുറത്ത് വലിയ പരീക്ഷണങ്ങൾക്കൊന്നും മുതിർന്നിട്ടില്ലെങ്കിൽപോലും ഭാഷാപരമായും, ഘടനാപരമായും ഈ വിഭാഗത്തിൽ വളരെ മികച്ച ഒരു സൃഷ്ടി തന്നെ നൽകുവാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഭാഷാപരമായി പൾപ്പ് കുറ്റാന്വേഷണ കൃതികൾക്കു മുകളിൽ നിൽക്കുമ്പോഴും സങ്കീര്‍ണ്ണ സാഹിത്യത്തിലേക്ക് പുസ്തകം കടക്കുന്നുമില്ല.


Related Articles