“We had nothing else – no money, no bikes, no summer camps, no vacations. Nothing, except one another. To us, that was all that mattered.”
Lorenzo Carcaterra, Sleepers
1996 ൽ പുറത്ത് വന്ന പ്രശസ്ത ചലച്ചിത്രത്തിന് പ്രചോദനമായ നോവലിലെ വരികളാണ്. ലോറൻസോ കാർക്കറ്റേറ എന്ന നോവലിസ്റ്റ് തന്റെ ജീവിതത്തിന്റെ പ്രതിഫലനമാണ് നോവൽ എന്ന് പറഞ്ഞിട്ടുണ്ട്. ന്യൂയോർക്കിനടുത്തുള്ള ഹെൽസ് കിച്ചൺ എന്ന ശാഖാപട്ടണത്തിൽ ജീവിതത്തിന്റെ അധോപാതകളിൽ പെട്ടുപോയ നാല് സുഹൃത്തുക്കളുടെ യൗവ്വനതീക്ഷ്ണദിവസങ്ങളുടെ ചോര ചീന്തിയ ഒരേട് ആയിരുന്നു നോവൽസാരവും ചലച്ചിത്ര ഉള്ളടക്കവും. ആദർശ് മാധവൻകുട്ടിയുടെ “ചെറുക്കൻ” എന്ന നോവൽ വായിച്ചിരുന്നപ്പോൾ ഈ ബാരി ലെവിൻസൻ ചിത്രത്തിന്റെ ഫ്രെയ്മുകൾ മനസ്സിലോടി. നോവലിലെ കഥാപാത്രങ്ങളായ മനുവിന്റെയും സഞ്ജുവിന്റെയും എൽടിടിഇ കരീമിന്റെയും അണ്ണൻ ബിജുവിന്റെയും മുഖങ്ങൾക്ക് ബില്ലി ക്രഡ്രിപ്പിന്റെയും, ബ്രാഡ് പിറ്റിന്റെയും, ജേസൺ പാട്രിക്കിന്റെയും, ജോൺ എൽഡാർഡിന്റെയും മുഖഛായ കൈവന്നു. ഒരു സിനിമയുടെ ദൃശ്യാനുഭവരസം “ചെറുക്കൻ” പകർന്നു.
