ഒരുപാട് അടരുകളുള്ള നോവല്‍ ആണ് കാന്തല്‍. കാന്തല്‍ എന്ന പേരു തന്നെ ആകർഷകമാണ്. എന്തോ ഒരു വേദന - ആത്മവേദനയാണോ ശാരീരികവേദനയാണോ എന്താണെന്നറിയാതെ നോവലിലേക്ക് കടന്നപ്പോൾ മിത്ര എന്ന കഥാപാത്രത്തില്‍ അത് രണ്ടും അറിഞ്ഞു.
കാന്തൽ ഒരു ഓട്ടോഫിക്ഷനായി തോന്നും. ചന്ദ്രികയെ എനിക്ക് വര്‍ഷങ്ങളോളമായി അറിയാം. വളരെ ഊഷ്മളമായ ബന്ധമുണ്ട്. മിത്ര ചന്ദ്രികയുടെ ഒരു റിഫ്ളക്ഷന്‍ ആണ് എന്നെനിക്കു തോന്നി. നമ്മള് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇടതുവശം വലതുവശം ആയിട്ടു തോന്നും, വലതുവശം ഇടതുവശം ആയിട്ടു തോന്നും. ആ വ്യത്യാസം ഇവര്‍ക്കു തമ്മിലുണ്ട്.
മിത്രയുടെ കഥയാണിത്. അവളുടെ ഉള്ളിലെ കാന്തലാണ് ഈ നോവലിലുള്ളത്. മിത്രയുടെ ഉള്ളിലെ തീയാണ് കാന്തൽ. അതിലൂടെ സ്ത്രീപുരുഷബന്ധങ്ങളുടെ വിവിധ തലങ്ങള്‍, പ്രായോഗികതകള്‍, അത് വിശേഷിച്ച് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന വൈകാരിക പ്രക്ഷുബ്ധതകള്‍ എല്ലാം ശക്തമായി ഈ നോവലിലുണ്ട്.
