കഥകൾ മനുഷ്യനെ വൈചിത്ര്യംകൊണ്ട് സ്നാനം ചെയ്യിക്കുന്നു. യുക്തിക്കും അയുക്തിക്കും ഇടയിലൂടെയാണ് കഥകൾ താളം തെറ്റാതെ മറുപുറം കടക്കുക. കൈവരികളില്ലാത്ത ദീർഘദൂര പാലം, താഴെ കടൽ. കടൽക്കാറ്റിന്റെ ഉപ്പുപ്പശ തീണ്ടാതെ നടന്നുപോവാൻ സാധിക്കുകയില്ല.
പ്രണയത്താൽ പൊള്ളാത്ത മനുഷ്യരുണ്ടാവുമോ? എങ്കിൽ അവരുടെയൊക്കെ ജീവിതം എങ്ങിനെയായിരിക്കും? പ്രേമത്തിൽ കുരുങ്ങിപ്പോയ മൃദുമനുഷ്യരോട് ചോദിച്ചു നോക്കൂ. വേദനയുടെ കൊടുംലഹരിയിൽ ആ മൗനംപോലും അവരുടെ പ്രണയകഥ നിങ്ങളോട് പറയും.
ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ "വെള്ളത്തിനു കെടുത്താൻ കഴിയാത്തത്" കാവ്യാത്മകമായ പ്രണയപാനീയമാണ്. ലോക പ്രശസ്ത കവി പിബി ഷെല്ലിയുടെ ഏറ്റവും ക്രൂരമായ കവിതയായി ഹാരിയറ്റ് വെസ്റ്റ് ബ്രൂക്ക് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നത് കാണാം. കഥ ഭാഷയുടെ അതിരു ഭേദിക്കുന്ന, പ്രണയംതന്നെ ഭാഷയായി മാറുന്ന, ലോകവിസ്തൃതിയാണ് അത്ഭുതപ്പെടുത്തുന്നത്.
"Thou child of love and light and purity
Harriet! I do not love thee with a love…”
